ടി20 ലോകകപ്പിൽ അമേരിക്കയ്‌ക്കെതിരെ പാകിസ്ഥാൻ മികച്ച സ്കോർ പടുത്തുയർത്തി. സഹിബ്‌സാദ ഫർഹാന്റെ അർധ സെഞ്ചുറിയുടെയും (73) ബാബർ അസമിന്റെ (46) ഇന്നിംഗ്‌സിന്റെയും പിൻബലത്തിൽ പാകിസ്ഥാൻ 191 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ചു. 

കൊളംബോ: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ അമേരിക്കയ്ക്ക് 191 റണ്‍സ് വിജയലക്ഷ്യം. കൊളംബോ, സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന് വേണ്ടി സഹിബ്‌സാദ ഫര്‍ഹാന്‍ (41 പന്തില്‍ 73) അര്‍ധ സെഞ്ചുറി നേടി. ബാബര്‍ അസം (32 പന്തില്‍ 46), ഷദാബ് ഖാന്‍ (12 പന്തില്‍ 30) എന്നിവരാണ് തിളങ്ങിയ മറ്റുതാരങ്ങള്‍. സെയിം അയൂബാണ് (19) രണ്ടക്കം കണ്ട മറ്റൊരു താരം. അമേരിക്കയ്ക്ക് വേണ്ടി ഷാഡ്‌ലി ഷാല്‍ക്‌വിക്ക് നാല് വിക്കറ്റ് നേടി. നാല് ഓവറില്‍ 25 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഇന്ത്യക്കെതിരേയും നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു.

മികച്ച തുടക്കമായിരുന്നു പാകിസ്ഥാന്. ഫര്‍ഹാനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ അയൂബിന് സാധിച്ചിരുന്നു. എന്നാല്‍ ആറാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. അയൂബിനെ ഷാഡ്‌ലി ഷാല്‍ക്‌വിക്ക് മടക്കി. അതേ ഓവറില്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അഗയും (1) പുറത്തായി. പിന്നാലെ ഫര്‍ഹാന്‍ - ബാബര്‍ സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു. തുടക്കത്തില്‍ ബാബര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചെങ്കിലും പിന്നീട് അക്രമിച്ച് കളിച്ചു. 15-ാം ഓവറില്‍ ബാബര്‍ മടങ്ങി. 16-ാം ഓവറില്‍ ഫര്‍ഹാനും മടങ്ങി. അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.

പിന്നീട് വന്നവരില്‍ ഷദാബ് മാത്രമാണ് പിടിച്ചുനിന്നത്. മുഹമ്മദ് നവാസ് (5), ഫഹീം അഷ്‌റഫ് (1), ഉസ്മാന്‍ ഖാന്‍ (0), അബ്രാര്‍ അഹമ്മദ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷഹീന്‍ അഫ്രീദി (9) പുറത്താവാതെ നിന്നു. ഒരു മാറ്റവുമായിട്ടാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. സല്‍മാന്‍ മിര്‍സയ്ക്ക് പകരം വിവാദ സ്പിന്നര്‍ ഉസ്മാന്‍ താരിഖിനെ ടീമില്‍ ഉള്‍പ്പെടുത്തി. അമേരിക്ക രണ്ട് മാറ്റം വരുത്തി അലി ഖാന് പകരം എഹ്‌സാന്‍ ആദില്‍ ടീമിലെത്തി. സായ്‌തേജ മുക്കാമല്ലയും പുറത്തായി. ഷയാന്‍ ജഹാഗിര്‍ പകരം ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

പാകിസ്ഥാന്‍: സയിം അയൂബ്, സാഹിബ്‌സാദ ഫര്‍ഹാന്‍, സല്‍മാന്‍ അഗ (ക്യാപ്റ്റന്‍), ബാബര്‍ അസം, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, ഉസ്മാന്‍ താരിഖ്, അബ്രാര്‍ അഹമ്മദ്

അമേരിക്ക: ആന്‍ഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പര്‍), ഷയാന്‍ ജഹാംഗീര്‍, മോനാങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍), മിലിന്ദ് കുമാര്‍, സഞ്ജയ് കൃഷ്ണമൂര്‍ത്തി, ശുഭം രഞ്ജനെ, ഹര്‍മീത് സിംഗ്, മുഹമ്മദ് മൊഹ്‌സിന്‍, ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്, ഇഹ്‌സാന്‍ ആദില്‍, സൗരഭ് നേത്രാവല്‍ക്കര്‍.

YouTube video player