അഞ്ചാം ഓവറില്‍ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ(15 പന്തില്‍ 24) ബൗള്‍ഡാക്കി മുത്സഫിസുര്‍ പഞ്ചാബിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. മികച്ച ഫോമിലുള്ള ലിവിംഗ്‌സ്റ്റണെ(2) പവര്‍ പ്ലേക്ക് മുമ്പെ അക്സര്‍ പട്ടേല്‍ മടക്കിയതോടെ പഞ്ചാബിന്‍റെ കാറ്റുപോയി. പവര്‍ പ്ലേക്ക് പിന്നാലെ പ്രതീക്ഷ നല്‍കിയ ജോണി ബെയര്‍സ്റ്റോയും(9) ഖലീലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) പഞ്ചാബ് കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals vs Punjab Kings) 116 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 115 റണ്‍സിന് ഓള്‍ ഔട്ടായി. 32 റണ്‍സെടുത്ത ജിതേഷ് ശര്‍മയാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ 24 റണ്‍സെടുത്തപ്പോള്‍ മറ്റ് ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും തിളങ്ങാനായില്ല. ഡല്‍ഹിക്കുവേണ്ടി ഖലീല്‍ അഹമ്മദ്, ലളിത് യാദവ്, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തുടക്കം മുതല്‍ തകര്‍ച്ച

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പഞ്ചാബ് തുടക്കം മുതല്‍ തകര്‍ന്നു. പവര്‍ പ്ലേയില്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഏഴ് റണ്‍സും ഖലീല്‍ അഹമ്മദിന്‍റെ രണ്ടാം ഓവറില്‍ ആറ് റണ്‍സും നേടി തുടങ്ങിയ പഞ്ചാബ് താക്കൂറിന്‍റെ മൂന്നാം ഓവറില്‍ മൂന്ന് ബൗണ്ടറിയടക്കം 14 റണ്‍സടിച്ച് കുതിക്കാനൊരുങ്ങിയെങ്കിലും നാലാം ഓവറില്‍ സ്പിന്നര്‍ ലളിത് യാദവ് പിടിച്ചു കെട്ടി. ഓപ്പണര്‍ ശിഖര്‍ ധവാനെ(9) ലളിത് യാദവ് വിക്കറ്റിന് പിന്നില്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചതോടെ പ‍്ചാബിന്‍റെ തകര്‍ച്ച തുടങ്ങി.

അഞ്ചാം ഓവറില്‍ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ(15 പന്തില്‍ 24) ബൗള്‍ഡാക്കി മുത്സഫിസുര്‍ പഞ്ചാബിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. മികച്ച ഫോമിലുള്ള ലിവിംഗ്‌സ്റ്റണെ(2) പവര്‍ പ്ലേക്ക് മുമ്പെ അക്സര്‍ പട്ടേല്‍ മടക്കിയതോടെ പഞ്ചാബിന്‍റെ കാറ്റുപോയി. പവര്‍ പ്ലേക്ക് പിന്നാലെ പ്രതീക്ഷ നല്‍കിയ ജോണി ബെയര്‍സ്റ്റോയും(9) ഖലീലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

54-4 എന്ന സ്കോറില്‍ തകര്‍ന്ന പഞ്ചാബിനെ ജിതേഷ് ശര്‍മയും ഷാരൂക് ഖാനും ചേര്‍ന്ന് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ജിതേഷിനെ(23 പന്തില്‍ 32) വിക്കറ്റിന് മുന്നില്‍ കുടുക്കി അക്സര്‍ ആ പ്രതീക്ഷ തകര്‍ത്തു. പിന്നാലെ ഷാരൂഖ് ഖാനെ(12)ഖലീലും റബാഡയെയും(2) നഥാന്‍ എല്ലിസിനെയും(0) കുല്‍ദീപും മടക്കി. വാലറ്റത്ത് രാഹുല്‍ ചാഹറിന്‍റെ(12) ചെറിയ വെടിക്കെട്ട് പഞ്ചാബിനെ 100 കടത്തി.

ഡല്‍ഹിക്കായി അക്സര്‍ പട്ടേല്‍ നാലോവറില്‍ 10 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഖലീല്‍ അഹമ്മദ് നാലോവറില്‍ 21 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ഡല്‍ഹി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കൊവിഡ് ഭീതിക്കിടയിലും കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരേയൊരു മാറ്റവുമായാണ് ഡല്‍ഹി ടീം ഇന്ന് പഞ്ചാബിനെതിരെ ഇറങ്ങുന്നത്. കൊവിഡ് ബാധിതനായ മിച്ചല്‍ മാര്‍ഷിന് പകരം സര്‍ഫ്രാസ് ഖാന്‍ ഡല്‍ഹിയുടെ അന്തിമ ഇലവനിലെത്തി. പഞ്ചാബ് ടീമിലും ഒരു മാറ്റമുണ്ട്. നായകസ്ഥാനത്ത് മായങ്ക് അഗര്‍വാള്‍ തിരിച്ചെത്തിയപ്പോള്‍ ഒഡീന്‍ സ്മിത്തിന് പകരം നഥാന്‍ എല്ലിസ് പഞ്ചാബിന്‍റെ അന്തിമ ഇലവനിലെത്തി.