ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നതിന് മുന്‍പ് പ്രീ വെഡിംഗ് പാർട്ടി നടത്തിയിരുന്നു ഡെവോണ്‍ കോണ്‍വേ

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിനിടെ (IPL 2022) ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ (Chennai Super Kings) ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വേ (Devon Conway) വിവാഹത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു. കിം വാട്‌സനെയാണ് കോൺവേ വിവാഹം കഴിക്കുന്നത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ ശേഷം അടുത്ത ഞായറാഴ്‌ച തന്നെ കോൺവേ തിരിച്ചെത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനൊപ്പം (CSK) ചേരും എന്നാണ് ഇഎസ്‌പിഎന്‍ ക്രിക് ഇന്‍ഫോയുടെ റിപ്പോര്‍ട്ട്.

ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നതിന് മുന്‍പ് പ്രീ വെഡിംഗ് പാർട്ടി നടത്തിയിരുന്നു ഡെവോണ്‍ കോണ്‍വേ. തനത് തമിഴ് വേഷമണിഞ്ഞാണ് കോണ്‍വേയും പങ്കാളി കിം വാട്‌സണും പാര്‍ട്ടിയില്‍ പ്രത്യക്ഷപ്പെട്ടത്. കുര്‍ത്തയും മുണ്ടും ധരിച്ച് മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി, മോയീന്‍ അലി, റുതുരാജ് ഗെയ്‌ക്‌വാദ് തുടങ്ങിയ സഹതാരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. 

Scroll to load tweet…

സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് സിഎസ്‌കെ കുപ്പായത്തില്‍ ഡെവോണ്‍ കോണ്‍വേ കളിച്ചത്. ചെന്നൈയുടെ രണ്ട് മത്സരങ്ങള്‍ക്കെങ്കിലും താരത്തെ പരിഗണിക്കില്ല. ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ ടീം ക്യാമ്പില്‍ പ്രവേശിക്കും മുമ്പ് മൂന്ന് ദിവസം കോണ്‍വേ ഐസൊലേഷനില്‍ കഴിയണം. കൊവിഡ് പരിശോധനാഫലം നെഗറ്റീവായാല്‍ മാത്രമേ താരത്തിന് ചെന്നൈക്കൊപ്പം ചേരാനാകൂ. ഇന്ന് മുംബൈ ഇന്ത്യന്‍സിനും ഏപ്രില്‍ 25ന് പഞ്ചാബ് കിംഗ്‌സിനെതിരെയുമാണ് ചെന്നൈയുടെ അടുത്ത മത്സരങ്ങള്‍. പഞ്ചാബിനെതിരായ മത്സരത്തിന് ശേഷം മെയ് 1ന് സണ്‍റൈസേഴ്‌സിനെതിരെയാണ് സിഎസ്‌കെയുടെ പിന്നീടുള്ള മത്സരം. 

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേരിടും. മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ചെന്നൈക്ക് ഇതുവരെ ജയിക്കാനായിട്ടുള്ളത്. അതേസമയം മുംബൈയാവട്ടെ കളിച്ച ആറ് മത്സരങ്ങളിലും തോറ്റു. ഐപിഎൽ ചരിത്രത്തില്‍ ആദ്യമായി 7 തുടര്‍തോൽവികളോടെ സീസൺ തുടങ്ങിയ ടീമെന്ന നാണക്കേടിന് അരികിലാണ് രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ്. ബൗളിംഗ് നിരയുടെ മൂര്‍ച്ചയില്ലായ്‌മയാണ് ഇരു ടീമുകളുടെയും പ്രധാന പ്രശ്‌നം. 

IPL 2022 : ഇന്ന് നിറംമങ്ങിയ ഐപിഎല്‍ ക്ലാസിക്കോ! നാണക്കേടിനരികെ മുംബൈ, എതിരാളികള്‍ ചെന്നൈ