ഇന്ത്യക്കായി അരങ്ങേറും മുൻപേ വിദേശതാരങ്ങളുടെയും പരിശീലകരുടെയും കണ്ണുടക്കിക്കഴിഞ്ഞു ഈ ജമ്മു കശ്മീർ ബൗളറിൽ

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഈ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ (Sunrisers Hyderabad) മുന്നേറ്റത്തിൽ ഏറ്റവും പ്രധാന താരങ്ങളിലൊരാൾ ജമ്മു കശ്മീർ ബൗളർ ഉമ്രാൻ മാലിക്കാണ് (Umran Malik). ഇന്ത്യ ടീമിലെടുത്താൽ (Team India) അടുത്ത ലോകകപ്പിന്‍റെ (ICC Men's T20 World Cup 2022) താരം ഉമ്രാനായിരിക്കുമെന്ന് പറയുന്നു ന്യൂസിലൻഡ് മുൻ നായകൻ ഡാനിയേൽ വെട്ടോറി (Daniel Vettori).

ഐപിഎല്ലിലെ പേസ് ബൗളിംഗ് സെൻസേഷനാണ് ഇന്ന് ഉമ്രാൻ മാലിക്. ഇന്ത്യക്കായി അരങ്ങേറും മുൻപേ വിദേശതാരങ്ങളുടെയും പരിശീലകരുടെയും കണ്ണുടക്കിക്കഴിഞ്ഞു ഈ ജമ്മു കശ്മീർ ബൗളറിൽ. വേഗം കൊണ്ട് കഴിഞ്ഞ വർഷം തന്നെ ഉമ്രാൻ ശ്രദ്ധനേടിയിരുന്നു. ഇത്തവണ ഡെയ്ൽ സ്റ്റെയിനിന് കീഴിലെ പരിശീലനം കൂടുതൽ അപകടകാരിയാക്കി. വേഗത്തിനൊപ്പം മികച്ച ലൈനും മിന്നല്‍ യോർക്കറുകളും ഉമ്രാന്‍ കൈവശമാക്കിക്കഴിഞ്ഞു. സീസണിൽ ഇതുവരെ എട്ട് മത്സരങ്ങളിൽ 15 വിക്കറ്റ് നേടിയതിലുണ്ട് ഉമ്രാന്‍റെ പ്രഹരശേഷി.

ഈ വർഷം നടക്കുന്ന ട്വന്‍റി 20 ലോകകപ്പിൽ ഇടംപിടിച്ചാൽ ഉമ്രാനായിരിക്കും ഇന്ത്യയുടെ പേസ് ആക്രമണത്തിന്‍റെ കുന്തമുനയെന്ന് പറയുന്നു ന്യൂസിലൻ‍ഡ് മുൻതാരം ഡാനിയേൽ വെട്ടോറി. 145ന് മുകളിൽ സ്ഥിരമായി പന്തെറിയുന്ന ഉമ്രാൻ മാലിക്കിനെ ഷൊയ്ബ് അക്തർ, ബ്രെറ്റ് ലീ, ഷോൺ ടെയ്റ്റ് നിരയിലേക്കാണ് വെട്ടോറി കണക്ക് കൂട്ടുന്നത്.

ഓസ്ട്രേലിയയിലെ പേസും ബൗൾസുമുള്ള പിച്ചിൽ ഉമ്രാന്‍റെ പന്തുകൾ തീപാറുമെന്ന് ഓസീസ് താരം ക്രിസ് ലിൻ പറഞ്ഞു. കഴിഞ്ഞ സീസണിന്‍റെ അവസാന മത്സരങ്ങളിലാണ് ഹൈദരാബാദ് ടീമിൽ കളിക്കാൻ ഉമ്രാന് അവസരം കിട്ടിയത്. വജ്രായുധത്തെ തിരിച്ചറിഞ്ഞ ഹൈദരാബാദ് മെഗാതാരലേലത്തിന് വിട്ടുനൽകാതെ ടീമിൽ ഇടം ഉറപ്പിച്ചു. കഴിഞ്ഞ ലോകകപ്പിനിടെ നെറ്റ് ബൗളറായി ഇന്ത്യൻ ടീമിനൊപ്പം കളിക്കാനും ഉമ്രാന് അവസരം കിട്ടി. ഇന്ത്യന്‍ കുപ്പായത്തിലെ അരങ്ങേറ്റം അകലെയല്ലെന്ന് സൂചന നൽകുന്നു ഐപിഎല്ലിൽ ഉമ്രാന്‍ മാലിക്കിന്‍റെ പന്തുകൾ.

വേഗം കണ്ട് ക്രിക്കറ്റ് ലോകം ശരിക്കും ഞെട്ടാന്‍ പോകുന്നതേയുള്ളൂ; ലക്ഷ്യം തുറന്നുപറഞ്ഞ് ഉമ്രാന്‍ മാലിക്