അവസാന 6 പന്തില്‍ ജയിക്കാന്‍ വേണ്ട 21 റണ്‍സിലേക്ക് റിങ്കു സിംഗ് 4, 6, 6, 2 എന്നിങ്ങനെയുമായി തകര്‍ത്ത് തുടങ്ങിയെങ്കിലും അഞ്ചാം പന്തില്‍ ലെവിസിന്‍റെ പറക്കും ക്യാച്ചില്‍ പുറത്തായി

മുംബൈ: ഐപിഎല്ലില്‍(IPL 2022) അവസാന പന്തിലേക്ക് നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ(Lucknow Super Giants) റണ്‍മലയ്‌ക്ക് മുന്നില്‍ പൊരുതിവീണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders). രണ്ട് റണ്‍സിനാണ് കെകെആറിന്‍റെ പരാജയം. 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്‌ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 208 റണ്‍സെടുക്കാനേയായുള്ളൂ. അവസാന ഓവറുകളില്‍ റിങ്കു സിംഗും(Rinku Singh), സുനില്‍ നരെയ്‌നും(Sunil Narine) നടത്തിയ വെടിക്കെട്ട് പാഴായി. നേരത്തെ ക്വിന്‍റണ്‍ ഡികോക്കിന്‍റെ(Quinton de Kock) ഇടിവെട്ട് സെഞ്ചുറിയാണ് ലഖ്‌നൗവിനെ 210 റണ്‍സിലെത്തിച്ചത്. ജയത്തോടെ ലഖ്‌നൗ(LSG) പ്ലേ ഓഫിലെത്തിയപ്പോള്‍ കെകെആര്‍(KKR) പുറത്തായി. 

അയ്യരുകളി ഏശിയില്ല

മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആദ്യ ഓവര്‍ തന്നെ പ്രഹരമായി. അക്കൗണ്ട് തുറക്കും മുമ്പ് വെങ്കടേഷ് അയ്യരെ മെഹ്‌സീന്‍ ഖാന്‍ ഡികോക്കിന്‍റെ കൈകളിലാക്കി. ഒരോവറിന്‍റെ ഇടവേളയില്‍ മറ്റൊരു ഓപ്പണര്‍ അഭിജീത് തോമറും വീണു. മൊഹ്‌സീന് തന്നെയായിരുന്നു വിക്കറ്റ്. ഓപ്പണര്‍മാര്‍ പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 2.4 ഓവറില്‍ 9 മാത്രം. രക്ഷാപ്രവര്‍ത്തനത്തില്‍ ശ്രമിച്ച നിതീഷ് റാണയെ 22 പന്തില്‍ 42 റണ്‍സെടുത്ത് നില്‍ക്കേ കെ ഗൗതം, സ്റ്റോയിനിസിന്‍റെ കൈകളിലെത്തിച്ചത് നിര്‍ണായകമായി. എന്നാല്‍ ഈസമയം 7.1 ഓവറില്‍ കെകെആര്‍ 65ലെത്തിയിരുന്നു. 

റസല്‍ മാനിയയുമില്ല

നാലാം വിക്കറ്റില്‍ ശ്രേയസ് അയ്യരും സാം ബില്ലിംഗ്‌സും ടീമിനെ 11-ാം ഓവറിലെ ആദ്യ പന്തില്‍ 100 കടത്തി. 14-ാം ഓവറില്‍ ഫിഫ്റ്റി തികച്ചെങ്കിലും തൊട്ടടുത്ത സ്റ്റോയിനിസിന്‍റെ പന്തില്‍ അയ്യര്‍, ഹൂഡയുടെ ഗംഭീര ക്യാച്ചില്‍ മടങ്ങി. 29 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 50 റണ്‍സാണ് അയ്യര്‍ നേടിയത്. സാം ബില്ലിംഗ്‌സും ആന്ദ്രേ റസലും ക്രീസില്‍ നില്‍ക്കേ 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ സ്‌കോര്‍ 134-4. അവസാന അഞ്ച് ഓവറില്‍ ജയിക്കാന്‍ 77 റണ്‍സ്. തൊട്ടടുത്ത ഓവറില്‍ ബില്ലിംഗ്‌സിനെ(24 പന്തില്‍ 36) ബിഷ്‌ണോയിയുടെ പന്തില്‍ ഡികോക്ക് സ്റ്റംപ് ചെയ്തു. 

പക്ഷേ റിങ്കു, ഒടുവിലാ ക്യാച്ച്!

അവസാന ഓവറുകളില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി പന്ത് ബാറ്റില്‍ കൊള്ളിക്കാന്‍ പ്രയാസപ്പെടുന്ന റസലിനെയാണ് ആരാധകര്‍ കണ്ടത്. 11 പന്ത് നേരിട്ട റസല്‍ അഞ്ച് റണ്‍സ് മാത്രമായി മൊഹ്‌സീന് കീഴടങ്ങി. 18-ാം ഓവറില്‍ ആവേഷ് ഖാനെ 17 റണ്‍സിന് തൂക്കി സുനില്‍ നരെയ്‌നും റിങ്കു സിംഗും കെകെആറിന് പ്രതീക്ഷ നല്‍കി. അവസാന 6 പന്തില്‍ ജയിക്കാന്‍ വേണ്ട 21 റണ്‍സിലേക്ക് റിങ്കു സിംഗ് 4, 6, 6, 2 എന്നിങ്ങനെയുമായി തകര്‍ത്ത് തുടങ്ങിയെങ്കിലും അഞ്ചാം പന്തില്‍ ലെവിസിന്‍റെ ഒറ്റകൈയന്‍ പറക്കും ക്യാച്ചില്‍ പുറത്തായി. 15 പന്തില്‍ 40 റണ്‍സ് റിങ്കു നേടി. ഈ ക്യാച്ചാണ് മത്സരത്തിന്‍റെ വിധി നിശ്ചയിച്ചത്. അവസാന പന്തില്‍ ഉമേഷ് യാദവിനെ ബൗള്‍ഡാക്കി സ്റ്റോയിനിസ് ലഖ്‌നൗവിന്‍റെ ജയമുറപ്പിച്ചു. നരെയ്‌ന്‍ 7 പന്തില്‍ 21* പുറത്താകാതെ നിന്നു.

എല്ലാം ഡികോക്കിന്‍റെ അടിപൂരം 

മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിറങ്ങിയ ലഖ്‌നൗ 20 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 210 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഡികോക്ക് 70 പന്തില്‍ 10 വീതം ഫോറും സിക്‌സും സഹിതം 140* ഉം രാഹുല്‍ 51 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പടെ 68* ഉം റണ്‍സുമായി പുറത്താകാതെ നിന്നു. ഡികോക്ക് 36 പന്തിലും രാഹുല്‍ 41 പന്തിലും ഫിഫ്റ്റി തികച്ചു. അവസാന 5 ഓവറില്‍ 71 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഈ സീസണില്‍ ഒരു താരത്തിന്‍റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഡികോക്ക് കുറിച്ചത്. ഐപിഎല്‍ കരിയറില്‍ ഡികോക്കിനിത് രണ്ടാമത്തെ ശതകവും. 

അടിവാങ്ങാന്‍ മത്സരം

കൊല്‍ക്കത്ത ബൗളര്‍മാരില്‍ ടിം സൗത്തി നാല് ഓവറില്‍ 57 ഉം വരുണ്‍ ചക്രവര്‍ത്തി 38 ഉം ഉമേഷ് യാദവ് 34 ഉം സുനില്‍ നരെയ്‌ന്‍ 27 ഉം റണ്‍സ് വഴങ്ങി. മൂന്ന് ഓവറില്‍ 45 റണ്‍സ് വിട്ടുകൊടുത്ത ആന്ദ്രേ റസലാണ് ഇക്കോണമി കണക്കില്‍ ഏറ്റവും മോശമായി പന്തെറിഞ്ഞത്. നിതീഷ് റാണ ഒരോവറില്‍ 9 വിട്ടുകൊടുത്തു. 

ക്വിന്‍റണ്‍ ഡിക്കോക്കിന്‍റെ ക്വിന്‍റല്‍ അടി; മുംബൈയുടെ മാനത്ത് പെയ്‌തിറങ്ങിയത് ഈ റെക്കോര്‍ഡുകള്‍