ചൈനാമാന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവിനെ നേരിടാനാണ് അശ്വിന്‍ വെറൈറ്റി സ്റ്റാന്‍സ് സ്വീകരിച്ചത്
മുംബൈ: ഐപിഎല്ലില്‍(IPL 2022) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) വൈറലായി രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) താരം ആര്‍ അശ്വിന്‍റെ(Ravichandran Ashwin) സ്റ്റാന്‍സ്. രാജസ്ഥാന്‍ ഇന്നിംഗ്‌സിലെ എട്ടാം ഓവറില്‍ ഡല്‍ഹിയുടെ ചൈനാമാന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവിനെ(Kuldeep Yadav) നേരിടാനാണ് അശ്വിന്‍ വെറൈറ്റി സ്റ്റാന്‍സ് സ്വീകരിച്ചത്. അശ്വിന്‍റെ നില്‍പിന്‍റെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
സീസണിലെ റണ്‍വേട്ടക്കാര്‍ ജോസ് ബട്‌ലര്‍ അതിവേഗം പുറത്തായതോടെ മൂന്നാമനായി ക്രീസിലെത്തിയ അശ്വിന്‍ അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ വിശ്വാസം കാത്തു. 38 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറും സഹിതം 50 റണ്‍സെടുത്ത അശ്വിന്‍റെ പ്രകടനമാണ് തകര്‍ച്ചയ്‌ക്ക് ശേഷം രാജസ്ഥാനെ കരകയറ്റിയത്. 38 പന്തില്‍ 48 റണ്‍സെടുത്ത ദേവ്‌ദത്ത് പടിക്കലിന്‍റെ പോരാട്ടവും തുണയായി. ബട്‌ലറും(7) സഞ്ജുവും(6) നിറംമങ്ങിയ മത്സരത്തില്‍ അശ്വിന്‍റെ അപ്രതീക്ഷിത അര്‍ധസെഞ്ചുറിയില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 160 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗില്‍ ഓസീസ് കരുത്തില്‍ അനായാസം ഡല്‍ഹി ക്യാപിറ്റല്‍സ് ജയത്തിലെത്തി. രാജസ്ഥാൻ റോയൽസിനെ എട്ട് വിക്കറ്റിന് തകർത്ത് ഡൽഹി ആറാം ജയം സ്വന്തമാക്കുകയായിരുന്നു. രാജസ്ഥാന്‍റെ 160 റൺസ് ഡൽഹി 11 പന്ത് ശേഷിക്കേ മറികടന്നു. മിച്ചല്‍ മാര്‍ഷ് 62 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്‌സറും സഹിതം 89 ഉം ഡേവിഡ് വാര്‍ണര്‍ 41 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 52 ഉം റണ്‍സെടുത്തു. 4 പന്തില്‍ 13 റണ്‍സുമായി റിഷഭ് പന്തും പുറത്താകാതെ നിന്നു.
ജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേഓഫ് പ്രതീക്ഷ കാത്തു. ഡല്‍ഹിക്കെതിരെ ജയിച്ച് പ്ലേഓഫിലെത്താമെന്ന് കൊതിച്ച രാജസ്ഥാന്‍ യോഗ്യതക്കായി ഇനിയും കാത്തിരിക്കണം. 12 കളിയില്‍ 14 പോയിന്‍റുള്ള രാജസ്ഥാന്‍ റോയല്‍സ് മൂന്നാംസ്ഥാനത്ത് തുടരും. ഇത്രതന്നെ മത്സരങ്ങളില്‍ 12 പോയിന്‍റുമായി ഡല്‍ഹി അഞ്ചാമതാണ്.
