ദുബായ്: ഫീല്‍ഡില്‍ ദക്ഷിണാഫ്രിക്കയുടെ പറക്കും താരമായിരുന്നു ജോണ്ടി റോഡ്സ്. 1992ലെ ഏകദിന ലോകകപ്പില്‍ റോഡ്സെടുത്ത പറക്കും ക്യാച്ചും ഇന്‍സമാമിനെ റണ്ണൗട്ടാക്കിയ ഡൈവിംഗുമൊന്നും ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. 2003ലെ ഏകദിന ലോകകപ്പിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച റോഡ്സ് പിന്നീട് ദക്ഷിണാഫ്രിക്ക, കെനിയ ടീമുകളുടെ ഫീല്‍ഡിംഗ് പരിശീലകനായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വീഡന്‍ ദേശീയ ടീമിന്റെ പരിശീലകനാണ് റോഡ്ഡ്.

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ഫീല്‍ഡിംഗ് പരിശീലകന്‍ കൂടിയായ 51കാരനായ റോഡ്സ് ഇപ്പോഴും പന്ത് പറന്നു പിടിക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിക്കുകയാണ്. കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ക്യാച്ചിംഗ് പരിശീലന സെഷനിലാണ് റോഡ്സ് താരങ്ങള്‍ക്ക് മുന്നില്‍ പന്ത് പറന്നുപിടിച്ച് കിംഗ്സിന്റെ യുവതുര്‍ക്കികളെപ്പോലും ഞെട്ടിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് റോഡ്സിനെ സ്വീഡന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചത്. ദക്ഷിണാഫ്രിക്കക്കായി 52 ടെസ്റ്റിലും 245 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള റോഡ്സ്  ടെസ്റ്റില്‍ 2532 റണ്‍സും ഏകദിനത്തില്‍ 5935 റണ്‍സും നേടിയിട്ടുണ്ട്. 2003ലെ ഏകദിന ലോകകപ്പിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച റോഡ്സ് പിന്നീട് ദക്ഷിണാഫ്രിക്ക, കെനിയ, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമുകളുടെ ഫീല്‍ഡിംഗ് പരിശീലകനായി പ്രവര്‍ത്തിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്കും റോഡ്സ് നേരത്തെ അപേക്ഷിച്ചിരുന്നു. ഇന്ത്യയെ ഏറെ സ്നേഹിക്കുന്ന റോഡ്സ് തന്റെ രണ്ടാം ഭാര്യ മിലാനിയിലുണ്ടായ പുത്രിക്ക് ഇന്ത്യ ജീന്നി റോഡ്സ് എന്നാണ് പേരിട്ടത്.