മുംബൈ: കൊവിഡ് 19 കായികലോകത്തെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അമേരിക്കന്‍ പ്രൊഫഷണല്‍ ബാസ്‌ക്കറ്റ്ബോള്‍ ലീഗായ എന്‍ബിഎ മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരുന്നു. എന്‍ബിഎ താരങ്ങളില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് തീരുമാനം. ഫുട്‌ബോളില്‍ സീരി എ മത്സരങ്ങളും നിര്‍ത്തിവെക്കാന്‍ നേരത്തെ തീരുമാനമായിരുന്നു. ഇതിനിടെ ഐപിഎല്‍ മാറ്റിവെക്കണമെന്ന് വാദം വന്നു. 

ഇപ്പോഴിതാ ഐപിഎല്ലിന്‍റെ കാര്യത്തിലും ഒരു തീരുമാനമായിരിക്കുകയാണ്. മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം നിര്‍ദേശിച്ചത്. കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താന്‍ തയാറാവുകയാണെങ്കില്‍ മാത്രം മത്സരങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. 

ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കാണമെന്ന് കര്‍ണാടക സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഒമ്പത് സംസ്ഥാനങ്ങളിലായി 60 ഐപിഎല്‍ മത്സരങ്ങളാണ് നടക്കേണ്ടത്. ഇതില്‍ രണ്ട് സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്താനിടയുണ്ടെന്നാണ് ബിസിസിഐ അധികൃതരുടെ വിലയിരുത്തല്‍. 

മഹാരാഷ്ട്രയിലും കര്‍ണാടകയിലും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. കൊവിഡ് 19 ആശങ്കക്കിടയിലും വിരമിച്ച താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന റോഡ് സേഫ്റ്റി സീരീസീന് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇനിയുള്ള മത്സരങ്ങള്‍ കാണികള്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കുകയില്ല. 

ഐപിഎല്‍ ആദ്യഘട്ടത്തില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായിരുന്നു. ഏപ്രില്‍ 15വരെ സന്ദര്‍ശക വിസ അപേക്ഷകളെല്ലാം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണിത്.