ബെംഗളൂരു: ആരാധകരെ അമ്പരപ്പിച്ച് ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നീക്കം. സാമൂഹ്യമാധ്യമങ്ങളായ ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയിലെ അക്കൗണ്ടുകളില്‍ നിന്ന് ചിത്രങ്ങള്‍ അപ്രതീക്ഷിതമായി നീക്കംചെയ്യുകയായിരുന്നു ക്ലബ്. മൂന്ന് മില്യണിലേറ ഫോളോവേഴ്‌സുള്ള ആര്‍സിബിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു ചിത്രംപോലും ഇപ്പോഴില്ല. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നീക്കത്തില്‍ അമ്പരപ്പ് പ്രകടിപ്പിച്ച് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ രംഗത്തെത്തി. ഐപിഎല്‍ 13-ാം സീസണ്‍ തുടങ്ങാന്‍ ആഴ്‌ചകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് സംഭവം. 'ഇതൊന്തൊരു ഗൂഗ്ലിയാണ്. എവിടെപ്പോയി നിങ്ങളുടെ പ്രൊഫൈല്‍ ചിത്രവും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും'- ചാഹല്‍ ട്വീറ്റ് ചെയ്തു. 

സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തതില്‍ ഹര്‍ഷാ ഭോഗ്‌ലെയും അമ്പരപ്പ് രേഖപ്പെടുത്തി. 'ഫേസ്‌ബുക്കിലും ട്വിറ്ററിലും പ്രൈഫൈല്‍ ചിത്രമില്ല, ഇന്‍സ്റ്റഗ്രാമിലെ എല്ലാ പോസ്റ്റുകളും നീക്കം ചെയ്തിരിക്കുന്നു, എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കെങ്കിലും അറിയുമോ' എന്നായിരുന്നു ഭോഗ്‌ലെയുടെ ട്വീറ്റ്.