ശ്രീലങ്കയുടെ ചരിത് അസലങ്കയെ പുറത്താക്കിയാണ് രവിചന്ദ്രൻ അശ്വിൻ വിക്കറ്റ് വേട്ടയിൽ കപിൽ ദേവിനെ മറികടന്നത്

മൊഹാലി: ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ ഇന്ത്യന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപിൽ ദേവിന്‍റെ (Kapil Dev) റെക്കോർഡ് മറികടക്കുമെന്ന് കരുതിയിരുന്നില്ലെന്ന് സ്‌പിന്നര്‍ ആർ അശ്വിൻ (Ravichandran Ashwin). ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിലാണ് (IND vs SL 1st Test) കപിൽ ദേവിനെ അശ്വിൻ മറികടന്നത്. ശ്രീലങ്കയുടെ ചരിത് അസലങ്കയെ പുറത്താക്കിയാണ് രവിചന്ദ്രൻ അശ്വിൻ വിക്കറ്റ് വേട്ടയിൽ കപിൽ ദേവിനെ മറികടന്നത്.

എൺപത്തിയഞ്ചാം ടെസ്റ്റിൽ അശ്വിന് 436 വിക്കറ്റായി. 131 ടെസ്റ്റിലാണ് കപിൽ ദേവ് 434 വിക്കറ്റിലെത്തിയത്. കുട്ടിക്കാലത്ത് കപിൽദേവിനെ അനുകരിച്ച് ഫാസ്റ്റ് ബൗളറായിരുന്നുവെന്നും ഇതിഹാസ താരത്തിന്‍റെ റെക്കോർഡ് മറികടക്കുമെന്ന് കരുതിയിരുന്നില്ലെന്നും അശ്വിൻ പറയുന്നു.

ടെസ്റ്റില്‍ 30 തവണ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിൻ ഏഴ് തവണ രണ്ട് ഇന്നിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 132 ടെസ്റ്റിൽ 619 വിക്കറ്റ് നേടിയ അനിൽ കുംബ്ലെയാണ് ഇന്ത്യന്‍ താരങ്ങളില്‍ ഇനി അശ്വിന് മുന്നിലുള്ളത്. 400 വിക്കറ്റ് ക്ലബിലെത്തുന്ന നാലാമത്തെ ഇന്ത്യക്കാരനും ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഒൻപതാമത്തെ ബൗളറുമാണിപ്പോൾ അശ്വിൻ. അടുത്തിടെ വിരമിച്ച ഹർഭജൻ സിംഗ് 103 ടെസ്റ്റിൽ 417 വിക്കറ്റ് നേടിയിട്ടുണ്ട്.

കുംബ്ലെയെ അശ്വിന്‍ മറികടക്കും: പാര്‍ഥീവ് 

ഇതേ ഫോം തുടര്‍ന്നാല്‍ അനില്‍ കുംബ്ലെയുടെ 619 ടെസ്റ്റു വിക്കറ്റുകളെന്ന നേട്ടത്തിന് അടുത്തെത്താനോ ഒരുപക്ഷെ അത് മറികടക്കാനോ അശ്വിന് കഴിഞ്ഞേക്കുമെന്നാണ് മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലിന്‍റെ നിരീക്ഷണം. '11 വര്‍ഷത്തെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് അശ്വിന്‍റെ ഈ നേട്ടം. അതിനായി അശ്വിന്‍ ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. കളിയെക്കുറിച്ച് നല്ല ധാരണയുള്ള അശ്വിന്‍ പലപ്പോഴും പരീക്ഷണങ്ങള്‍ നടത്തുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്.

2008ല്‍ ഞങ്ങള്‍ രണ്ടുപേരും ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. അന്നേ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അശ്വിന് ഉത്സാഹമായിരുന്നു. അക്കാലഘട്ടത്തില്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനൊപ്പവും അദ്ദേഹം ഏറെ സമയം ചെലവഴിക്കുന്നത് കാണാമായിരുന്നു. ഇതേ ഫോമില്‍ അടുത്ത മൂന്നോ നാലോ വര്‍ഷം കളിക്കാനായാല്‍ അശ്വിന്‍ കുബ്ലെക്ക് ഒപ്പമെത്തുകയോ അദ്ദേഹത്തിന്‍റെ റെക്കോര്‍ഡ് മറികടക്കുകയോ ചെയ്തേക്കാം' എന്നും പാര്‍ഥീവ് ക്രിക്‌ബസിനോട് പറഞ്ഞു.

ലങ്കാവധം പൂര്‍ണമാക്കാന്‍ ടീം ഇന്ത്യ; പിങ്ക് പന്തില്‍ അങ്കത്തിന് പരിശീലനം തുടങ്ങി