താരലേലത്തില്‍ ആര്‍ക്കാകും ഉയര്‍ന്ന തുക ലഭിക്കുക എന്ന് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം ആശിഷ് നെഹ്‌റ. 

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിന് മുന്നോടിയായുള്ള താരലേലത്തിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. 292 താരങ്ങള്‍ക്കായി എട്ട് ടീമുകള്‍ വാശിയേറിയ പോരാട്ടം നടത്തുമ്പോള്‍ സൂപ്പര്‍താരങ്ങളുടെ വലിയൊരു നിരതന്നെ ലേലത്തിനുള്ള അന്തിമ പട്ടികയിലുണ്ട്. ഇവരില്‍ ആര്‍ക്കാകും ഉയര്‍ന്ന തുക ലഭിക്കുക എന്ന് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം ആശിഷ് നെഹ്‌റ. 

ഇത്തവണ താലലേലത്തില്‍ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ ഉയര്‍ന്ന പ്രതിഫലം നേരിടും എന്നാണ് നെഹ്‌റയുടെ പ്രവചനം. 'വലിയ പേരുകളുള്ള ഒരു ഐപിഎല്‍ ലേലം കൂടി വരുന്നു. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ ഉയര്‍ന്ന തുക നേടും എന്നാണ് തോന്നുന്നത്. ഏത് ടീമിനെയും സന്തുലിതമാക്കാന്‍ ശേഷിയുള്ള താരമാണയാള്‍' എന്നും നെഹ്‌റ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്‍റെ പരിപാടിയില്‍ പറഞ്ഞു. 

താരലേലത്തില്‍ പങ്കെടുക്കുന്നവരുടെ ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിയിലുള്ള താരമാണ് ഷാക്കിബ് അല്‍ ഹസന്‍. 2011ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ ഷാക്കിബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായിരുന്നു. 21.31 ശരാശരിയില്‍ 746 റണ്‍സ് നേടി. രണ്ട് അര്‍ധ സെഞ്ചുറികള്‍ കുറിച്ചപ്പോള്‍ 66 ആണ് ഉയര്‍ന്ന സ്‌കോര്‍. 28 വിക്കറ്റും സ്വന്തമായുണ്ട്. 

കേരള താരങ്ങളും പ്രതീക്ഷയില്‍

164 ഇന്ത്യക്കാരുൾപ്പടെയുള്ള 292 താരങ്ങളാണ് ലേലത്തിനുള്ള അന്തിമ പട്ടികയിലുള്ളത്. ഇവരില്‍ 61 പേര്‍ക്ക് വിവിധ ടീമുകളില്‍ അവസരം ലഭിക്കും. ഹർഭജൻ സിംഗ്, കേദാർ ജാദവ്, ഗ്ലെൻ മാക്സ്‍വെൽ, സ്റ്റീവ് സ്മിത്ത്, ഷാക്കിബ് അൽ ഹസൻ, മോയീൻ അലി, സാം ബില്ലിംഗ്സ്, ലയം പ്ലങ്കറ്റ്, ജേസൺ റോയ്, മാർക് വുഡ് എന്നിവരാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുടെ പട്ടികയിലുള്ളത്. 

ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, എം ഡി നിധീഷ്, സച്ചിൻ ബേബി എന്നീ കേരള താരങ്ങളും ലേലപട്ടികയിലുണ്ട്. മുഷ്താഖ് അലി ട്രോഫിയിലെ മിന്നും സെഞ്ചുറിയോടെ പ്രതീക്ഷയിലാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. കരുത്തരായ മുംബൈക്കെതിരെ 37 പന്തില്‍ സെഞ്ചുറി നേടി ഒരു ഇന്ത്യൻ താരത്തിന്‍റെ വേഗതയേറിയ മൂന്നാമത്തെ ട്വന്റി 20 ശതകത്തിന്‍റെ റെക്കോര്‍ഡ് പേരിലാക്കിയിരുന്നു അസ്‌ഹര്‍. 

ഐപിഎല്‍ താരലേലം: ടീമുകളുടെ കയ്യിലുള്ളതും പ്രതീക്ഷിക്കുന്നതും; സമ്പൂര്‍ണ വിവരങ്ങള്‍