സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ആദ്യ മത്സരത്തിൽ ഈമാസം 29ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും
ജയ്‌പൂര്‍: ഐപിഎൽ പതിനഞ്ചാം സീസണിനായി (IPL 2022) രാജസ്ഥാൻ റോയൽസ് (Rajasthan Royals) പരിശീലനം തുടങ്ങി. ഇതിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് ടീമിന്‍റെ പുതിയ പരിശീലന കിറ്റ് പുറത്തിറക്കി. യശസ്വീ ജയ്സ്വാൾ (Yashasvi Jaiswal), തേജസ് ബരോക (Tejas Baroka), ധ്രൂവ് ജുറൽ (Dhruv Jurel), അനുനയ് നാരായൺ സിംഗ് (Arunay Singh), ശുഭം ഗാർവാൾ ( Shubham Garhwal), കുൽദീപ് യാദവ് ( Kuldip Yadav) തുടങ്ങിയവരാണ് ആദ്യദിനം പരിശീലന ക്യാമ്പിലെത്തിയത്.
സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ആദ്യ മത്സരത്തിൽ ഈമാസം 29ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. യുസ്‌വേന്ദ്ര ചാഹൽ, ദേവ്ദത്ത് പടിക്കൽ, ട്രെന്‍റ് ബോൾട്ട്, ആർ അശ്വിൻ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരെ രാജസ്ഥാൻ ഇത്തവണ താരലേലത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎൽ പ്രഥമ സീസണിലെ ചാമ്പ്യൻമാരാണ് രാജസ്ഥാൻ റോയൽസ്.
ആര്‍സിബി നായകന്‍ ഫാഫോ?
ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ പുതിയ നായകനെ ശനിയാഴ്‌ച പ്രഖ്യാപിക്കും. ക്രൈസ്റ്റ് സ്ട്രീറ്റിലെ മ്യൂസിയം ക്രോസ് റോഡിൽ നടക്കുന്ന പ്രത്യേക ചടങ്ങിലായിരിക്കും ആർസിബി പുതിയ നായകനെ പ്രഖ്യാപിക്കുക. ചടങ്ങിൽ ഈ സീസണിലെ പുതിയ ജഴ്സിയും പ്രകാശനം ചെയ്യും. ഐപിഎൽ താരലേലത്തിൽ ഏഴേകാൽ കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഫാഫ് ഡുപ്ലസി ആർസിബിയുടെ പുതിയ നായകനായേക്കുമെന്നാണ് സൂചന. കഴിഞ്ഞ സീസണുകളിലെല്ലാം ചെന്നൈ സൂപ്പർ കിംഗ്സിലെ പ്രധാന താരമായിരുന്നു ഡുപ്ലെസി.
ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‍വെല്ലിനെയും പരിഗണിച്ചേക്കും. ഈ സീസണിൽ ക്യാപ്റ്റനെ പ്രഖ്യാപിക്കാത്ത ഏക ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. കഴിഞ്ഞ സീസണിനിടെയാണ് കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്നും ആർസിബിയിൽ മാത്രമേ ഐപിഎല്ലിൽ കളിക്കൂ എന്നും പ്രഖ്യാപിച്ചത്. ഈമാസം ഇരുപത്തിയാറിനാണ്(മാര്‍ച്ച് 26) ഐപിഎല്ലിന് തുടക്കമാവുക.
