തകര്‍ച്ചയോടെയായിരുന്നു കൊല്‍ക്കത്തയുടെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 11 റണ്‍സുള്ളപ്പോള്‍ ആരോണ്‍ ഫിഞ്ചിനെ നഷ്‌‌ടമായി. 

മുംബൈ: ഐപിഎല്ലില്‍ (IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (Kolkata Knight Riders) സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് (Sunrisers Hyderabad) 176 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത (KKR) തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം നിതീഷ് റാണയുടെയും (Nitish Rana) ആന്ദ്രേ റസലിന്‍റേയും (Andre Russell) ചുമലിലേറി നിശ്ചിത ഓവറില്‍ 8 വിക്കറ്റിന് 175 റണ്‍സെടുത്തു. റാണ 36 പന്തില്‍ 54 ഉം റസല്‍ 25 പന്തില്‍ 49* ഉം റണ്‍സ് നേടി. ടി നടരാജന്‍ (T Natarajan) മൂന്നും ഉമ്രാന്‍ മാലിക് (Umran Malik) രണ്ടും വിക്കറ്റ് വീഴ്‌ത്തി. 

റാണ തുടക്കമിട്ടു

തകര്‍ച്ചയോടെയായിരുന്നു കൊല്‍ക്കത്തയുടെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 11 റണ്‍സുള്ളപ്പോള്‍ ആരോണ്‍ ഫിഞ്ചിനെ നഷ്‌‌ടമായി. 5 പന്തില്‍ 7 റണ്‍സെടുത്ത ഫിഞ്ചിനെ മാര്‍ക്കോ ജാന്‍സനാണ് പറഞ്ഞയച്ചത്. പിന്നാലെ വെങ്കടേഷ് അയ്യരെയും(13 പന്തില്‍ 6), സുനില്‍ നരെയ്‌നെയും(2 പന്തില്‍ 6) ടി നടരാജന്‍ ഒരു പന്തിന്‍റെ ഇടവേളയില്‍ പറഞ്ഞയച്ചു. ഒരറ്റത്ത് കാലുറപ്പിക്കാന്‍ ശ്രമിച്ച നായകന്‍ ശ്രേയസ് അയ്യരെ(25 പന്തില്‍ 28) ഉമ്രാന്‍ മാലിക് ഉഗ്രന്‍ യോര്‍ക്കറില്‍ വീഴ്‌ത്തി. ഷെല്‍ഡന്‍ ജാക്‌സണും(7 പന്തില്‍ 7) മാലിക് തന്നെ പുറത്തേക്കുള്ള വഴിയൊരുക്കി. 

പിന്നെ റസല്‍മാനിയ

അഞ്ചാമനായി ക്രീസിലെത്തിയ അമ്പത് തികച്ച നിതീഷ് റാണ കൊല്‍ക്കത്തയ്‌ക്ക് രക്ഷകനായി. റാണ 31 പന്തില്‍ ഫിഫ്റ്റിയിലെത്തി. 18-ാം ഓവറില്‍ റാണയെ പുരാന്‍റെ കൈകളിലെത്തിച്ച് നട്ടു മൂന്ന് വിക്കറ്റ് തികച്ചു. 19-ാം ഓവറില്‍ ഭുവി, പാറ്റ് കമ്മിന്‍സിനെ(3 പന്തില്‍ 3) മടക്കി. അവസാന ഓവറിലെ ആദ്യ പന്തില്‍ അമാന്‍ ഹക്കീം ഖാനെ(3 പന്തില്‍ 5) സുജിത്ത് ബൗള്‍ഡാക്കി. ആന്ദ്രേ റസല്‍ 25 പന്തില്‍ 49* ഉം ഉമേഷ് യാദവ് 1 പന്തില്‍ 1* ഉം റണ്‍സുമായി പുറത്താകാതെ നിന്നു. റസല്‍ നാല് വീതം സിക്‌സറും ഫോറും പറത്തി. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ, കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), രാഹുല്‍ ത്രിപാഠി, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), എയ്‌ഡന്‍ മര്‍ക്രാം, ശശാങ്ക് സിംഗ്, ജെ സുജിത്ത്, ഭുവനേശ്വര്‍ കുമാര്‍, മാര്‍ക്കോ ജാന്‍സന്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ആരോണ്‍ ഫിഞ്ച്, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍), നിതീഷ് റാണ, ആന്ദ്രേ റസല്‍, ഷെല്‍ഡണ്‍ ജാക്‌സന്‍(വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്‌ന്‍, ഉമേഷ് യാദവ്, അമാന്‍ ഹക്കീം ഖാന്‍, വരുണ്‍ ചക്രവര്‍ത്തി. 

കണക്കുകളില്‍ കേമനാര്?

സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും 21 മത്സരങ്ങളിലാണ് ഇതുവരെ മുഖാമുഖം വന്നിരിക്കുന്നത്. ഇതില്‍ 14 ജയങ്ങള്‍ കെകെആറിനൊപ്പമായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. അതേസമയം സണ്‍റൈസേഴ്‌സിന്‍റെ ആഹ്‌ളാദം ഏഴിലൊതുങ്ങി. കൊല്‍ക്കത്തയുടെ ശരാശരി സ്‌കോര്‍ 152 എങ്കില്‍ ഹൈദരാബാദിന്‍റേത് 156. അവസാന അഞ്ച് മത്സരങ്ങളില്‍ നാലും കൊല്‍ക്കത്ത ജയിച്ചുവെന്നതാണ് ചരിത്രം. കഴിഞ്ഞ സീസണിലെ ഇരു ജയങ്ങളും കൊല്‍ക്കത്തയ്‌ക്കൊപ്പം നിന്നു. 

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മോശം തുടക്കത്തിന് ശേഷം കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ചാണ് സണ്‍റൈസേഴ്‌സ് വരുന്നതെങ്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് തിരിച്ചുവരികയാണ് കൊല്‍ക്കത്തയുടെ ലക്ഷ്യം. കൊല്‍ക്കത്ത പോയിന്‍റ് പട്ടികയില്‍ രണ്ടാമതും സണ്‍റൈസേഴ്‌സ് ഏഴാമതുമാണ്. 

IPL 2022 : ഐപിഎല്ലില്‍ കൊവിഡ്; ഡല്‍ഹി ക്യാപിറ്റല്‍സ് ടീം കനത്ത ജാഗ്രതയില്‍