നായകസ്ഥാനം ഒഴിവാക്കി വരുന്ന കോലി മികച്ച പ്രകടനം പുറത്തെടുക്കുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഇപ്പോള്‍ കോലിക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി.

പൂനെ: കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് മുന്‍ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) കടന്നുപോകുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ (Rajasthan Royals) കഴിഞ്ഞ മത്സരത്തില്‍ ഒമ്പത് റണ്‍സെടുക്കാന്‍ മാത്രമാണ് കോലിക്ക് സാധിച്ചത്. അതിന് മുമ്പത്തെ രണ്ട് മത്സരങ്ങളിലും താരം റണ്‍സൊന്നുമെടുക്കാതെ പുറത്താവുകയും ചെയ്തു. 

നായകസ്ഥാനം ഒഴിവാക്കി വരുന്ന കോലി മികച്ച പ്രകടനം പുറത്തെടുക്കുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഇപ്പോള്‍ കോലിക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഐപിഎല്ലില്‍ നിന്ന് ഇടവേളയെടുക്കാനാണ് ശാസ്ത്രി നിര്‍ദേശിക്കുന്നത്. ''കോലിക്ക് നിലവില്‍ ഒരു ഇടവേളയാണ് വേണ്ടത്. കാരണം അദ്ദേഹം തുടര്‍ച്ചയായി ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുകയും ചെയ്തു. ഒരു ചെറിയ ഇടവേളയെടുക്കുന്നതാണ് ഏറ്റവും നല്ലത്. 

ഈ സീസണില്‍ അദ്ദേഹം ഇപ്പോള്‍ തന്നെ ഐപിഎല്‍ കളിക്കുകയുണ്ടായി. എന്നാല്‍ 6-7 വര്‍ഷം കൂടി അന്താരാഷ്ട്ര കരിയറില്‍ തുടരേണ്ടി വന്നാല്‍, ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നതാണ് നല്ലത്. കോലിയുടെ നല്ലതിന് വേണ്ടിയാണ് പറയുന്നത്.'' ശാസ്ത്രി പറഞ്ഞു.

''കോലിയുടെ കാര്യം മാത്രമല്ല, എല്ലാ താരങ്ങളോടുമായിട്ടാണ് ഞാന്‍ പറയുന്നത്. ദേശീയ ജേഴ്‌സിയില്‍ കളിക്കാന്‍ താല്‍പര്യപെടുന്ന താരങ്ങള്‍ക്കെല്ലാം ഇത്തരത്തില്‍ ഒരു നയം പിന്തുടരുന്നതായിരിക്കും നന്നായിരിക്കുക.'' ശാസ്ത്രി പറഞ്ഞുനിര്‍ത്തി. ഇതാദ്യമായിട്ടില്ല, കോലിയോട് ഇടവേളയെടുക്കാന്‍ ശാസ്ത്രി ആവശ്യപ്പെടുന്നത്. രണ്ടോ മൂന്നോ മാസം ഇടവേളയെടുത്ത് മടങ്ങിവരൂവെന്ന് ശാസ്ത്രി മുമ്പും നിര്‍ദേശിച്ചിട്ടുണ്ട്.

ഈ സീസണില്‍ ഐപിഎല്ലില്‍ ഒമ്പത് ഇന്നിംഗ്‌സുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 128 റണ്‍സ് മാത്രമാണ് കോലി നേടിയത്. കഴിഞ്ഞ ദിവസം ആര്‍സിബി കോച്ച് സഞ്ജയ് ബംഗാര്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണ അറിയിച്ചിരുന്നു. കോലി പരിചയസമ്പത്തുള്ള താരമാണെന്നും ഫോമിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.