മഹാരാഷ്‌ട്രയില്‍ മുംബൈ, പുനെ എന്നിവിടങ്ങളില്‍ വച്ച് മത്സരങ്ങള്‍ നടത്താനാണ് പദ്ധതിയിടുന്നത്

മുംബൈ: കൊവിഡ് മൂന്നാം തരംഗം (Covid 3rd Wave) ശക്തമാണെങ്കിലും ഐപിഎല്‍ പതിനഞ്ചാം സീസണിന്‍റെ (IPL 2022) ലീഗ് മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് സൂചിപ്പിച്ച് ബിസിസിഐ (BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലി (Sourav Ganguly). 2020 സീസണ്‍ (IPL 2020) പൂര്‍ണമായും യുഎഇയിലും കഴിഞ്ഞ സീസണ്‍ (IPL 2021) ഇന്ത്യയിലും യുഎഇയിലുമായാണ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇത്തവണ കാണികള്‍ക്ക് പ്രവേശനമുണ്ടാകുമോ എന്ന കാര്യത്തില്‍ ദാദ സൂചനകള്‍ നല്‍കിയില്ല.

ഈ വര്‍ഷം ഐപിഎല്‍ ഇന്ത്യയില്‍ വച്ചുതന്നെ നടത്താണ് പദ്ധതി. മഹാരാഷ്‌ട്രയില്‍ മുംബൈ, പുനെ എന്നിവിടങ്ങളില്‍ വച്ച് മത്സരങ്ങള്‍ നടത്താനാണ് ആലോചന. നോക്കൗട്ട് മത്സരങ്ങളുടെ വേദിയുടെ കാര്യം പിന്നീട് തീരുമാനിക്കും എന്നും ഗാംഗുലി സ്‌പോര്‍ട്‌സ് സ്റ്റാറിനോട് പറ‍ഞ്ഞു. 

ഐപിഎല്‍ 2022ന്‍റെ മത്സരക്രമം ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. മാര്‍ച്ച് അവസാന വാരത്തോടെ ടൂര്‍ണമെന്‍റ് ആരംഭിക്കാനാണ് പദ്ധതിയിടുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് അവസാനം വരെ സീസണ്‍ നീണ്ടേക്കും. ഫെബ്രുവരി 20ന് മുന്‍പ് വേദികളിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്. അതേസമയം മത്സരങ്ങളില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല എന്ന സൂചനയാണ് നേരത്തെ പുറത്തുവന്നത്. 

സീസണിന് മുന്നോടിയായി ബെംഗളൂരുവില്‍ ഫെബ്രുവരി 13, 14 തീയതികളില്‍ മെഗാ താരലേലം നടക്കും. ലേലത്തില്‍ പങ്കെടുക്കുന്ന 590 താരങ്ങളില്‍ 228 പേര്‍ ക്യാപ്‌ഡ് കളിക്കാരും 355 പേര്‍ അണ്‍ക്യാപ്‌ഡ് താരങ്ങളുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് ഏഴ് താരങ്ങളും അന്തിമ പട്ടികയില്‍ പേരുകാരായി. ആകെ താരങ്ങളില്‍ 370 പേരാണ് ഇന്ത്യയില്‍ നിന്നുള്ളത്. 220 താരങ്ങള്‍ വിദേശികള്‍. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിയില്‍ 48 താരങ്ങളുണ്ട്. 1.5 കോടി അടിസ്ഥാന വില 20 താരങ്ങളും ഒരു കോടി 34 താരങ്ങളും തെര‍ഞ്ഞെടുത്തു. 

പഞ്ചാബിന് 23ഉം രാജസ്ഥാനും ബാംഗ്ലൂരിനും ഹൈദരാബാദിനും അഹമ്മദാബാദിനും ലക്‌നോവിനും 22 വീതവും ചെന്നൈക്കും ഡല്‍ഹിക്കും കൊല്‍ക്കത്തയ്‌ക്കും മുംബൈക്കും 21 വീതവും താരങ്ങളേയാണ് ലേലത്തില്‍ സ്വന്തമാക്കാനാവുക. പഞ്ചാബിന് എട്ടും കൊല്‍ക്കത്തയ്‌ക്ക് ആറും മറ്റ് ഫ്രാഞ്ചൈസികള്‍ക്ക് ഏഴ് വീതവും വിദേശ താരങ്ങളെ പാളയത്തിലെത്തിക്കാം. മലയാളി പേസര്‍ എസ് ശ്രീശാന്തിന്‍റെ പേര് അന്തിമപട്ടികയിലുണ്ട് എന്നത് ശ്രദ്ധേയമാണ്. 

IND vs SL: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയില്‍ ഡേ-നൈറ്റ് ടെസ്റ്റും, വേദി ബെംഗലൂരു