ബെംഗളൂരു: ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് പേര് മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്ന പേര് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നാക്കി മാറ്റാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ നിന്ന് ബാംഗ്ലൂർ എന്ന ഭാഗം ഒഴിവാക്കി റോയൽ ചലഞ്ചേഴ്‌സ് എന്ന് മാത്രമാക്കിയിട്ടുണ്ട്. ഞായറാഴ്‌ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. 

ബാംഗ്ലൂർ നഗരം ബെംഗളൂരു എന്ന് പുനനാമകരണം ചെയ്യപ്പെട്ടപ്പോള്‍ റോയൽ ചലഞ്ചേഴ്‌സ് ടീം പേര് മാറ്റിയിരുന്നില്ല. ഇതുവരെ ബാംഗ്ലൂർ എന്ന് തന്നെയായിരുന്നു ടീമിന്റെ പേരിനൊപ്പം ഉണ്ടായിരുന്നത്. എന്നാൽ ടീമിന്റെ പേരിൽ നിന്ന് ബാംഗ്ലൂർ മാറ്റി ബെംഗളൂരു എന്നാക്കണമെന്ന ആവശ്യം ചില ആരാധകർ നേരത്തെ ഉന്നയിച്ചിരുന്നു.

ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലെ ചിത്രങ്ങളും പോസ്റ്റുകളും അപ്രതീക്ഷിതമായി ബെംഗളൂരു കഴിഞ്ഞദിവസം നീക്കംചെയ്തത് ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നീക്കത്തില്‍ അമ്പരപ്പ് പ്രകടിപ്പിച്ച് നായകന്‍ വിരാട് കോലിതന്നെ രംഗത്തെത്തിയിരുന്നു. സൂപ്പര്‍താരം എ ബി ഡിവില്ലിയേഴ്‌സും സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും അമ്പരപ്പ് പ്രകടിപ്പിച്ച താരങ്ങളിലുണ്ട്.