അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന് ഐപിഎല്‍ അരങ്ങേറ്റത്തിന് മുംബൈ ടീം ഇന്ന് അവസരം നല്‍കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്

മുംബൈ: ഐപിഎല്ലില്‍(IPL 2022) ഡല്‍ഹി കാപിറ്റല്‍സ്(Delhi Capitals) ഇന്ന് ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങുകയാണ്. പ്ലേ ഓഫ് ലക്ഷ്യമിട്ട് റിഷഭ് പന്തും(Rishabh Pant) സംഘവും എത്തുമ്പോള്‍ എതിരാളികളായി ഇറങ്ങുന്ന രോഹിത് ശര്‍മ്മയുടെ(Rohit Sharma) മുംബൈ ഇന്ത്യന്‍സിന്(Mumbai India) ഒന്നും നഷ്‌ടപ്പെടാനില്ല. അതിനാല്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന്(Arjun Tendulkar) ഐപിഎല്‍ അരങ്ങേറ്റത്തിന് മുംബൈ ടീം ഇന്ന് അവസരം നല്‍കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അര്‍ജുന് ഇന്ന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യതയുണ്ട് എന്നുതന്നെയാണ് സൂചന. 

കോടിക്കിലുക്കുമായി സീസണില്‍ മുംബൈ സ്വന്തമാക്കിയിട്ടും നിരാശപ്പെടുത്തിയ ഇഷാന്‍ കിഷന്‍ തന്നെയായിരിക്കും രോഹിത് ശര്‍മ്മയ്‌ക്കൊപ്പം മുംബൈ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ തിലക് വര്‍മ്മയ്‌ക്ക് ഇളക്കം തട്ടില്ല. രമണ്‍ദീപ് സിംഗ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ടിം ഡേവിഡ് എന്നിവരാകും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. സഞ്ജയ് യാദവ്, ഡാനിയേല്‍ സാംസ്, ജസ്‌പ്രീത് ബുമ്ര, റിലെ മെരെഡിത്ത് എന്നിങ്ങനെയെത്താന്‍ സാധ്യതയുള്ള മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവനിലെ പതിനൊന്നാമന്‍ അര്‍ജന്‍ ടെന്‍ഡുല്‍ക്കറാവാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ മായങ്ക് മര്‍ക്കാണ്ഡെ പുറത്താകും. 

വൈകിട്ട് ഏഴരയ്ക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മുംബൈയുടെ ജയത്തിനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൈയ്യടിക്കുമെന്നുള്ള സവിശേഷതയും ഈ മത്സരത്തിനുണ്ട്. മുംബൈ ഡല്‍ഹിയെ വീഴ്ത്തിയാല്‍ ആര്‍സിബിക്ക് പ്ലേഓഫ് ഉറപ്പിക്കാം. ജയം ഡല്‍ഹിക്കെങ്കില്‍ ആദ്യ കിരീടമെന്ന മോഹം ഫാഫ് ഡുപ്ലസിക്കും സംഘത്തിനും മാറ്റിവയ്ക്കാം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആശ്വാസജയത്തിനിറങ്ങുന്ന മുംബൈക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. 

ഹൈദരാബാദിനോട് തോറ്റാണ് മുംബൈ വരുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ആശങ്കയുണ്ട് മുംബൈക്ക്. രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും മികച്ച തുടക്കം നല്‍കിയാല്‍ പ്രതീക്ഷ വയ്ക്കാം. തിലക് വര്‍മ്മ, ഡാനിയേല്‍ സാംസ്, ടിം ഡേവിഡ്, രമണ്‍ദീപ് സിംഗ് എന്നിവരുള്ള മധ്യനിരയും ഉത്തരവാദിത്തത്തോടെ ബാറ്റ് വീശണം. ബുമ്രയ്ക്ക് പിന്തുണ നല്‍കുന്ന ബൗളര്‍മാരുടെ അഭാവമുണ്ട് ടീമില്‍. നേര്‍ക്കുനേര്‍ പോരില്‍ നേരിയ മുന്‍തൂക്കം മുംബൈക്കുണ്ട്. 31 കളിയില്‍ 16ല്‍ മുംബൈയും 15ല്‍ ഡല്‍ഹിയും ജയിച്ചു. സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ നാല് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ ജയം. 

IPL 2022: രോഹിത് ഇന്ന് വമ്പന്‍ സ്കോര്‍ നേടും, കോലിയുടെയും ആര്‍സിബിയുടെയും പിന്തുണയുണ്ടെന്ന് രവി ശാസ്ത്രി