ഫാസ്റ്റ്ബൗളിംഗ് ഓൾറൗണ്ടറിന്‍റെ അസാന്നിധ്യത്തിൽ ടൂർണമെന്‍റ് തുടങ്ങിയ ചെന്നൈയ്ക്ക് ആദ്യ നാല് മത്സരങ്ങളിലും ജയിക്കാനായിട്ടില്ല

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ചെന്നൈ സൂപ്പർ കിംഗ്‌സിന് (Chennai Super Kings) തിരിച്ചടി. പരിക്കേറ്റ് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (National Cricket Academy Bengaluru) ചികിത്സയിലുള്ള പേസര്‍ ദീപക് ചാഹറിന് (Deepak Chahar) വീണ്ടും പരിക്കേറ്റെന്നാണ് വാര്‍ത്ത. താരത്തിന് സീസൺ മുഴുവൻ നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ രണ്ടാംവാരം മുതൽ സിഎസ്‌കെയ്‌ക്കായി (CSK) ചാഹർ കളിക്കുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്.

ഫാസ്റ്റ്ബൗളിംഗ് ഓൾറൗണ്ടറിന്‍റെ അസാന്നിധ്യത്തിൽ ടൂർണമെന്‍റ് തുടങ്ങിയ ചെന്നൈയ്ക്ക് ആദ്യ നാല് മത്സരങ്ങളിലും ജയിക്കാനായിരുന്നില്ല. വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്‍റി 20 പരമ്പരയ്ക്കിടെ പരിക്കേറ്റ ചാഹർ ഒരുമാസത്തിലേറെയായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്. 14 കോടി രൂപയ്ക്കാണ് ചെന്നൈ മെഗാ താരലേലത്തിൽ 29കാരനായ ചാഹറിനെ സ്വന്തമാക്കിയത്.

2018ലാണ് ദീപക് ചാഹര്‍ ആദ്യമായി ചെന്നൈയുടെ ഭാഗമായത്. നാല് വര്‍ഷത്തിനിടെ രണ്ട് കിരീടങ്ങള്‍ സിഎസ്‌കെയ്‌ക്കൊപ്പം നേടി. 58 വിക്കറ്റുകളാണ് ചെന്നൈ ജേഴ്സിയില്‍ താരം പേരിലാക്കിയത്. കഴിഞ്ഞ മൂന്ന് സീസണുകളിലായി 32 വിക്കറ്റ് നേടി. ചാഹറിന് എപ്പോള്‍ കളിക്കാനാകും എന്ന് വ്യക്തമല്ലാത്തതിനാല്‍ ഉചിതമായ പകരക്കാരനെ കണ്ടെത്താന്‍ ഇതുവരെ കഴിയാത്തതും തിരിച്ചടിയായി.

പേസര്‍ ദീപക് ചാഹറിന്‍റെ അസാന്നിധ്യമാണ് ചെന്നൈയുടെ തിരിച്ചടികള്‍ക്ക് കാരണമെന്ന് മുന്‍താരം ഹര്‍ഭജന്‍ സിംഗ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 'രണ്ട് പ്രധാന പ്രശ്‌നങ്ങളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുള്ളത്. ആദ്യ ആറ് ഓവറുകളില്‍ തുടക്കത്തിലെ വിക്കറ്റ് വീഴ്‌ത്താന്‍ കഴിവുള്ള ദീപക് ചാഹറിനെ പോലൊരു ബൗളറില്ല. പവര്‍പ്ലേയ്‌ക്ക് ശേഷം 7-15 ഓവറുകളില്‍ വിക്കറ്റ് വേട്ടക്കാരായ സ്‌പിന്നര്‍മാരുമില്ല. റുതുരാജ് ഗെയ്‌ക്‌വാദ് വേഗത്തില്‍ പുറത്താകുന്നു. അതിനാല്‍ ശക്തമായ ഓപ്പണിംഗ് സഖ്യമില്ല. അതിനാലാണ് ചെന്നൈ മൂന്ന് മത്സരങ്ങളും തോറ്റത്. എന്നാല്‍ ഇനി വിജയങ്ങളോടെ ചെന്നൈ തിരിച്ചെത്തിയാല്‍ ഞാന്‍ അത്ഭുതപ്പെടില്ല' എന്നും ഹര്‍ഭജന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

IPL 2022 : ചെന്നൈക്കെതിരെ പതിവാവര്‍ത്തിച്ചാല്‍ കോലി ശരിക്കും കിംഗ്; കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം