ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിര നാലു വിക്കറ്റുമായി തിളങ്ങിയ കുല്‍ദീപ് സെന്‍ മത്സരശേഷമാണ് താന്‍ വൈകാതെ 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുമെന്ന് വ്യക്തമാക്കിയത്.

മുംബൈ: ഐപിഎല്ലില്‍(IPL 2022) വേഗം കൊണ്ട് എതിരാളികള്‍ക്ക് പേടി സ്വപ്നമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്(SRH) പേസര്‍ ഉമ്രാന്‍ മാലിക്ക്(Umran Malik). സ്ഥിരമായി 150 കിലോ മീറ്ററിലേറെ വേഗത്തിലത്തുന്ന ഉമ്രാന്‍റെ പന്തുകളില്‍ റണ്ണടിക്കുക എന്നത് ദുഷ്കരവും. ഇത്തവണ വിക്കറ്റുകളും എറിഞ്ഞിട്ട് ഉമ്രാന്‍ ഹൈദരാബാദ് ബൗളിംഗിന്‍റെ തുരുപ്പുചീട്ടായി മാറിയിട്ടുണ്ട്. എട്ട് മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റുകളാണ് ഉമ്രാന്‍ ഇതുവരെ എറിഞ്ഞിട്ടത്. മുന്‍ സീസണുകളില്‍ റണ്‍സേറെ വഴങ്ങിയിരുന്ന ഉമ്രാന്‍ ഇത്തവണ റണ്‍സ് വിട്ടുകൊടുക്കുന്നതിലും പിശുക്കനാണ്.

ഐപിഎല്ലില്‍ ഉമ്രാന്‍ വേഗം കൊണ്ട് തരംഗം തീര്‍ക്കുന്നതിനിടെ വേഗതയില്‍ ഉമ്രാനെ വെല്ലാനൊരുങ്ങുകയാണ് മറ്റൊരു ഇന്ത്യന്‍ ബൗളര്‍. രാജസ്ഥാന്‍ റോയല്‍സിന്‍റെ പേസറായ കുല്‍ദീപ് സെന്നാണ്(Kuldeep Sen) വേഗതയില്‍ ഉമ്രാനൊപ്പം എത്താന്‍ ശ്രമിക്കുന്നത്. ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിര നാലു വിക്കറ്റുമായി തിളങ്ങിയ കുല്‍ദീപ് സെന്‍ മത്സരശേഷമാണ് താന്‍ വൈകാതെ 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുമെന്ന് വ്യക്തമാക്കിയത്.

150 കിലോ മീറ്ററിനടുത്താണ് ഞാനിപ്പോള്‍. വൈകാതെ ആ നേട്ടത്തിലെത്തും-മത്സരശേഷം കുല്‍ദീപ് സെന്‍ വ്യക്തമാക്കി. ആര്‍സിബിക്കെതിരെ 3.3 ഓവറില്‍ 20 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് സെന്‍ നാലു വിക്കറ്റെടുത്തത്. 146 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി കുല്‍ദീപിന്‍റെ പേസിന് മുന്നില്‍ 115 റണ്‍സിന് പുറത്തായി.

മത്സരത്തിലെ ആദ്യ മൂന്നോ നാലോ ഓവറുകളില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണുമായി സംസാരിച്ചിരുന്നുവെന്നും ഈ പിച്ചില്‍ റണ്ണടിക്കുക എളുപ്പമല്ലെന്ന് സഞ്ജു പറഞ്ഞുവെന്നും കുല്‍ദീപ് സെന്‍ മത്സരശേഷം പറഞ്ഞു. ഓരോ തവണ പന്തെറിയാന്‍ എത്തുമ്പോഴും മികച്ച ലെങ്ത്തില്‍ പന്തെറിയാനാണ് താന്‍ ശ്രമിച്ചതെന്നും കുല്‍ദീപ് സെന്‍ വ്യക്തമാക്കി.

'നിങ്ങളുടെ നല്ലതിന് വേണ്ടിയാണ് പറയുന്നത്, ഇടവേളയെടുക്കൂ'; കോലിക്ക് വീണ്ടും ശാസ്ത്രിയുടെ ഉപദേശം

ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ അവസാന ഓവറില്‍ ലഖ്നൗവിന് ജയിക്കാന്‍ 15 റണ്‍സ് വേണമെന്നിരിക്കെ പന്തെറിയാനെത്തിയത് കുല്‍ദീപ് ആയിരുന്നു. മാര്‍ക്കസ് സ്റ്റോയിനിസിനെ പോലെ വമ്പനടിക്കാരനായ കളിക്കാരന്‍ ക്രീസിലുണ്ടായിട്ടും 11 റണ്‍സ് വഴങ്ങി കുല്‍ദീപ് രാജസ്ഥാന് ജയം സമ്മാനിച്ചതോടെയാണ് ശ്രദ്ധേയനായത്.

നാലു വര്‍ഷം മുമ്പ് മധ്യപ്രദേശിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ 25കാരനായ കുല്‍ദീപ് 2018-2019ലാണ് സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ അരങ്ങേറ്റം കുറിച്ചത്.