ലണ്ടന്‍: ഐപിഎല്‍ പതിമൂന്നാം സീസണിന് മുന്‍പ് രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. പരിക്കേറ്റ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് ഈ സീസണ്‍ നഷ്‌ടമാകും. വലത് കൈക്കുഴയ്‌ക്ക് പരിക്കേറ്റതാണ് ആര്‍ച്ചര്‍ക്ക് തിരിച്ചടിയായത്. ഐപിഎല്ലിന് പുറമെ ശ്രീലങ്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയും താരത്തിന് നഷ്‌ടമാകും.

ഇന്നലെ സ്‌കാനിംഗിന് വിധേയനായ ആര്‍ച്ചറുടെ പരിക്ക് സ്ഥിരീകരിച്ചതായി ഇംഗ്ലീഷ് ആന്‍ഡ് വെയ്‌ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി. ഇംഗ്ലീഷ് ടീമിന്‍റെ മെഡിക്കല്‍ സംഘത്തിനൊപ്പം ആര്‍ച്ചര്‍ ചികിത്സ തുടരും. ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ താരം തിരിച്ചെത്തുമെന്നാണ് ഇംഗ്ലീഷ് ബോര്‍ഡിന്‍റെ പ്രതീക്ഷ. 

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മൂന്നാം ടെസ്റ്റ് കളിക്കാതെ ആര്‍ച്ചര്‍ നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു. മാര്‍ച്ച് 19നാണ് ഇംഗ്ലണ്ടിന്‍റെ ലങ്കന്‍ പര്യടനം ആരംഭിക്കുന്നത്. ഡിസംബറിലാണ് അവസാനമായി ആര്‍ച്ചര്‍ ടെസ്റ്റ് മത്സരം കളിച്ചത്. 

മാര്‍ച്ച് 23നാണ് ഐപിഎല്‍ 13-ാം സീസണിന് തുടക്കമാകുന്നത്. മെയ് 24നാണ് ഫൈനല്‍. ഐപിഎല്ലില്‍ 2018ല്‍ രാജസ്ഥാനായി അരങ്ങേറിയ ജോഫ്ര ആര്‍ച്ചര്‍ 15 വിക്കറ്റ് വീഴ്‌ത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ 11 വിക്കറ്റും നേടി. രണ്ട് സീസണുകളിലുമായി 82 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം.