കേരള ക്രിക്കറ്റ് ലീഗിലെ ആവേശപ്പോരാട്ടത്തിൽ ട്രിവാണ്‍ഡ്രം റോയല്‍സിനെ 11 റൺസിന് തോൽപ്പിച്ച് ഏരീസ് കൊല്ലം സെയിലേഴ്സ്. ആദ്യം ബാറ്റ് ചെയ്ത് 202 റൺസ് നേടിയ കൊല്ലത്തിനായി അർദ്ധ സെഞ്ചുറി നേടിയ അരുൺ പൗലോസ് കളിയിലെ താരമായി. മറുപടി ബാറ്റിംഗിൽ റോയൽസിന്റെ പോരാട്ടം 191 റൺസിൽ അവസാനിച്ചു.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാണ്‍ഡ്രം റോയല്‍സിനെതിരെ ഏരീസ് കൊല്ലം സെയിലേഴ്സിന് 11 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് മാത്രമാണ് നേടാനായത്. അര്‍ദ്ധ സെഞ്ചുറിയുമായി സെയിലേഴ്സിന് വിജയമൊരുക്കിയ അരുണ്‍ പൗലോസാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഏരീസ് കൊല്ലം സെയിലേഴ്സ് - 20 ഓവറില്‍ 202/6, ട്രിവാണ്‍ഡ്രം റോയല്‍സ് - 20 ഓവറില്‍ 191/7.
അരുണ്‍ പൗലോസിന്റെ വെടിക്കെട്ട് തുടക്കമാണ് കൊല്ലത്തിന്റെ കൂറ്റന്‍ സ്കോറിന് അടിത്തറയിട്ടത്. പേസര്മാരെന്നോ സ്പിന്നര്മാരെന്നോ വ്യത്യാസമില്ലാതെ എതിര് ബൗളര്‍മാരെ കടന്നാക്രമിച്ച അരുണ്‍, ഗാലറിയെ ആവേശക്കടലാക്കി. ടൂര്‍ണ്ണമെന്റിലെ ഏറ്റവും പ്രായമേറിയ താരം കൂടിയായ അരുണ്‍ തകര്‍പ്പന്‍ ബൗണ്ടറിയോടെയാണ് സ്കോറിങ്ങിന് തുടക്കമിട്ടത്. വെറും 26 പന്തില്‍ അര്‍ദ്ധസെഞ്ചുറി തികച്ച താരം 32 പന്തുകളില്‍ നിന്ന് 62 റണ്‍സാണ് നേടിയത്. ആറ് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു അരുണിന്റെ ഇന്നിങ്സ്. അരുണിന്റെ മികവില്‍ 10.1 ഓവറില്‍ കൊല്ലത്തിന്റെ സ്കോര്‍ 100 കടന്നു.
തുടര്‍ന്ന് നായകന് വത്സല്‍ ഗോവിന്ദും ആനന്ദ് കൃഷ്ണനും ചേര്‍ന്ന കൂട്ടുകെട്ടും കൊല്ലത്തിന്റെ സ്കോര്‍ അതിവേഗം മുന്നോട്ടു നീക്കി. വത്സല്‍ ഗോവിന്ദ് 43ഉം ആനന്ദ് കൃഷ്ണന് 35ഉം റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച അജിനാസിന്റെയും അര്ജുന് വേണുഗോപാലിന്റെയും ഇന്നിങ്സുകളാണ് കൊല്ലത്തിന്റെ സ്കോര്‍ 200 കടത്തിയത്. അജിനാസ് ഏഴ് പന്തുകളില്‍ 16 റണ്‍സും അര്ജുന് ആറ് പന്തുകളില്‍ 17 റണ്‍സും നേടി. ട്രിവാണ്‍ഡ്രം റോയല്‍സിനു വേണ്ടി രാഹുല്‍ ചന്ദ്രനും എം നിഖിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാണ്‍ഡ്രം റോയല്‍സിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. അഭിഷേക് പി. നായരും കൃഷ്ണപ്രസാദും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 25 റണ്‍സെടുത്ത അഭിഷേക് പുറത്തായെങ്കിലും, പകരമെത്തിയ വിഷ്ണു വിനോദുമായി ചേര്‍ന്ന് ക്യാപ്റ്റന്‍ കൃഷ്ണപ്രസാദ് അതിവേഗം ഇന്നിങ്സ് മുന്നോട്ടു നീക്കി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 48 റണ്‍സ് പിറന്നു. 26 റണ്‍സെടുത്ത വിഷ്ണു വിനോദിനെ പുറത്താക്കി കെ ജി അഖിലാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്.
കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടും റോയല്‍സിന് പ്രതീക്ഷ നല്കി. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായത് റോയല്‍സിന് തിരിച്ചടിയായി. റോയല്‍സിന്റെ മറുപടി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സിലവസാനിച്ചു. കൃഷ്ണപ്രസാദ് 53ഉം ഗോവിന്ദ് പൈ 32 റണ്‍സുമാണ് നേടിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കെ ജി അഖിലാണ് കൊല്ലം ബൗളിങ് നിരയില്‍ തിളങ്ങിയത്.

