സമ്മിശ്ര പ്രകടനത്തിനടയിലും കോലിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ആര്‍സിബി താരവും ഉറ്റ സുഹൃത്തുമായ എബി ഡിവില്ലിയേഴ്‌സ്. ഈ സീസണില്‍ കോലി 600ല്‍ അധികം റണ്‍സ് നേടുമെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം പറയുന്നത്.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (KKR) മത്സരത്തില്‍ മുന്‍ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിക്ക് (Virat Kohli) തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഏഴ് പന്ത് നേരിട്ട താരം രണ്ട് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 12 റണ്‍സാണ് നേടിയത്. എന്നാല്‍ പഞ്ചാബ് കിംഗ്‌സിനെതിരെ (Punjab Kings) ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കോലിക്കായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ കോലി 29 പന്തില്‍ 41 റണ്‍സാണ് നേടിയത്. രണ്ട് രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെട്ടിരുന്നു. 

സമ്മിശ്ര പ്രകടനത്തിനടയിലും കോലിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ആര്‍സിബി താരവും ഉറ്റ സുഹൃത്തുമായ എബി ഡിവില്ലിയേഴ്‌സ്. ഈ സീസണില്‍ കോലി 600ല്‍ അധികം റണ്‍സ് നേടുമെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം പറയുന്നത്. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''വിരാട് കോലി ഇത്തവണ അറൂന്നൂറിലേറെ റണ്‍സ് നേടുമെന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ കോലിക്ക് സമ്മര്‍ദമില്ലാതെ കളിക്കാനാവും. കോലിയുടെ പ്രകടനം ബാംഗ്ലൂരിന് ഏറെ നിര്‍ണായകമാണ്.'' ഡിവിലിയേഴ്‌സ് പറഞ്ഞു.

നേരത്തെ ഇതേ അഭിപ്രായം ആര്‍സിബിയുടെ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലും പങ്കുവച്ചിരുന്നു. ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ വരുന്നു കോലി അപകകടകാരിയാണെന്നാണ് മാക്‌സ്‌വെല്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വിശദീകരണം... ''എതിര്‍ടീമിനെ സംബന്ധിച്ചിടത്തോളം സങ്കടകരമായിരിക്കും കോലിയുടെ ഫോം. നായകസ്ഥാനത്ത് നിന്നൊഴിവാകുന്നത് വലിയഭാരം മാറ്റിവെക്കുന്നത് പോലെയാണ്. കോലി കൂടുതല്‍ അപകടകാരിയായി മാറും. അദ്ദേഹത്തിന് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനാവും. നായകനെന്ന സമ്മര്‍ദ്ദമില്ലാതെ കോലിക്ക് കളിക്കാനാവും.'' മാക്സ്വെല്‍ പറഞ്ഞു.

അതേസമയം കോലിയുടെ മോശം പ്രകടനത്തിനിടയിലും ആര്‍സിബി ആദ്യജയം സ്വന്തമാക്കി. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്ത 18.5 ഓവറില്‍ 128ന് പുറത്തായി. നാല് വിക്കറ്റ് നേടിയ വാനിന്ദു ഹസരങ്കയാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. 25 റണ്‍സ് നേടിയ ആന്ദ്രേ റസ്സലായിരുന്നു കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. 

മറുപടി ബാറ്റിംഗില്‍ ബാംഗ്ലൂര്‍ 19.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഷഹബാസ് അഹമ്മദ് (27), ഷെര്‍ഫാനെ റുതര്‍ഫോര്‍ഡ് (28) എന്നിവര്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. അവസാന ഓവറില്‍ ഏഴ് റണ്‍സാണ് ബാംഗ്ലൂരിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. റസ്സലെറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്ത് സിക്‌സും രണ്ടാം പന്തില്‍ ഫോറും നേടിയ ദിനേശ് കാര്‍ത്തിക് വിജയം പൂര്‍ത്തിയാക്കി.