രോഹിത് മടങ്ങിയതിന് പിന്നാലെ എത്തിയ അന്‍മോല്‍പ്രീത് ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. രണ്ടാം ഓവറില്‍ രോഹിത്തിന്‍റെ വിക്കറ്റെടുത്തെങ്കിലും പ്രസിദ്ധ് 15 റണ്‍സ് വഴങ്ങി. മൂന്നാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത ബോള്‍ട്ട് വീണ്ടും കളി നിയന്ത്രണത്തിലാക്കി. എന്നാല്‍ നവദീപ് സെയ്നിയുടെ നാലാം ഓവറില്‍ ഒരു സിക്സും രണ്ട് ഫോറുമടിച്ച് ഇഷാന്‍ കിഷന്‍ വീണ്ടും മുംബൈയെ ട്രാക്കിലാക്കി. 

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ ഇന്ത്യന്‍സിന്(Mumbai vs Rajasthan) പവര്‍ പ്ലേയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അന്‍മോല്‍പ്രീത് സിംഗിന്‍റെയും വിക്കറ്റുകള്‍ നഷ്ടം. 5 പന്തില്‍ 10 റണ്‍സെടുത്ത രോഹിത്തിനെ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ രണ്ടാം ഓവറില്‍ റിയാന്‍ പരാഗ് പിടികൂടി. നാലു പന്തില്‍ അഞ്ച് റണ്‍സെടുത്ത അന്‍മോല്‍പ്രീതിനെ നവദീപ് സെയ്നി പുറത്താക്കി. രാജസ്ഥാനെതിരെ പവര്‍ പ്ലേ പിന്നിടുമ്പോള്‍ മുംബൈ 6 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലാണ്. 23 പന്തില്‍ 31 റണ്‍സോടെ ഇഷാന്‍ കിഷനും 5 പന്തില്‍ 2 റണ്‍സുമായി തിലക് വര്‍മയും ക്രീസില്‍.

തകര്‍ത്തടിച്ച് രോഹിത് പിന്നാലെ മടക്കം

 5 പന്തില്‍ ഒരു സിക്സ് അടക്കം 10 റണ്‍സടിച്ച് നല്ല ടച്ചിലായിരുന്ന രോഹിത്തിനെ പ്രസിദ്ധ് കൃഷ്ണ രണ്ടാം ഓവറില്‍ റിയാന്‍ പരാഗിന്‍റെ കൈകളിലെത്തിച്ചു. രോഹിത് മടങ്ങിയതിന് പിന്നാലെ എത്തിയ അന്‍മോല്‍പ്രീത് ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. രണ്ടാം ഓവറില്‍ രോഹിത്തിന്‍റെ വിക്കറ്റെടുത്തെങ്കിലും പ്രസിദ്ധ് 15 റണ്‍സ് വഴങ്ങി. മൂന്നാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത ബോള്‍ട്ട് വീണ്ടും കളി നിയന്ത്രണത്തിലാക്കി. എന്നാല്‍ നവദീപ് സെയ്നിയുടെ നാലാം ഓവറില്‍ ഒരു സിക്സും രണ്ട് ഫോറുമടിച്ച് ഇഷാന്‍ കിഷന്‍ വീണ്ടും മുംബൈയെ ട്രാക്കിലാക്കി.

എന്നാല്‍ അതേ ഓവറിലെ അവസാന പന്തില്‍ അന്‍മോല്‍പ്രീതിനെ മടക്കി നവദീപ് സെയ്നി മുംബൈക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. 5.4 ഓവറില്‍ മുംബൈ 50 കടന്നു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ സെഞ്ചുറി നേടിയ ജോസ് ബട്‌ലറുടെയും ഷിമ്രോണ്‍ ഹെറ്റ്മെയര്‍, നായകന്‍ സഞ്ജു സാംസണ്‍ എന്നിവരുടെ വെടിക്കെട്ട് ഇന്നിംഗ്സുകളുടെയും കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ നേടിയത്. ബട്‌ലര്‍ 68 പന്തില്‍ 100 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹെറ്റ്മെയര്‍ 14 പന്തില്‍ 35 റണ്‍സടിച്ചു. സഞ്ജു 20 പന്തില്‍ 30 റണ്‍സെടുത്ത് തിളങ്ങി. മുംബൈക്കായി ജസ്പ്രീത് ബുമ്രയും ടൈമല്‍ മില്‍സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.