രണ്ടോവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ അമ്പയര്‍ വൈഡ് വിളിച്ചത് കൊല്‍ക്കത്തയുടെ സമ്മര്‍ദ്ദമകറ്റി. കൊല്‍ക്കത്തയുടെ റിങ്കു സിംഗും നിതീഷ് റാണയുമായിരുന്നു ഈ സമയം ക്രീസില്‍.

മുംബൈ: ഐപിഎല്ലില്‍(IPL 2022)രാജസ്ഥാന്‍ റോയല്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(Kolkata Knight Riders vs Rajasthan Royals) മത്സരത്തില്‍ അമ്പയര്‍മാരുടെ വിവാദ തീരുമാനങ്ങളില്‍ പ്രതികരണവുമായി മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ഡാനിയേല്‍ വെറ്റോറി. ഇന്നലെ കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ഓഫ് സ്റ്റംപിന് പുറത്തുപോയ മൂന്ന് പന്തുകള്‍ അമ്പയര്‍ തുടര്‍ച്ചയായി വൈഡ് വിളിച്ചത് വിവാദമായിരുന്നു.

Scroll to load tweet…

രണ്ടോവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ അമ്പയര്‍ വൈഡ് വിളിച്ചത് കൊല്‍ക്കത്തയുടെ സമ്മര്‍ദ്ദമകറ്റി. കൊല്‍ക്കത്തയുടെ റിങ്കു സിംഗും നിതീഷ് റാണയുമായിരുന്നു ഈ സമയം ക്രീസില്‍. ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ പ്രസിദ്ധിനെ നേരിടാനായി റിങ്കു പലവട്ടം ഓഫ് സ്റ്റംപിലേക്ക് നടന്നു നീങ്ങിയിട്ടും അമ്പയര്‍ വൈഡ് വിളിക്കുകയായിരുന്നു. മൂന്ന് വൈഡുകളാണ് ഇത്തരത്തില്‍ കൊല്‍ക്കത്തക്ക് അനുകൂലമായി ലഭിച്ചത്.

Scroll to load tweet…

ബാറ്റര്‍ ഓഫ് സ്റ്റംപിലേക്ക് നീങ്ങിയതിനാല്‍ എങ്ങനെ വൈഡ് ആകുമെന്ന ചോദ്യം സഞ്ജു അമ്പയറോട് ചോദിച്ചെങ്കിലും അമ്പയര്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു. പ്രസിദ്ധ് എറിഞ്ഞ നാലാം പന്ത് റിങ്കു സിംഗിന്‍റെ ബാറ്റിനരികിലൂടെ പോയിട്ടും അമ്പയര്‍ വീണ്ടും വൈ‍ഡ് വിളിച്ചതോടെ സഞ്ജു ഡിആര്‍എസ് എടുത്തു. എന്നാല്‍ വൈഡിന് ഡിആര്‍എസ് ഇല്ലാത്തതിനാല്‍ ക്യാച്ച് മാത്രമാണ് മൂന്നാം അമ്പയര്‍ ഡിആര്‍എസില്‍ പരിശോധിച്ചത്. അത് ക്യാച്ചല്ലെന്ന് വ്യക്തമായതോടെ അമ്പയര്‍ വിളിച്ച വൈഡ് നിലനില്‍ക്കുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ ക്യാപ്റ്റന്‍മാര്‍ക്ക് അമ്പയര്‍മാരുടെ വൈഡ് വിളികളും റിവ്യു ചെയ്യാനുള്ള സംവിധാനം വേണമെന്ന് വെറ്റോറി പറഞ്ഞു. സഞ്ജു യഥാര്‍ത്ഥത്തില്‍ അമ്പയറെ കളിയാക്കുകയായിരുന്നു. കാരമം അത് ഔട്ടാണെന്ന് കരുതിയിട്ടൊന്നുമല്ല സഞ്ജു ഡിആര്‍എസ് എടുത്തത്-വെറ്റോറി ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

കളിക്കാരാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ തീരുമാനമെടുക്കാന്‍ മിടുക്കര്‍. ഇന്നലെ കൊല്‍ക്കത്ത എന്തായാലും ജയിക്കുമായിരിന്നിരിക്കാം. എന്നാലും ആ വൈഡുകള്‍ പൂര്‍ണമായും രാജസ്ഥാനും ബൗളര്‍ക്കും എതിരെ ആയിരുന്നു. പലതും നേരിയ വ്യത്യാസത്തിനൊക്കെ ആണ് വൈഡ് വിളിച്ചത്. ഈ സാഹചര്യത്തില്‍ അമ്പയര്‍മാരെക്കാള്‍ മികച്ച ധാരണ കളിക്കാര്‍ക്കുണ്ടാവും. അതുകൊണ്ടാണ് വൈഡിനും ഡിആര്‍എസ് ഏര്‍പ്പെടുത്തണമെന്ന് പറയുന്നത്. അതുവഴി ബൗളര്‍മാരോട് കൂടുതല്‍ നീതി പുലര്‍ത്താനാവുമെന്നും വെറ്റോറി പറഞ്ഞു.

അമ്പയര്‍ കുറെ നല്ല തീരുമാനങ്ങള്‍ എടുത്തശേഷം ചില തെറ്റായ തീരുമാനങ്ങള്‍ എടുക്കാം. അത് മനുഷ്യസഹജമാണ്. അതുകുറച്ചു കൊണ്ടുവരികയെന്നാണ് ഡിആര്‍എസിലൂലെ ലക്ഷ്യമിടുന്നത്. ഇന്നലെ സഞ്ജു ശരിക്കും അസ്വസ്ഥനായിരുന്നു. കാരമം ഏതാനും ഇഞ്ചുകളുടെ വ്യത്യാസത്തിലൊക്കെയാണ് ആ വൈഡുകള്‍ വിളിച്ചത്. സഞ്ജു അസ്വസ്ഥത പ്രകടിപ്പിച്ചതിന് അദ്ദേഹത്തിന് പിഴ ചുമത്തരുതെന്നും വെറ്റോറി വ്യക്തമാക്കി.