സീസണിലെ ആദ്യ ജയം നുകരാന്‍ മുംബൈ ഇന്ത്യന്‍സിനാകുമോ, സഞ്ജുവിന്‍റെ രാജസ്ഥാനെ വീഴ്ത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാം 

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) സഞ്ജു സാംസണും (Sanju Samson) രോഹിത് ശർമ്മയും (Rohit Sharma) വീണ്ടും നേർക്കുനേർ വരികയാണ്. മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ (Dr DY Patil Sports Academy) വൈകിട്ട് ഏഴരയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ്-മുംബൈ ഇന്ത്യന്‍സ് (RR vs MI) കളി തുടങ്ങുക. സീസണിലാദ്യം ഏറ്റുമുട്ടിയപ്പോള്‍ വിജയം രാജസ്ഥാനൊപ്പമായിരുന്നു (Rajasthan Royals). രണ്ടാം അങ്കത്തിന് മുമ്പ് ഇരു ടീമുകളും തമ്മിലുള്ള മുന്‍ കണക്കുകള്‍ പരിശോധിക്കാം. 

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും 28 മത്സരങ്ങളിലാണ് മുഖാമുഖം വന്നിട്ടുള്ളത്. ഇതില്‍ 14 മത്സരങ്ങള്‍ മുംബൈക്കും 13 എണ്ണം രാജസ്ഥാനും ഒപ്പം നിന്നു. കഴിഞ്ഞ സീസണിലെ രണ്ട് മത്സരങ്ങളിലും വിജയം രോഹിത് ശർമ്മയ്ക്കും സംഘത്തിനുമായിരുന്നു. എന്നാല്‍ ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ 23 റൺസിന് മുംബൈയെ തോൽപിച്ചിരുന്നു. റോയൽസിന്റെ 193 റൺസ് പിന്തുട‍ർന്ന മുംബൈയ്ക്ക് 170 റൺസേ നേടാനായുള്ളൂ.

ഈ സീസണിലെ സാഹചര്യം

തൊട്ടതെല്ലാം പിഴച്ച് എട്ട് നിലയിൽ പൊട്ടി അവശരാണ് മുംബൈ ഇന്ത്യൻസ്. ജൈത്രയാത്ര തുടരുകയാണ് രാജസ്ഥാൻ റോയൽസിന്‍റെ ലക്ഷ്യം. ബാറ്റിംഗിലും ബൗളിംഗിലും രോഹിത്തിന്റെ മുംബൈയെക്കാൾ ബഹുദൂരം മുന്നിലാണ് സഞ്ജുവിന്റെ രാജസ്ഥാന്‍. ഉഗ്രൻ ഫോമിലുള്ള ജോസ് ബട്‍ലറും ദേവ്ദത്ത് പടിക്കലും നൽകുന്ന മികച്ച തുടക്കം നിർണായകം. സഞ്ജുവിന്റെയും ഷിമ്രോന്‍ ഹെറ്റ്മെയറുടേയും കൂറ്റൻ ഷോട്ടുകൾക്കൊപ്പം റിയാൻ പരാഗ് കൂടി ഫോമിലേക്ക് എത്തിയതോടെ സ്കോർബോർഡിൽ രാജസ്ഥാന് ആശങ്കയില്ല. ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് സെൻ എന്നിവരുൾപ്പെട്ട പേസ് ബാറ്ററിയും ആർ അശ്വിൻ-യുസ്‍വേന്ദ്ര ചഹൽ സ്പിൻ ജോഡിയും മുംബൈയുടെ വെല്ലുവിളി ഉയർത്തും. 

ക്യാപ്റ്റൻ രോഹിത്തിന്റെ മോശം ഫോമിൽ തുടങ്ങുന്നു മുംബൈയുടെ പ്രതിസന്ധി. ഇഷാൻ കിഷനും സൂര്യകുമാർ യാദവിനും കെയ്റോൺ പൊള്ളാർഡിനും പ്രതീക്ഷയ്ക്കൊത്ത് കളിക്കാനാവുന്നില്ല. എന്നും വിശ്വസ്തനായ ജസ്പ്രീത് ബുമ്രയും മങ്ങിയതോടെ മുംബൈയുടെ ബൗളിംഗ് തീർത്തും ദുർബലമായി.

IPL 2022 : സഞ്ജുവും രോഹിത്തും വീണ്ടും മുഖാമുഖം; ഇന്ന് മുംബൈ-രാജസ്ഥാന്‍ പോരാട്ടം