ചെന്നൈ: എം എസ് ധോണിയുടെ ട്വന്‍റി 20 ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടിയായി കൊവിഡ് 19. ഐപിഎൽ ഉപേക്ഷിച്ചാൽ ധോണിക്ക് ഇന്ത്യൻ ടീമിൽ തിരിച്ചെത്തുക പ്രയാസമായിരിക്കും. ട്വന്‍റി 20 ലോകകപ്പ് ടീമിലെത്താൻ ധോണിക്ക് മുന്നിലുള്ള ഏക വഴിയാണ് ഐപിഎൽ എന്നതാണ് കാരണം. 

നിലവിൽ ഏപ്രിൽ പതിനഞ്ചിലേക്ക് മാറ്റിവച്ചിരിക്കുന്ന ഐപിഎൽ ഈ സീസണിൽ നടക്കുമോയെന്ന് ഇപ്പോഴും വ്യക്തമല്ല. ഐപിഎല്ലിലെ മികവ് നോക്കിയാവും ധോണിയെ ടീമിലേക്ക് പരിഗണിക്കുകയെന്ന് കോച്ച് രവി ശാസ്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. 

മുൻ മുഖ്യ സെലക്ടർ എം എസ് കെ പ്രസാദിനെപ്പോലെ ഇപ്പോഴത്തെ ചീഫ് സെലക്ടർ സുനിൽ ജോഷിയും ധോണി ഐപിഎല്ലിൽ മികവ് തെളിയിക്കണം എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ന്യൂസിലൻഡ് പര്യടനത്തിൽ കെ എൽ രാഹുൽ ബാറ്റിംഗിലും കീപ്പിംഗിലും മികവ് തെളിയിച്ചതും ധോണിക്ക് വെല്ലുവിളിയാണ്.

കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിന് ശേഷം ധോണി ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം പരിശീലനം പുനരാരംഭിച്ചെങ്കിലും കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ ധോണി നാട്ടിലേക്ക് മടങ്ങി. 

ന്യൂസിലൻഡ് പര്യടനത്തിൽ കിട്ടിയ രണ്ട് അവസരത്തിലും നിരാശപ്പെടുത്തിയ മലയാളിതാരം സഞ്ജു സാംസണും ലോകകപ്പ് ടീമിൽ സ്ഥാനം നേടാൻ ഐപിഎല്ലിലെ പ്രകടനം നിർണായകമാവും. ഐപിഎൽ ഉപേക്ഷിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്താൽ ധോണിക്കൊപ്പം സഞ്ജുവിനും ഇത് വലിയ തിരിച്ചടിയാവും. 

അതേസമയം, എം എസ് ധോണി ഇന്ത്യന്‍ ടീമിൽ തിരിച്ചെത്താനുള്ള സാധ്യത കുറവാണെന്ന് മുൻതാരം വിരേന്ദർ സെവാഗ് വ്യക്തമാക്കി. കെ എൽ രാഹുലും റിഷഭ് പന്തും ടീമിലുള്ളപ്പോൾ ടീമിന് ധോണിയുടെ ആവശ്യമില്ലെന്നും സെവാഗ് പറയുന്നു. ഐപിഎല്ലിൽ കളിച്ച് മികവ് തെളിയിക്കാമെന്ന ധോണിയുടെ സാധ്യത മങ്ങുന്നതിനിടെയാണ് സെവാഗിന്റെ വാക്കുകൾ.