ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും മുമ്പ് 25 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്

നവി മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) രണ്ടാമത്തെ മത്സരത്തിലും ജയം തേടി ഇറങ്ങുകയാണ് സഞ്ജു സാംസണ്‍ (Sanju Samson) നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). ബാറ്റിംഗിലും ബൗളിംഗിലും കരുത്തുറ്റ നിരയെ കിട്ടിയ ടീമിന് പ്രതീക്ഷകളേറെ. അതേസമയം ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ ടീമെന്ന ഖ്യാതിയുമായാണ് രോഹിത് ശര്‍മ്മ (Rohit Sharma) നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് (Mumbai Indians) വരുന്നത്. മുംബൈ, രാജസ്ഥാന്‍ ടീമുകളുടെ (MI vs RR) നേര്‍ക്കുനേര്‍ കണക്ക് പരിശോധിക്കാം. 

ഐപിഎല്ലില്‍ ഇരുടീമും മുമ്പ് 25 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ് 13ലും രാജസ്ഥാൻ റോയല്‍സ് 11 കളിയിലും ജയിച്ചു. ഈ സീസണിന് മുന്നോടിയായി മെഗാതാരലേലം നടന്നതിനാല്‍ ഏറെ മാറ്റം ടീമുകളില്‍ വന്നത് വിധിനിര്‍ണയത്തില്‍ നിര്‍ണായകമാകും.

നവി മുംബൈയില്‍ വൈകിട്ട് മൂന്നരയ്ക്കാണ് മുംബൈ ഇന്ത്യന്‍സ്-രാജസ്ഥാന്‍ റോയല്‍സ് കളി തുടങ്ങുക. സഞ്ജു സാംസണും രോഹിത് ശർമ്മയും നേര്‍ക്കുനേര്‍ വരുന്ന മത്സരമാണിത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോൽപിച്ചാണ് രാജസ്ഥാൻ റോയല്‍സ് രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. മുംബൈ ഇന്ത്യൻസ് ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് തോറ്റിരുന്നു. പരിക്കിൽ നിന്ന് മുക്തനായ സൂര്യകുമാർ യാദവ് തിരിച്ചെത്തുന്നത് മുംബൈയ്ക്ക് കരുത്താവും. ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഇഷാൻ കിഷനും ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. 

അതേസമയം ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമാണ് ഇത്തവണ സഞ്ജുവിന്‍റെ രാജസ്ഥാൻ റോയൽസ്. മലയാളി താരങ്ങളായ സഞ്ജുവും ബേസിൽ തമ്പിയും മുഖാമുഖം വരുന്ന മത്സരം കൂടിയാണിത്. സഞ്ജു ആദ്യ മത്സരത്തിൽ അതിവേഗ അർധസെഞ്ചുറി നേടിയപ്പോൾ ബേസിൽ മുംബൈയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.

IPL 2022 : ഉന്നം രണ്ടാംജയം; ഗുജറാത്ത് ടൈറ്റന്‍സും ഡൽഹി ക്യാപിറ്റൽസും കളത്തില്‍; ഡല്‍ഹിക്ക് ആശ്വാസവാര്‍ത്ത