സണ്‍റൈസേഴ്‌സ്. ടോം മൂഡി (Tom Moody)_, ബ്രയാന്‍ ലാറ (Brian Lara), മുത്തയ്യ മുരളീധരന്‍, ഡെയില്‍ സ്റ്റെയ്ന്‍, സൈമണ്‍ കാറ്റിച്ച്, ഹേമങ് ബദാനി എന്നിവരെല്ലാം ഉള്‍പ്പെടുന്ന വന്‍നിരയാണ് ഹൈദരാബാദിന്റെ കോച്ചിംഗ് സംഘത്തിലുളളത്.

ബംഗളൂരു: ഐപിഎല്‍ 15-ാം സീസണില്‍ (IPL 2022) സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad) ഇറങ്ങുന്നത് അടിമുടി മാറ്റത്തോടെ. ടീമിന്റെ പരിശീലക- സപ്പോര്‍ട്ട് സ്റ്റാഫ് നിരയെ പ്രഖ്യാപിച്ചിരിക്കുകയാണ് സണ്‍റൈസേഴ്‌സ്. ടോം മൂഡി (Tom Moody)_, ബ്രയാന്‍ ലാറ (Brian Lara), മുത്തയ്യ മുരളീധരന്‍, ഡെയില്‍ സ്റ്റെയ്ന്‍, സൈമണ്‍ കാറ്റിച്ച്, ഹേമങ് ബദാനി എന്നിവരെല്ലാം ഉള്‍പ്പെടുന്ന വന്‍നിരയാണ് ഹൈദരാബാദിന്റെ കോച്ചിംഗ് സംഘത്തിലുളളത്. കെയ്ന്‍ വില്യംസണാണ് ടീമിന്റെ ക്യാപ്റ്റന്‍. 

ഐപിഎല്ലിന് മുമ്പായുള്ള താരലേലം ഈ ഫെബ്രുവരിയില്‍ നടക്കാനിരിക്കെയാണ് ഹൈദരാബാദ് വരാന്‍ പോകുന്ന പൂരത്തിന്റെ സൂചന നല്‍കിയത്. ഓസ്‌ട്രേലിയക്കാരന്‍ ടോം മൂഡിയാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. ഓസീസിന്റെ ട്രവര്‍ ബെയ്‌ലിസാണ് മൂഡിക്ക് വഴിമാറിയത്. 2013 മുതല്‍ 2016 വരെ ഹൈദരാബാദിന്റെ കോച്ചായിരുന്നു മൂഡി. മൂഡിക്ക് കീഴില്‍ 2016ല്‍ കിരീടം നേടിയ ടീം നാല് തവണ പ്ലേഓഫിലും പ്രവേശിച്ചു. 

മുന്‍ ഓസ്‌ട്രേലിയന്‍ താരം സൈമണ്‍ കാറ്റിച്ചാണ് സഹപരിശീലകന്‍. മുമ്പ് ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരിശീലിപ്പിച്ചിട്ടുണ്ട് കാറ്റിച്ച്. ഹേമങ് ബദാനിയാണ് ടീമിന്റെ ഫീല്‍ഡിങ് കോച്ചായും നിയമിതനായി. സ്‌കൗട്ടും അദ്ദേഹത്തിന്റെ കീഴിലാണ് വരിക. ഇതിഹാസ സ്പിന്നറായ ശ്രീലങ്കയുടെ മുത്തൈയ്യ മുരളീധരനാണ് ഹൈദരബാദിന്റെ സ്പിന്‍ ബൗളിങ് പരിശീലകന്‍. കഴിഞ്ഞ തവണയും അദ്ദേഹം കൂടെയുണ്ടായിരുന്നു. 

വെസ്റ്റ് ഇന്‍ഡീസിന്റെ ഇതാഹസാതാര ബ്രയാന്‍ ലാറയാണ് ടീമിന്റെ ബാറ്റിങ് പരിശീലകന്‍. ടീമിന്റെ സ്ട്രാറ്റെജിക്ക് അഡൈ്വസറായും ലാറ പ്രവര്‍ത്തിക്കും. സാധാരണയായി ലാറയെ ഐപിഎല്‍ കമന്ററി ബോക്‌സില്‍ കാണാറുണ്ട്. എന്നാല്‍ ആദ്യമായിട്ടാണ് ലാറ ഒരു ഐപിഎല്‍ ടീമിന്റെ പരിശീലക സംഘത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍താരം ഡെയില്‍ സ്റ്റെയ്ന്‍ ടീമിന്റെ പേസ് ബൗളിങ് കോച്ചായും പ്രവര്‍ത്തിക്കും.

സ്റ്റെയ്ന്‍ ടീമിനൊപ്പം ചേരുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഈ വര്‍ഷം തുടക്കത്തിലാണ് അദ്ദേഹം സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. മുമ്പ് ഹൈദരാബാദ് ഉള്‍പ്പെടെയുള്ള നിരവധി ഐപിഎല്‍ ടീമുകള്‍ക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനാണ് അവസാനമായി കളിച്ചത്.