മുംബൈ: ഐപിഎല്ലിന് മുന്നോടിയായുള്ള ബൗളിംഗ് പരിശീലനത്തിനിടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര ആറ് ബൗളര്‍മാരുടെ ആക്ഷന്‍ അനുകരിക്കുന്ന വീഡിയോ മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇവരാരൊക്കെയാണെന്ന് പറയാമോ എന്നായിരുന്നു വീഡിയോക്കൊപ്പം ആരാധരോടായി മുംബൈ ഇന്ത്യന്‍സ് ചോദിച്ചത്. ഇതിന് താഴെ നിരവധി കമന്റുകളുമെത്തി.

പലരും കമന്റിലൂടെ തര്‍ക്കിക്കുകയും ചെയ്തു. എന്നാല്‍ ബുമ്ര നെറ്റ്സില്‍ അനുകരിച്ച ആറ് ബൗളര്‍മാര്‍ ആരൊക്കെയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുംബൈ ഇപ്പോള്‍. മുംബൈയുടെ തന്നെ താരമായ ലസിത് മലിംഗ, ഓസീസ് ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്ത്, ഇന്ത്യന്‍ പേസറായിരുന്ന ആശിഷ് നെഹ്റ, ഇന്ത്യന്‍ താരം കേദാര്‍ ജാദവ്, അഫ്ഗാന്‍ താരം റാഷിദ് ഖാന്‍, ഇന്ത്യയുടെ അനില്‍ കുംബ്ലെ എന്നിവരുടെ ബൗളിംഗ് ആക്ഷകളാണ് ബുമ്ര നെറ്റ്സില്‍ അനുകരിച്ചതെന്നും എത്രപേര്‍ക്ക് ശരിയുത്തരം ലഭിച്ചുവെന്നുമാണ് മുംബൈ ട്വീറ്റിലൂടെ ചോദിക്കുന്നത്.

ബുമ്ര അനുകരിച്ച മക്‌ഗ്രാത്തിന്റെ ആക്ഷനെ മുനാഫ് പട്ടേലിന്റെ ആക്ഷനായാണ് ആരാധകരില്‍ പലരും തെറ്റിദ്ധരിച്ചത്. അതുപോലെ ആശിഷ് നെഹ്റയുടെ ആക്ഷന് പലരും മിച്ചല്‍ സ്റ്റാര്‍ക്കെന്നായിരുന്നു മറുപടി നല്‍കിയത്. ലസിത് മലിംഗ, കേദാര്‍ ജാദവ്, അനില്‍ കുംബ്ലെ എന്നിവരുടെ പേരുകളൊക്കെ ആരാധകര്‍ പറഞ്ഞുവെങ്കിലും പൂര്‍ണമായും ശരിയാക്കിയവര്‍ അപൂര്‍വമാണ്.