മുംബൈ: ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെച്ച സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിന് യുഎഇ വേദിയാവുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍. ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗം ചേര്‍ന്നശേഷം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് ബ്രിജേഷ് പട്ടേല്‍ ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു. മത്സരക്രമത്തെക്കുറിച്ച് വ്യക്തമാക്കാന്‍ ബ്രിജേഷ് പട്ടേല്‍ തയാറായില്ലെങ്കിലും സെപ്റ്റംബര്‍ 26 മുതല്‍ നവംബര്‍ ഏഴ് വരെയായിരിക്കും ടൂര്‍ണമെന്റെന്നാണ് സൂചന.

ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളാകും ആകെയുണ്ടാകുക. ടി20 ലോകകപ്പ് മാറ്റിവെക്കുന്ന കാര്യത്തില്‍ ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപിനത്തിനായാണ് ബിസിസിഐ കാത്തിരുന്നതെന്നും അത് വന്ന സാഹചര്യത്തില്‍ ഇനി മറ്റ് കടമ്പകളൊന്നുമില്ലെന്നും യുഎഇയില്‍ ഐപിഎല്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലായിരിക്കും ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവുക. ഐപിഎല്ലിന് യുഎഇ വേദിയാവുമെന്ന കാര്യം ഫ്രാഞ്ചൈസികളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ബ്രിജേഷ് പട്ടേല്‍ വ്യക്തമാക്കി.


കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് മാര്‍ച്ച് 29ന് ആരംഭിക്കേണ്ട ഐപിഎല്‍ ആദ്യം ഏപ്രില്‍ 15വരെ നീട്ടിവെച്ചത്. എന്നാല്‍ കൊവിഡ് ഭീതി ഒഴിയാത്തതിനെത്തുടര്‍ന്ന് പിന്നീട് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് സംബന്ധിച്ച് ഐസിസി തീരുമാനം വൈകിയതും ബിസിസിഐയുടെ തീരുമാനം നീളാന്‍ കാരണമായി. നേരത്തെ ഇന്ത്യയില്‍ തന്നെ ഒന്നോ രണ്ടോ വേദികളില്‍ മാത്രമായി ഐപിഎല്‍ നടത്തുന്ന കാര്യം ബിസിസിഐ പരിഗണിച്ചിരുന്നു.

അഹമ്മദാബാദും ധരംശാലയുമായിരുന്നു ബിസിസിഐ വേദികളായി പരിഗണിച്ചത്.എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഐപിഎല്ലിന് വീണ്ടും വേദിയാവാനുള്ള അവസരം യുഎഇക്ക് ലഭിക്കുന്നത്. ഇത് രണ്ടാം തവണയാണ് യുഎഇ ഐപിഎല്ലിന് വേദിയാവുന്നത്. 2014ലെ പൊതു തെരഞ്ഞെടുപ്പ് സമയത്ത് ഐപിഎല്ലിലെ ആദ്യഘട്ടത്തില്‍ 20 മത്സരങ്ങള്‍ക്ക് യുഎഇ വേദിയായിരുന്നു.നവംബര്‍ ഏഴിനായിരിക്കും ഐപിഎല്‍ ഫൈനല്‍. ഡിസംബറിലെ ഓസ്ട്രേലിയന്‍ പര്യടനത്തിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മതിയായ വിശ്രമം അനുവദിക്കാനായാണ് നവംബര്‍ ഏഴിന് ഫൈനല്‍ നിശ്ചയിച്ചത്.