Asianet News MalayalamAsianet News Malayalam

പൊരുതിത്തോറ്റാല്‍ പോട്ടേന്ന് വെക്കും, ചേര്‍ത്തുനിര്‍ത്തും; റിങ്കു സിംഗിനെ വാരിപ്പുണര്‍ന്ന് ആരാധകര്‍

ആരാധകരുടെ മനം കവര്‍ന്ന് റിങ്കു സിംഗിന്‍റെ തീപ്പൊരി വെടിക്കെട്ട്, പ്രശംസ കൊണ്ടുമൂടി ആരാധകര്‍ 

IPL 2022 Rinku Singh Hero for fans amid Kolkata Knight Riders loss to Lucknow Super Giants
Author
Mumbai, First Published May 19, 2022, 10:52 AM IST

മുംബൈ: ഐപിഎല്ലിൽ(IPL 2022) ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തില്‍ ജയിച്ചത് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്(Lucknow Super Giants) എങ്കിലും ആരാധകരുടെ മനം കീഴടക്കിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ(Kolkata Knight Riders) റിങ്കു സിംഗാണ്(Rinku Singh). തോല്‍വിയുറപ്പിച്ച ഘട്ടത്തില്‍ നിന്ന് അവിശ്വസനീയ വെടിക്കെട്ടുമായി കൊല്‍ക്കത്തയെ(KKR) വിജയത്തിന് തൊട്ടടുത്ത് വരെ എത്തിച്ച ശേഷമാണ് റിങ്കു എന്ന പോരാളി മടങ്ങിയത്. കെകെആര്‍ തോറ്റ് പ്ലേ ഓഫ് കാണാതെ പുറത്തായപ്പോഴും റിങ്കു സിംഗിനെ വാഴ്‌ത്തിപ്പാടുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍. 

16-ാം ഓവറിലെ നാലാം പന്തില്‍ സാം ബില്ലിംഗ്‌സ് പുറത്തായ ശേഷമാണ് റിങ്കു സിംഗ് ക്രീസിലെത്തിയത്. 211 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 142-5 എന്ന നിലയിലായിരുന്നു ഈ സമയം. കൂടെ ക്രീസിലുണ്ടായിരുന്ന വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസല്‍ ബാറ്റില്‍ പന്ത് കൊള്ളിക്കാന്‍ പാടുപെട്ടതോടെ റിങ്കു സമ്മര്‍ദത്തിലാവും എന്ന് കരുതി. അവസാന നാല് ഓവറില്‍ കൊല്‍ക്കത്തയ്‌ക്ക് വേണ്ടിയിരുന്നത് 67 റണ്‍സും. എന്നാല്‍ റസല്‍ പുറത്തായ ശേഷം ഒന്നിച്ച സുനില്‍ നരെയ്‌നൊപ്പം 18-ാം ഓവറില്‍ ആവേഷ് ഖാനെയും 19-ാം ഓവറില്‍ ജേസന്‍ ഹോള്‍ഡറേയും തല്ലിച്ചതച്ച റിങ്കു സിംഗ് അവസാന ഓവറിലെ വിജയലക്ഷ്യം 21 ആയി കുറിച്ചു. 

അവസാന 6 പന്തില്‍ ജയിക്കാന്‍ വേണ്ട 21 റണ്‍സിലേക്ക് റിങ്കു സിംഗ് 4, 6, 6, 2 എന്നിങ്ങനെയുമായി മാര്‍ക്കസ് സ്റ്റോയിനിസിനെ തച്ചുതകര്‍ത്ത് തുടങ്ങി. എന്നാല്‍ ജയിക്കാന്‍ 2 പന്തിൽ 3 റൺസ് വേണമെന്നിരിക്കേ അഞ്ചാം പന്തില്‍ ലെവിസിന്‍റെ പറക്കും ഒറ്റകൈയന്‍ ക്യാച്ചില്‍ റിങ്കു സിംഗ് പുറത്തായി. അവസാന പന്തില്‍ ഉമേഷ് യാദവിനെ ബൗള്‍ഡാക്കി മാര്‍ക്കസ് സ്റ്റോയിനിസ് രണ്ട് റണ്‍സിന് ലഖ്‌നൗവിന്‍റെ ജയമുറപ്പിക്കുകയും ചെയ്‌തു. റിങ്കു സിംഗ് 15 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സറും സഹിതം 40 ഉം സുനില്‍ നരെയ്‌നും 7 പന്തില്‍ മൂന്ന് സിക്‌സര്‍ ഉള്‍പ്പടെ പുറത്താകാതെ 21* ഉം റണ്‍സെടുത്തു. ഒരു പന്തകലെ തന്‍റെ പോരാട്ടം അവസാനിപ്പിച്ചെങ്കിലും റിങ്കു സിംഗിനെ വാഴ്‌ത്തിപ്പാടി രംഗത്തെത്തുകയായിരുന്നു ആരാധകര്‍. 

അവസാന പന്തിലേക്ക് നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ റണ്‍മലയ്‌ക്ക് മുന്നില്‍ പൊരുതിവീഴുകയായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രണ്ട് റണ്‍സിനാണ് കെകെആറിന്‍റെ പരാജയം. 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്‌ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 208 റണ്‍സെടുക്കാനേയായുള്ളൂ. നേരത്തെ ക്വിന്‍റണ്‍ ഡികോക്കിന്‍റെ(70 പന്തില്‍ 140) ഇടിവെട്ട് സെഞ്ചുറിയാണ് ലഖ്‌നൗവിനെ 20 ഓവറില്‍ 210-0 എന്ന സ്‌കോറിലെത്തിച്ചത്. ബൗളിംഗില്‍ നാല് ഓവറില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റുമായി മൊഹ്‌സീന്‍ ഖാനും രണ്ട് ഓവറില്‍ 23ന് മൂന്ന് വിക്കറ്റുമായി മാര്‍ക്കസ് സ്റ്റോയിനിസും തിളങ്ങി. ജയത്തോടെ ലഖ്‌നൗ പ്ലേ ഓഫിലെത്തി. 

IPL 2022 : ഒരുപടി മുമ്പില്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സ്; ഐപിഎല്ലില്‍ ഇനി പ്ലേ ഓഫ് സാധ്യത ഇങ്ങനെ


 

Follow Us:
Download App:
  • android
  • ios