കമന്‍റേറ്ററും വിന്‍ഡീസ് മുന്‍താരവുമായ ഇയാൻ ബിഷപ്പും രവി ശാസ്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ചു

മുംബൈ: ഐപിഎല്ലില്‍ (IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) നായകന്‍ ശ്രേയസ് അയ്യരുടെ (Shreyas Iyer) ക്യാപ്റ്റൻസിയെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്ത്രി (Ravi Shastri). 'ശ്രേയസ് കെകെആറിനെ (KKR) ആദ്യമായി നയിക്കുകയാണെന്ന തോന്നലേയില്ല. കഴിഞ്ഞ മൂന്നുനാല് സീസൺ ഈ ടീമിനെ നയിക്കുന്ന ഒരാളെ പോലെയാണ് ശ്രേയസ് അയ്യർ പെരുമാറുന്നത്. അത്ര ഒത്തിണക്കത്തോടെയാണ് കൊൽക്കത്തയെ അദേഹം നയിക്കുന്നത്. ടീമിനെ പ്ലേ ഓഫിലേക്ക് എത്തിക്കാൻ ശ്രേയസിന് കഴിയുമെന്നും' രവി ശാസ്ത്രി പറഞ്ഞു. 

കമന്‍റേറ്ററും വിന്‍ഡീസ് മുന്‍താരവുമായ ഇയാൻ ബിഷപ്പും രവി ശാസ്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ചു. രോഹിത് ശർമ്മക്ക് ശേഷം ആരാകും ഇന്ത്യൻ ടീമിനെ നയിക്കുകയെന്ന ചോദ്യങ്ങൾക്കിടെയാണ് ശ്രേയസ് അയ്യര്‍ക്ക് രവി ശാസ്‌ത്രിയുടെ പ്രശംസ വന്നിരിക്കുന്നത്. ശ്രേയസ് അയ്യര്‍ക്കൊപ്പം ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് നായകൻ കെ എൽ രാഹുലിനും ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്തിനും ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മ്മയ്‌ക്ക് പിന്‍ഗാമിയായി സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്. 

ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ സീസണിലെ ഏഴ് മത്സരങ്ങളില്‍ മൂന്ന് ജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ആറ് പോയിന്‍റുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ് നിലവില്‍ കെകെആര്‍. എന്നാല്‍ അവസാന മത്സരത്തില്‍ ശ്രേയസ് ബാറ്റിംഗില്‍ മുന്നില്‍ നിന്ന് നയിച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സിനോട് ഏഴ് റണ്‍സിന്‍റെ തോല്‍വി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വഴങ്ങി. 

ജോസ് ബട്‌ലറുടെ സെഞ്ചുറിയുടെയും യുസ്‌‌വേന്ദ്ര ചാഹലിന്‍റെ ഹാട്രിക് ഉള്‍പ്പടെയുള്ള അഞ്ച് വിക്കറ്റ് പ്രകടനത്തിന്‍റേയും കരുത്തില്‍ രാജസ്ഥാന്‍ ഏഴ് റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ‌്സിനെ തോല്‍പിക്കുകയായിരുന്നു. 51 പന്തില്‍ 85 റണ്‍സ് നേടിയ ശ്രേയസ് അയ്യരെ ഉള്‍പ്പടെ മടക്കിയാണ് ചാഹല്‍ ഹാട്രിക് തികച്ചത്. ആരോണ്‍ ഫിഞ്ച് 28 പന്തില്‍ 58 നേടി. കൊല്‍ക്കത്തയ്‌ക്കായി 9 പന്തില്‍ 21 റണ്‍സെടുത്ത ഉമേഷ് യാദവ് അവസാന ഓവറുകളില്‍ വെടിക്കെട്ട് പുറത്തെടുത്തെങ്കിലും വിജയം രാജസ്ഥാന് ഒപ്പം നില്‍ക്കുകയായിരുന്നു. കൊൽക്കത്തയുടെ പോരാട്ടം 19.4 ഓവറില്‍ 210 റണ്‍സില്‍ അവസാനിച്ചു.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 217 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണര്‍ ജോസ് ബട്‌ലറുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് രാജസ്ഥാന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. 61 പന്തില്‍ അഞ്ച് സിക്‌സും ഒമ്പത് ഫോറും സഹിതം 103 റണ്‍സ് ബട്‌ലര്‍ നേടി. സീസണില്‍ ബട്‌ലറിന്‍റെ രണ്ടാം സെഞ്ചുറിയാണിത്. നായകൻ സഞ്ജു സാംസണ്‍ 19 പന്തില്‍ 38 ഉം ഷിമ്രോന്‍ ഹെറ്റ്‌‌മെയര്‍ 13 പന്തില്‍ 26* ഉം റണ്‍സ് നേടി. കൊല്‍ക്കത്തയ്‌ക്കായി സുനില്‍ നരെയ്‌ന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.

IPL 2022 : ചുമ്മാ തീ! ഇത് ഹാട്രിക് ചഹലിസം- വീഡിയോ