ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 30 തവണയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്‌സും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്

പുനെ: ഐപിഎല്ലില്‍ (IPL 2022) ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Royal Challengers Bangalore vs Chennai Super Kings) പോരാട്ടമാണ്. വിരാട് കോലിയും (Virat Kohli) എം എസ് ധോണിയും (MS Dhoni) മുഖാമുഖം വരുന്ന മത്സരമെന്നത് ആരാധകരെ ആവേശത്തിലാക്കുന്നു. സൂപ്പര്‍താരങ്ങളുടെ പോരാട്ടത്തിന് മുന്നോടിയായി മുന്‍ കണക്കുകള്‍ പരിശോധിക്കാം. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 30 തവണയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്‌സും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ 20 മത്സരങ്ങളിലും ജയം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായിരുന്നു. ആര്‍സിബി ജയിച്ചത് 9 മത്സരങ്ങളില്‍ മാത്രം. അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും ജയം ജയം ചെന്നൈക്കൊപ്പമായിരുന്നു. കഴിഞ്ഞ സീസണില്‍(ഐപിഎല്‍ 2021) രണ്ട് മത്സരങ്ങളും ചെന്നൈ ജയിച്ചു. ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 23 റണ്‍സിന് ജയം ചെന്നൈയുടേതായി. 

ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങളുടെ ചരിത്രത്തില്‍ സിഎസ്‌കെ കുപ്പായത്തില്‍ കൂടുതല്‍ റണ്‍സ് നേടിയത് നായകന്‍ എം എസ് ധോണിയാണ് (748). ആര്‍സിബിക്കായി കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയത് മുന്‍ നായകന്‍ വിരാട് കോലിയും(963 റണ്‍സ്). സിഎസ്‌കെയ്‌ക്കായി 16 വിക്കറ്റുകളുമായി ഡ്വെയ്‌ന്‍ ബ്രാവോയും ആര്‍സിബിക്കായി 15 പേരെ പുറത്താക്കി മുന്‍താരം വിനയ് കുമാറുമാണ് മുന്നില്‍. 

ആദ്യ അങ്കത്തില്‍ നടന്നത്...

217 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ചെന്നൈക്കായി മഹീഷ് തീക്ഷണ നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റെടുത്തു. ടോസ് നഷ്ടമായി ആദ്യം ക്രീസിലിറങ്ങിയ ചെന്നൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 216 റണ്‍സെടുത്തത്. 46 പന്തില്‍ 95* റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശിവം ദുബെ ആണ് ചെന്നൈയുടെ ടോപ് സ്കോറര്‍. റോബിന്‍ ഉത്തപ്പ 50 പന്തില്‍ 88 റണ്‍സടിച്ചു. നാലാം വിക്കറ്റില്‍ ഉത്തപ്പ-ദുബെ സഖ്യം 165 റണ്‍സടിച്ചതാണ് ചെന്നൈയ്ക്ക് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്.

രാത്രി 7.30ന് പുനെയിലാണ് ആര്‍സിബി മുന്‍ നായകന്‍ വിരാട് കോലിയും സിഎസ്‌കെ ക്യാപ്റ്റന്‍സിയില്‍ മടങ്ങിയെത്തിയ എം എസ് ധോണിയും മുഖാമുഖം വരുന്ന മത്സരം. 10 കളിയിൽ അഞ്ച് ജയം മാത്രമുള്ള ബാംഗ്ലൂര്‍ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. 9 കളിയിൽ വെറും മൂന്ന് ജയം മാത്രമുള്ള ചെന്നൈ ഒന്‍പതാം സ്ഥാനത്തും. 

IPL 2022 : കിംഗും തലയും മുഖാമുഖം; ഐപിഎല്ലില്‍ ഇന്ന് ആര്‍സിബി-സിഎസ്‌കെ അങ്കം