ഐപിഎല്‍ നിയമാവലിയിലെ ലെവല്‍ 1 കുറ്റം ഇരുവരും ചെയ്‌തു എന്നാണ് കണ്ടെത്തല്‍

പുനെ: ഐപിഎല്ലില്‍ (IPL 2022) അച്ചടക്കലംഘനത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) ബാറ്റര്‍ നിതീഷ് റാണയ്‌ക്ക് (Nitish Rana) മാച്ച് ഫീയുടെ 10 ശതമാനം പിഴയും മുംബൈ ഇന്ത്യന്‍സ് (Mumbai Indians) പേസര്‍ ജസ്‌പ്രീത് ബുമ്രക്ക് (Jasprit Bumrah) താക്കീതും. ഇന്നലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ ഇരുവരും കളിച്ചിരുന്നു. 

ഐപിഎല്‍ നിയമാവലിയിലെ ലെവല്‍ 1 കുറ്റം റാണ ചെയ്‌തു എന്നാണ് കണ്ടെത്തല്‍. ബുമ്രയും ലെവല്‍ 1 കുറ്റമാണ് ചെയ്‌തെതെങ്കിലും പിഴ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ ഇരുവരും ചെയ്‌ത കുറ്റമെന്താണ് എന്ന് ഐപിഎല്ലിന്‍റെ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കുന്നില്ല. മത്സരത്തില്‍ റാണ ഏഴ് പന്തില്‍ എട്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ മൂന്ന് ഓവര്‍ പന്തെറിഞ്ഞ ബുമ്രക്ക് വിക്കറ്റൊന്നും നേടാനായിരുന്നില്ല. 26 റണ്‍സാണ് ബുമ്ര വിട്ടുകൊടുത്തത്. 

മത്സരത്തില്‍ പാറ്റ് കമ്മിന്‍സ് വെടിക്കെട്ടില്‍ കൊല്‍ക്കത്ത അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു. 15-ാം ഓവറില്‍ സാക്ഷാല്‍ ജസ്‌പ്രീത് ബുമ്രയെ ഫോറിനും സിക്‌സറിനും പറത്തിയാണ് പാറ്റ് കമ്മിന്‍സ് വരവറിയിച്ചത്. ഈ ഓവറില്‍ അയ്യരും കമ്മിന്‍സും കൂടി 12 റണ്‍സ് നേടി. 16-ാം ഓവറില്‍ ഓസീസ് സഹതാരം ഡാനിയേല്‍ സാംസിനെതിരെ സംഹാരരൂപം പൂണ്ടു കമ്മിന്‍സ്. നാല് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പടെ 35 റണ്‍സ് ഈ ഓവറില്‍ കമ്മിന്‍സ് അടിച്ചുകൂട്ടി. സാംസിന്‍റെ അവസാന പന്ത് ഗാലറിയിലെത്തിച്ച് കൊല്‍ക്കത്തയ്‌ക്ക് അഞ്ച് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം കമ്മിന്‍സ് സമ്മാനിക്കുകയായിരുന്നു. 

കളിയവസാനിക്കുമ്പോള്‍ കമ്മിന്‍സ് 15 പന്തില്‍ ആറ് സിക്‌സറും നാല് ഫോറും സഹിതം പുറത്താകാതെ 56 റണ്‍സുമായി അജയ്യനായി ക്രീസില്‍ നിന്നു. 41 പന്തിൽ പുറത്താകാതെ 50 റൺസുമായി വെങ്കടേഷ് അയ്യരും ടീമിന്‍റെ ജയത്തിൽ നിർണായകമായി.

നേരത്തെ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ ബാറ്റിംഗ് ഷോയില്‍ തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം മികച്ച സ്‌കോറിലെത്തുകയായിരുന്നു മുംബൈ ഇന്ത്യന്‍സ്. സൂര്യകുമാര്‍ 36 പന്തില്‍ 52 ഉം തിലക് 27 പന്തില്‍ 38* ഉം എടുത്തപ്പോള്‍ മുംബൈ 20 ഓവറില്‍ നാല് വിക്കറ്റിന് 161 റണ്‍സെടുത്തു. അവസാന ഓവറില്‍ ബാറ്റിംഗിനിറങ്ങി പാറ്റ് കമ്മിന്‍സിനെ പറത്തി 5 പന്തില്‍ 22 റണ്‍സെടുത്ത പൊള്ളാര്‍ഡിന്‍റെ പ്രകടനം നിര്‍ണായകമായി. എന്നാല്‍ കിട്ടിയതിന് പലിശ സഹിതം തിരികെ കൊടുത്തു കമ്മിന്‍സ്. അർധ സെഞ്ചുറിക്ക് പുറമെ മുംബൈയുടെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയ പാറ്റ് കമ്മിൻസാണ് കളിയിലെ താരം.

IPL 2022 : കാണാത്തവര്‍ കാണുക, കണ്ടവര്‍ വീണ്ടും കാണുക; ഇത് പാറ്റ് കമ്മിന്‍സിന്‍റെ 'പഞ്ഞിക്കിടല്‍'- വീഡിയോ