അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മാച്ച് വിന്നിംഗ്‌സ് പ്രകടനം രാഹുല്‍ ത്രിപാഠി പുറത്തെടുത്തിരുന്നു

മുംബൈ: ഐപിഎല്ലില്‍(IPL 2022) തിളങ്ങുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(Sunrisers Hyderabad) ബാറ്റര്‍ രാഹുല്‍ ത്രിപാഠിയെ(Rahul Tripathi) ഇന്ത്യന്‍ ടീമിലെടുക്കണം എന്ന് വാദിച്ച് മുന്‍ താരങ്ങള്‍. ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രി(Ravi Shastri), കമന്‍റേറ്റര്‍ ഇയാന്‍ ബിഷപ്പ്(Ian Bishop), മുന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍(Irfan Pathan) എന്നിവരാണ് ത്രിപാഠിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മാച്ച് വിന്നിംഗ്‌സ് പ്രകടനം രാഹുല്‍ ത്രിപാഠി പുറത്തെടുത്തിരുന്നു.

'ഇന്ത്യന്‍ ടീമിലെടുക്കുന്നതിന് ഏറെ അകലെയല്ല രാഹുല്‍ ത്രിപാഠി. ആര്‍ക്കെങ്കിലും കളിക്കാന്‍ കഴിയാതെ വരികയോ പരിക്കേല്‍ക്കുകയോ ചെയ്‌താല്‍ നേരിട്ട് ടീമില്‍ ഉള്‍പ്പെടുത്തേണ്ട താരമാണ്. മൂന്ന്, നാല് നമ്പറുകളില്‍ താരത്തിന് ബാറ്റ് ചെയ്യാം. അപകടകാരിയായ ബാറ്ററാണ് അദേഹം. ഒന്നിലധികം സീസണുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കില്‍ സെലക്‌ടര്‍മാര്‍ വളരെ അടുത്ത് താരത്തെ നിരീക്ഷിക്കുന്നുണ്ടാകും എന്നുറപ്പാണ്. രാഹുല്‍ ത്രിപാഠിക്ക് വളരെ ആത്മവിശ്വാസമുണ്ട്. അദേഹത്തിന്‍റെ ഷോട്ട് സെലക്ഷനാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. ബൗളര്‍മാരെ വായിക്കുന്നതും ആക്രമിക്കാന്‍ കൃത്യമായ പൊസിഷന്‍ കണ്ടെത്തുന്നതും ത്രിപാഠിയുടെ മികവാണ്' എന്നും ശാസ്‌ത്രി ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു. 

രാഹുല്‍ ത്രിപാഠി രാജ്യാന്തര ക്രിക്കറ്റ് കളിക്കേണ്ട സമയമാണിത് എന്നായിരുന്നു മുംബൈക്കെതിരെ അദേഹത്തിന്‍റെ ബാറ്റിംഗിനിടെ കമന്‍റേറ്ററും വിന്‍ഡീസ് മുന്‍ പേസറുമായ ഇയാന്‍ ബിഷപ്പിന്‍റെ വാക്കുകള്‍. ത്രിപാഠിയുടെ ബാറ്റിംഗ് ഇഷ്‌ടപ്പെടുന്നതായി ഇന്ത്യന്‍ മുന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്‌തു. 

ഈ ഐപിഎല്‍ സീസണില്‍ നമ്പര്‍ ത്രീ പൊസിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് രാഹുല്‍ ത്രിപാഠിയാണ്. മൂന്നാമനായിറങ്ങി 13 ഇന്നിംഗ്‌സുകളില്‍ 393 റണ്‍സാണ് സമ്പാദ്യം. മികച്ച സ്‌ട്രൈക്ക് റേറ്റിലാണ്(161.73) ത്രിപാഠി ബാറ്റ് ചെയ്യുന്നതും. ഇന്നലെ മുംബൈ ഇന്ത്യന്‍സിനോട് സണ്‍റൈസേഴ്‌സ് മൂന്ന് റണ്‍സിന്‍റെ നിര്‍ണായക വിജയം നേടിയത് രാഹുല്‍ ത്രിപാഠിയുടെ ബാറ്റിംഗ് മികവിലായിരുന്നു. ഹൈദരാബാദിന്‍റെ 193 റണ്‍സിന് മറുപടിയായി മുംബൈക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 190 റണ്‍സെടുക്കാനേയായുള്ളൂ. രാഹുല്‍ ത്രിപാഠി 44 പന്തില്‍ 9 ഫോറും മൂന്ന് സിക്‌സറും സഹിതം 76 റണ്‍സെടുത്തു. 

നാണക്കേട്! വനിതാ ഫുട്‌ബോള്‍ ലീഗിലെ പ്ലെയര്‍ ഓഫ് ദ മാച്ചിന് സമ്മാനത്തുക വെറും 5000 രൂപ! എഐഎഫ്എഫിന് പരിഹാസം