ദുബായ്: നിര്‍ബന്ധിത ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയതോടെ ഐപിഎല്ലില്‍ ആറ് ടീമുകള്‍ വെള്ളിയാഴ്ച ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങും. ദുബായില്‍ ഹോട്ടല്‍ മുറികളില്‍ ക്വാറന്റീനില്‍ കഴിയുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, കിംഗ്സ് ഇലവന്‍ പഞ്ചാബ് ടീമുകളാണ് നാളെ മുതല്‍ പരിശീലനത്തിനിറങ്ങുക.

ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും അടങ്ങുന്ന സംഘം ബയോ സര്‍ക്കിള്‍ ബബ്ബിളിനികത്തായിരിക്കും കഴിയുക. അതേസമയം, അബുദാബിയില്‍ ക്വാറന്റീനില്‍ കഴിയുന്ന മുംബൈ ഇന്ത്യന്‍സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും പരിശീലനത്തിനിറങ്ങാന്‍ ഇനിയും ഒരാഴ്ച കൂടി കാത്തിരിക്കേണ്ടിവരും. അബുദാബി നഗരത്തില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ കാലാവധി 14 ദിവസമാണ്. ദുബായില്‍ ഏഴ് ദിവസവും. ഇതാണ് മുംബൈയുടെയും കൊല്‍ക്കത്തയുടെയും കാത്തിരിപ്പ് നീട്ടിയത്.

ഈ മാസം 20നാണ് കൊല്‍ക്കത്ത അബുദാബിയിലെത്തിയത്. മുംബൈ 21നും അബുദാബിയില്‍ എത്തി. അതേസമയം, മറ്റ് ടീമുകള്‍ പരിശീലനത്തിന് ഇറങ്ങുന്ന സാഹചര്യത്തില്‍ മുംബൈക്കും കൊല്‍ക്കത്തക്കും ഇളവ് അനുവദിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

മൂന്ന് ഘട്ടമായാണ് യുഎഇയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക. ആദ്യഘട്ടത്തില്‍ അബുദാബിയില്‍ 21 മത്സരങ്ങളും രണ്ടാംഘട്ടത്തില്‍ ദുബായില്‍ 21 മത്സരങ്ങളും മൂന്നാം ഘട്ടത്തില്‍ ഷാര്‍ജയില്‍ 14 മത്സരങ്ങളും നടക്കും.