ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ് വിരാട് കോലി

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഇന്ന് വിരാട് കോലി-എം എസ് ധോണി (Virat Kohli vs MS Dhoni) പോരാട്ടമാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജേഴ്‌സികളില്‍ (CSK vs RCB) കിംഗും തലയും നേര്‍ക്കുനേര്‍ മൈതാനത്ത് വരുമ്പോള്‍ ആര് ജയിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. കോലി ബാംഗ്ലൂരിന്‍റെയും ധോണി ചെന്നൈയുടേയും മുന്‍ നായകന്‍മാരാണ്. താരപ്പോര് മാത്രമല്ല വിരാട് കോലി അത്യപൂര്‍വ നാഴികക്കല്ലിന് അരികെയാണ് എന്നതും മത്സരത്തെ ആകര്‍ഷകമാക്കുന്നു. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ് വിരാട് കോലി. 52 റണ്‍സ് കൂടി മാത്രമേ കോലിക്ക് ആയിരം റണ്‍സ് ക്ലബില്‍ എത്താനാവശ്യമുള്ളൂ. 28 മത്സരങ്ങളില്‍ 41.22 ശരാശരിയിലും 127.25 സ്‌ട്രൈക്ക് റേറ്റിലും 948 റണ്‍സ് കോലി ഇതിനകം പേരിലാക്കിയിട്ടുണ്ട്. 9 അര്‍ധ സെഞ്ചുറികള്‍ സഹിതമാണിത്. അതേസമയം ധോണിക്ക് ആര്‍സിബിക്കെതിരെ 31 കളികളില്‍ 41.80 ശരാശരിയിലും 141.22 സ്‌ട്രൈക്ക് റേറ്റിലും 836 റണ്‍സുണ്ട്.

Scroll to load tweet…

വൈകിട്ട് 7.30ന് മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. തോറ്റ് തോറ്റ് നിലതെറ്റിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വരുന്നതെങ്കില്‍ തുടര്‍വിജയങ്ങളുമായി മുന്നേറുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ചെന്നൈ ആദ്യ നാല് കളിയിലും തോല്‍ക്കുന്നത് ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ്. തുടര്‍ച്ചയായി നാല് കളിയില്‍ തോല്‍ക്കുന്നത് 2010ന് ശേഷം ആദ്യവും. അതേസമയം നാലില്‍ മൂന്ന് ജയമുള്ള ആര്‍സിബി പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. 

28 മത്സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 18 കളിയില്‍ ജയിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജയിച്ചത് ഒന്‍പത് മത്സരങ്ങളില്‍ മാത്രം. ഒരു മത്സരം ഉപേക്ഷിച്ചു. ബാംഗ്ലൂരിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 205 റണ്‍സും കുറഞ്ഞ സ്‌കോര്‍ 70 റണ്‍സുമാണ്. ചെന്നൈയുടെ ഉയര്‍ന്ന സ്‌കോര്‍ 208 റണ്‍സാണ്. കുറഞ്ഞ സ്‌കോര്‍ 82 ഉം. കഴിഞ്ഞ സീസണില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണയും ചെന്നൈയ്ക്കായിരുന്നു ജയം. 

ഐപിഎല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ പോര്; സൂപ്പര്‍ താരമില്ലാതെ ആര്‍സിബി, ആദ്യജയത്തിന് ചെന്നൈ- സാധ്യതാ ഇലവന്‍