എനിക്ക് തോന്നുന്നത് ധോണി തന്നെയാണ് ഇപ്പോഴും ചെന്നൈയുടെ ക്യാപ്റ്റന്‍ എന്നാണ്. ജഡേജയെ നോക്കുമ്പോള്‍ അദ്ദേഹം പലപ്പോഴും ഔട്ട് ഫീല്‍ഡിലാണ് ഫീല്‍ഡ് ചെയ്യുന്നത്. അവിടെ നിന്ന് നിങ്ങള്‍ക്ക് കളിയിലെ പലകാര്യങ്ങളും നിയന്ത്രിക്കാനാവില്ല.

മുംബൈ: ഐപിഎല്‍(IPL 2022) പതിനഞ്ചാം സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ(CSK) നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച് എം എസ് ധോണി(MS Dhoni) ആരാധകരെ ഞെട്ടിച്ചത്. രവീന്ദ്ര ജഡേജയെ(Ravindra Jadeja) പുതിയ നായതനായി ധോണി നിര്‍ദേശിക്കുകയും ചെയ്തു. പുതിയ നായകന് കീഴില്‍ ഇറങ്ങിയ ചെന്നൈക്ക് പക്ഷെ, സീസണില്‍ ഇതുവരെ ജയം നേടാനായിട്ടില്ല.

സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലാണിപ്പോള്‍ ചെന്നൈ. നായകനെന്ന നിലയില്‍ ജഡേജ കളി നിയന്ത്രിക്കുന്നത് കാണുന്നത് തന്നെ അപൂര്‍വമാണെന്ന വിമര്‍ശനത്തിനിടെ ചെന്നൈയെ നയിക്കുന്നത് ഇപ്പോഴും ധോണിയാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. സ്റ്റാര്‍ സ്പോര്‍സ് ചാനലിലെ ടോക് ഷോയിലായിരുന്നു ഹര്‍ഭജന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

എനിക്ക് തോന്നുന്നത് ധോണി തന്നെയാണ് ഇപ്പോഴും ചെന്നൈയുടെ ക്യാപ്റ്റന്‍ എന്നാണ്. ജഡേജയെ നോക്കുമ്പോള്‍ അദ്ദേഹം പലപ്പോഴും ഔട്ട് ഫീല്‍ഡിലാണ് ഫീല്‍ഡ് ചെയ്യുന്നത്. അവിടെ നിന്ന് നിങ്ങള്‍ക്ക് കളിയിലെ പലകാര്യങ്ങളും നിയന്ത്രിക്കാനാവില്ല. എനിക്ക് തോന്നുന്നത് ജഡേജ, ഫീല്‍ഡ് സെറ്റിംഗ് അടക്കമുള്ള കാര്യങ്ങളുടെ തലവേദനയൊക്കെ ധോണിയെ ഏല്‍പ്പിച്ചിരിക്കുകയാണെന്നാണ്. തന്‍റെ തോളില്‍ നിന്ന് ഫീല്‍ഡ് സെറ്റിംഗ് പോലെ കുറച്ചു ഭാരം ധോണിയുടെ ചുമലില്‍ വെച്ചുകൊടുത്തിരിക്കുകയാണ്.

ധോണിക്ക് കീഴില്‍ ജഡേജയെ നായകനാക്കിയത് ശരിയായ തീരുമാനമായിരുന്നുവെന്നും മുന്‍ ചെന്നൈ താരം കൂടിയായ ഹര്‍ഭജന്‍ പറഞ്ഞു. ബാറ്റിംഗിലായാലും ബൗളിംഗിലായാലും ആത്മവിശ്വാസമാണ് ജഡേജയുടെ കൈമുതല്‍. അതുകൊണ്ടുതന്നെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ജഡേജയെ തെരഞ്ഞെടുത്തത് ശരിായയ തീരുമാനമാണ്. ധോണിക്ക് കീഴില്‍ ജഡേജ മികച്ച നായകനായി വളരും.

ചെന്നൈയുടെ ബൗളിംഗ് ദുര്‍ബലമാണെന്നും ബാറ്റിംഗിലും കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ ജഡേജക്കും പലതും തെളിയിക്കണം. പക്ഷെ എന്തായാലും അദ്ദേഹത്തെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത് ശരിയായ തീരുമാനമാണ്. ക്യാപ്റ്റന്‍ സ്ഥാനത്ത് ജഡേജക്ക് കുറച്ചുകൂടി സമയം നല്‍കേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ ധോണി അദ്ദേഹത്തെ സഹായിക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

2008ല്‍ ഐപിഎല്ലിലെ അരങ്ങേറ്റ സീസണ്‍ മുതല്‍ ചെന്നൈയുടെ നായകനായിരുന്നു എം എസ് ധോണി. ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശര്‍മ്മക്ക് ശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ നായകനുമാണ്.

ധോണിക്ക് കീഴില്‍ ചെന്നൈ 204 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഇതില്‍ 121 എണ്ണത്തില്‍ ടീം ജയിച്ചു. വിജയശതമാനം 59.60. പന്ത്രണ്ട് സീസണില്‍ ചെന്നൈയെ നയിച്ച ധോണിക്ക് കീഴില്‍ 2020ല്‍ മാത്രമാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായത്.2012ൽ 9.8 കോടി രൂപയ്ക്ക് ചെന്നൈയിൽ എത്തിയ ജഡേജയെ ടീം ഇത്തവണത്തെ താരലേലത്തിൽ 16 കോടി രൂപയ്ക്കാണ് നിലനിർത്തിയത്.