Asianet News MalayalamAsianet News Malayalam

IPL 2022 : പകരക്കാരനായി ആര്‍സിബി ടീമിലെത്തി; ഒടുവില്‍ തകര്‍പ്പന്‍ റെക്കോര്‍ഡിട്ട് രജത് പടിദാർ

സീസണിനിടെ ലവ്നിത് സിസോദിയ പരിക്കേറ്റ് പുറത്തുപോയപ്പോള്‍ ആര്‍സിബി പട്ടിദാറിനെ അടിസ്ഥാനവിലയായ 20 ലക്ഷത്തിന് ടീമിലുള്‍പ്പെടുത്തുകയായിരുന്നു

IPL 2022 LSG vs RCB Eliminator Rajat Patidar first uncapped player to score century in IPL Playoffs
Author
Kolkata, First Published May 26, 2022, 7:48 AM IST

കൊല്‍ക്കത്ത: ഐപിഎല്‍ പ്ലേഓഫില്‍(LSG vs RCB Eliminator) സെഞ്ചുറി നേടുന്ന ആദ്യ അണ്‍ക്യാപ്‌ഡ് ഇന്ത്യന്‍ താരമാണ് രജത് പട്ടിദാർ. താരലേലത്തിൽ ആര്‍ക്കും വേണ്ടാതിരുന്ന പട്ടിദാര്‍(Rajat Patidar) സീസണിന് ഇടയിലാണ് ആര്‍സിബി(Royal Challengers Bangalore) ടീമിലെത്തിയത്. വിരാട് കോലിയെയും ഫാഫ് ഡുപ്ലെസിയെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും മെരുക്കാന്‍ തയ്യാറെടുത്തുവന്ന ലഖ്‌നൗവിന് സിലബസിന് പുറത്തുനിന്നുള്ള പരീക്ഷണമായി രജത് പതിദാര്‍.

കോലി, മാക്സ്‍‍വെല്‍, ഡുപ്ലെസി ത്രയം ആകെക്കൂടി 34 റൺസ് മാത്രം നേടിയിട്ടും ആര്‍സിബിയെ 200 കടത്തി 28കാരനായ മധ്യപ്രദേശ് താരം. കേരളത്തിനെതിരെ രഞ്ജി ട്രോഫിയിൽ സെഞ്ചുറി അടക്കം മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള പട്ടിദാര്‍ കഴിഞ്ഞ സീസണിലാണ് ആദ്യം ആര്‍സിബി ടീമിലെത്തുന്നത്. പക്ഷേ 4 ഇന്നിംഗ്സില്‍ 77 റൺസ് മാത്രം നേടിയതോടെ ഇത്തവണത്തെ താരലേലത്തിൽ ആര്‍സിബിക്ക് പോലും വേണ്ടാതായി. എങ്കിലും സീസണിനിടെ ലവ്നിത് സിസോദിയ പരിക്കേറ്റ് പുറത്തുപോയപ്പോള്‍ ആര്‍സിബി പട്ടിദാറിനെ അടിസ്ഥാനവിലയായ 20 ലക്ഷത്തിന് ടീമിലുള്‍പ്പെടുത്തി.

രണ്ടാം അവസരത്തിൽ അര്‍ധസെഞ്ചുറി നേടി ശ്രദ്ധിക്കപ്പെട്ട പട്ടിദാര്‍ സമ്മര്‍ദ്ദമേറിയ എലിമിനേറ്റര്‍ പോരാട്ടത്തിൽ ബാംഗ്ലൂരിന്‍റെ ഒറ്റയാൾ പട്ടാളമായി. 2009ൽ മനീഷ് പാണ്ഡേയും 2021ൽ ദേവ്‌ദത്ത് പടിക്കലുമാണ് ഇതിന് മുന്‍പ് ഐപിഎല്ലിൽ സെഞ്ചുറി നേടിയിട്ടുള്ള അണ്‍ക്യാപ്‌ഡ് ആര്‍സിബി താരങ്ങൾ. 2011ൽ പഞ്ചാബിന്‍റെ അൺക്യാപ്‌ഡ് താരം പോള്‍ വാൽത്താട്ടിയും സെഞ്ചുറി നേടിയിട്ടുണ്ട്.

എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനെ 14 റൺസിന് തോൽപ്പിച്ച് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഐപിഎൽ ക്വാളിഫയറിൽ കടന്നു. ബാംഗ്ലൂരിന്‍റെ 207 റൺസ് പിന്തുടർന്ന ലഖ്‌നൗവിന് 193 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സെഞ്ചുറി നേടിയ രജത് പട്ടിദാറാണ് കളിയിലെ താരം. രജത് പട്ടിദാർ 49 പന്തിലായിരുന്നു സെഞ്ചുറി തികച്ചത്. പട്ടിദാർ 54 പന്തിൽ 12 ഫോറും ഏഴ് സിക്‌സറുമടക്കം 112* റണ്‍സുമായി പുറത്താകാതെ നിന്നു.  

IPL 2022 : തിരിച്ചടിച്ച് ഹേസല്‍വുഡും ഹാര്‍ഷലും, ലഖ്‌നൗ പുറത്ത്; രാജസ്ഥാന്‍- ആര്‍സിബി രണ്ടാം ക്വാളിഫയര്‍

Follow Us:
Download App:
  • android
  • ios