ദുബായ്: ക്രിക്കറ്റ് ലോകം ഐപിഎല്‍ ആവേശത്തില്‍ അമരാന്‍ ഇനി ഒരാഴ്ച കൂടി. കൊവിഡ് ഇടവേളക്കുശേഷം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ പന്തെറിയും മുമ്പെ കിരീടം ആര് നേടുമെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍.

ഇത്തവണ ഐപിഎല്‍ കിരീടത്തിന് പുതിയ അവകാശികളുണ്ടാകുമെന്നാണ് പീറ്റേഴ്സന്റെ പ്രവചനം. ഡല്‍ഹി ക്യാപിറ്റല്‍സായിരിക്കും ഇത്തവണ കിരീടം നേടുകയെന്നും പീറ്റേഴ്സണ്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇംഗ്ലണ്ട്- ഓസ്ട്രേലി ടി20 പരമ്പരയുടെ കമന്ററി പാനലിലുണ്ടായിരുന്ന പീറ്റേഴ്സണ്‍ ഐപിഎല്‍ കമന്ററി പറയാനായി ദുബൈയിലേക്ക് തിരിക്കുന്നതിന് മുമ്പാണ് വിജയികളെ തെരഞ്ഞെടുത്തത്.

മുന്‍ ഐപിഎല്‍ താരം കൂടിയായ പീറ്റേഴ്സണ്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍,. കിംഗ്സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സ് ടീമുകളെ പ്രതിനിധികരീച്ചിട്ടുണ്ട്.

ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍ ഇന്ത്യന്‍ യുവതാരങ്ങളുടെയും പരിചയസമ്പന്നരുടെയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാണ്. യുവതാരങ്ങളായ പൃഥ്വി ഷാ, ഋഷഭ് പന്ത്, ശ്രേയസ് എന്നിവടരങ്ങിയ ബാറ്റിംഗ് നിരയില്‍ ശിഖര്‍ ധവാനും അജിങ്ക്യാ രഹാനെയുമുണ്ട്.

ഇതുവരെ ഐപിഎല്‍ കിരീടം നേടാനോ ഫൈനലില്‍പോലും എത്താനോ ഡല്‍ഹിക്കായിട്ടില്ല. ഈ മാസം 20ന് ദുബായില്‍ കിംഗ്സ് അലവന്‍ പഞ്ചാബിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യമത്സരം.