മുംബൈ: അടുത്ത സീസണിലെ ഐപിഎൽ ക്രിക്കറ്റിന് മാർച്ച് 29ന് തുടക്കമാവും. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാംഖഡേ സ്റ്റേഡിയത്തിലായിരിക്കും ഉദ്ഘാടന മത്സരം. 

ഡൽഹി കാപിറ്റൽസ് ഒഫീഷ്യൽ, വാർത്താ ഏജൻസിയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മാ‍ർച്ച് 29ന് സീസണ്‍ തുടങ്ങുന്നതിനാൽ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ശ്രീലങ്ക ദേശീയ ടീമുകളിലെ താരങ്ങൾക്ക് ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾ നഷ്‌ടമാവും. ഇതേസമയം തന്നെ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെയും ന്യൂസിലൻഡ് ശ്രീലങ്കയെയും നേരിടുന്നതിനാലാണിത്. 

പ്രമുഖ ടീമുകൾ എതിർക്കുകയാണെങ്കിൽ ഏപ്രിൽ ആദ്യവാരത്തിലേക്ക് ഉദ്ഘാടനം മാറ്റിവയ്‌ക്കാനും സാധ്യതയുണ്ട്. ഐപിഎൽ ഗവേണിംഗ് കൗൺസിൽ ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.