തോല്‍വിയുടെ നിലയില്ലാക്കയത്തില്‍ നിന്ന് കരയകറാന്‍ രോഹിത്തിന്റെ മുംബൈ ഇന്ത്യല്‍സ്. ഏഴ് കളിയിലും അടിതെറ്റിയ മുംബൈയ്ക്ക് ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളിലെല്ലാം വന്‍വിജയം അനിവാര്യം. 

മുംബൈ: ഐപിഎല്ലില്‍ (IPL 2022) മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ (LSG) നേരിടും. മുംബൈ വാംഖഡേ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. രോഹിത് ശര്‍മയും (Rohit Sharma) കെ എല്‍ രാഹുലും വീണ്ടും നേര്‍ക്കുനേര്‍. തോല്‍വിയുടെ നിലയില്ലാക്കയത്തില്‍ നിന്ന് കരയകറാന്‍ രോഹിത്തിന്റെ മുംബൈ ഇന്ത്യല്‍സ്. ഏഴ് കളിയിലും അടിതെറ്റിയ മുംബൈയ്ക്ക് ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളിലെല്ലാം വന്‍വിജയം അനിവാര്യം. 

അഞ്ചാം ജയത്തിനിറങ്ങുന്ന രാഹുലിന്റെ ലഖ്‌നൗവിനെ നേരിടുമ്പോള്‍ ആദ്യമത്സരത്തിലെ തോല്‍വിക്ക് പകരംവീട്ടാന്‍ കൂടിയുണ്ട് രോഹിത്തിന്. കഴിഞ്ഞായാഴ്ച ഏറ്റുമുട്ടിയപ്പോള്‍ 18 റണ്‍സിനായിരുന്നു സൂപ്പര്‍ ജയന്റ്‌സിന്റെ ജയം. 199 റണ്‍സ് പിന്തുടര്‍ന്ന മുംബൈയ്ക്ക് 181 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ. 

ദുര്‍ബലമായ ബൗളിംഗിനൊപ്പം രോഹിത്, ഇഷാന്‍ കിഷന്‍, കെയ്‌റോണ്‍ പൊള്ളാര്‍ഡ് തുടങ്ങിയവരുടെ മങ്ങിയ ബാറ്റിംഗും വീഴ്ചയുടെ ആഘാതം കൂട്ടുന്നു. ആശ്വാസം ഡെവാള്‍ഡ് ബ്രൂയിസ്, തിലക് വര്‍മ്മ, സൂര്യകുമാര്‍ എന്നിവര്‍ മാത്രം.

മറുവശത്ത് ആയുഷ് ബഡോണിയെന്ന താരത്തെ കണ്ടെത്തിയ സൂപ്പര്‍ ജയന്റ്‌സിന് കരുത്തായി രാഹുലിനൊപ്പം ക്വിന്റണ്‍ ഡി കോക്കും ദീപക് ഹൂഡയും മാര്‍ക്കസ് സ്റ്റോയിനിസുമുണ്ട്. 

ജയ്‌സണ്‍ ഹോള്‍ഡര്‍, ക്രുനാല്‍ പണ്ഡ്യ എന്നിവരുടെ ഓള്‍റൗണ്ട് മികവും ആവേശ് ഖാന്റെ വേഗവും രവി ബിഷ്‌ണോയിയുടെ സ്പിന്നും ലക്‌നൗവിനെ സൂപ്പര്‍ ജയന്റ്‌സാക്കുന്നു.