Asianet News MalayalamAsianet News Malayalam

IPL 2022: ഫെര്‍ഗൂസന് ലോക്കിട്ട് ശശാങ്ക്, ഒന്നിന് പുറകെ ഒന്നായി മൂന്ന് സിക്സറുകള്‍-വീഡിയോ

യാഷ് ദയാലിന്‍റെ പതിനെട്ടാം ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് ഹൈദരാബാദിന് നേടാനായത്. മാര്‍ക്രത്തെ നഷ്ടമാകുകയും ചെയ്തു. അവസാന ഓവറുകളില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ റണ്ണടിക്കാന്‍ പാടുപെടുക കൂടി ചെയ്തതോടെ പരമാവധി 175 റണ്‍സായിരുന്നു ഹൈദരാബാദ് ആരാധകര്‍ പോലും സ്വപ്നം കണ്ടത്.

IPL 2022: Shashank Singh hits Lockie Ferguson for hat-trick of 6s in last over
Author
Mumbai, First Published Apr 27, 2022, 10:39 PM IST

മുംബൈ: ഐപിഎല്ലില്‍(IPL 2022) ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദിനെ(Gujarat Titans vs Sunrisers Hyderabad,) 195 റണ്‍സിലെത്തിച്ചത് ഐപിഎല്ലില്‍ ആരാധകര്‍ അധിമൊന്നും കേള്‍ക്കാത്ത ശശാങ്ക് സിംഗ്(Shashank Singh) എന്ന ഒരു 30കാരന്‍റെ തകര്‍പ്പന്‍ ബാറ്റിംഗായിരുന്നു. ഇന്നിംഗ്സിനൊടുവില്‍ വമ്പനടിക്കാരനായ നിക്കൊളാസ് പുരാനെ(3) മുഹമ്മദ് ഷമി പുറത്താക്കുകയും നിലയുറപ്പിച്ചശേഷം തകര്‍ത്തടിച്ച ഏയ്ഡന്‍ മാര്‍ക്രത്തെ യാഷ് ദയാല്‍ സ്ലോ ബോളില്‍ വീഴ്ത്തുകയും ചെയ്തതോടെ മികച്ച തുടക്കത്തിനുശേഷവും പതിനെട്ട് ഓവര്‍ കഴിഞ്ഞപ്പോള്‍ 161-5 എന്ന സ്കോറിലായിരുന്നു ഹൈദരാബാദ്.

യാഷ് ദയാലിന്‍റെ പതിനെട്ടാം ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് ഹൈദരാബാദിന് നേടാനായത്. മാര്‍ക്രത്തെ നഷ്ടമാകുകയും ചെയ്തു. അവസാന ഓവറുകളില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ റണ്ണടിക്കാന്‍ പാടുപെടുക കൂടി ചെയ്തതോടെ പരമാവധി 175 റണ്‍സായിരുന്നു ഹൈദരാബാദ് ആരാധകര്‍ പോലും സ്വപ്നം കണ്ടത്. എന്നാല്‍ മാര്‍ക്രം പുറത്തായതോടെ ക്രീസിലെത്തിയത് ശശാങ്ക് സിംഗായിരുന്നു. എന്നാല്‍ അല്‍സാരി ജോസഫ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ പന്തില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ റണ്ണൗട്ടായി പുറത്തായി.

അല്‍സാരി ജോസഫിന്‍റെ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ശശാങ്ക് തുടങ്ങിയത്. അല്‍സാരിയുടെ 150 കിലോ മീറ്റര്‍ വേഗത്തിലെത്തിയ പന്തിനെ എക്സ്ട്രാ കവറിന് മുകളിലൂടെ ശശാങ്ക് ബൗണ്ടറി കടത്തി. അടുത്ത പന്തില്‍ രണ്ട് റണ്‍സ്. നാലാം പന്തില്‍ സിംഗിള്‍. അഞ്ചാം പന്ത് നേരിട്ട മാര്‍ക്കോ ജാന്‍സണ് റണ്ണെടുക്കാനായില്ല. അവസാന പന്തില്‍ സിംഗിളെടുത്ത് ജാന്‍സണ്‍ അവസാന ഓവറിലും സ്ട്രൈക്ക് എടുത്തു.

ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ ഇരുപതാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ജാന്‍സണ്‍ സിക്സടിച്ച് നല്ല തുടക്കമിട്ടു. അടുത്ത പന്തില്‍ ജാന്‍സണ് റണ്ണെടുക്കാനായില്ല. മൂന്നാം പന്തില്‍ സിംഗിളെടുത്ത് ജാന്‍സണ്‍ സ്ട്രൈക്ക് ശശാങ്കിന് കൈമാറി. പിന്നീടായിരുന്നു അതിവേഗക്കാരനായ ലോക്കി ഫെര്‍ഗൂസനെ കാഴ്ചക്കാരനാക്കി ശശാങ്ക് തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ നേടി സ്വപ്ന തുല്യമായ ഫിനിഷിംഗ് നടത്തിയത്. അവസാന ഓവറില്‍ 25 റണ്‍സടിച്ച ഹൈദരാബാദ് 170 ല്‍ ഒതുങ്ങുമെന്ന കരുതിയ ടോട്ടലിനെ 195ല്‍ എത്തിച്ചു.

ആറ് പന്തില്‍ ശശാങ്ക് 25 റണ്‍സുമായി പുറത്താകാതെ നിന്നു. ഐപിഎല്ലില്‍ ഇതുവരെ ആറ് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള 30കരാനയ ശശാങ്കിന് ആദ്യമായാണ് ബാറ്റിംഗിന് അവസരം ലഭിക്കുന്നത്. ശശാങ്കിന്‍റെ വെടിക്കെട്ട് ഫിനിഷിംഗിനെ അഭിനന്ദിച്ച് രവി ശാസ്ത്രി അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios