കഴിഞ്ഞ സീസണില്‍ വിവാദങ്ങള്‍ക്കൊടുവില്‍ നായകനായിരുന്ന ഡേവിഡ് വാര്‍ണറെ കൈവിട്ട ഹൈദരാബാദ് തങ്ങളുടെ തുരുപ്പു ചീട്ടായിരുന്ന സ്പിന്നര്‍ റാഷിദ് ഖാനെയും നഷ്ടമായിരുന്നു.
ഹൈദരാബാദ്: ഐപിഎല്‍ താരലേലത്തിന്(IPL Mega Auction) മുമ്പ് മുഖച്ഛായ മാറ്റാനൊരുങ്ങി സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad). പുതിയ സീസണിലേക്കുള്ള ടീമിന്‍റെ ഔദ്യോഗിക കിറ്റ് ഇന്ന് പുറത്തുവിട്ടു. ഓറഞ്ച് നിറത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ് പുതിയ ജേഴ്സി. കൈകളില്‍ കറുപ്പ് നിറവും നല്‍കിയിട്ടുണ്ട്.
പുതിയ സീസണിലേക്ക് പുതിയ മുഖവുമായാണ് ഹൈദരാബാദ് എത്തുന്നത്. വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ(Brian Lara) ആണ് ടീമിന്‍റെ പുതിയ ബാറ്റിംഗ് കോച്ചും സ്ട്രാറ്റജിക് അഡ്‌വൈസറും. ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍(Dale Steyn) ആണ് പേസ് ബൗളിംഗ് പരിശീലകന്‍. മുന്‍ ഇന്ത്യന്‍ താരം ഹേമങ് ബദാനി ഫീല്‍ഡിംഗ് പരിശീലകനായി എത്തുമ്പോള്‍ മുന്‍ ഓസീസ് താരം സൈമണ്‍ കാറ്റിച്ച് ആണ് സഹ പരിശീലകന്‍. മുന്‍ ഓസീസ് താരം ടോം മൂഡി മുഖ്യ പരിശീലകനാവുന്ന ടീമില്‍ സ്പിന്‍ ബൗളിംഗ് പരിശീലകനായി ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനുമുണ്ട്.
കഴിഞ്ഞ സീസണില്‍ വിവാദങ്ങള്‍ക്കൊടുവില്‍ നായകനായിരുന്ന ഡേവിഡ് വാര്‍ണറെ(David Warner) കൈവിട്ട ഹൈദരാബാദ് തങ്ങളുടെ തുരുപ്പു ചീട്ടായിരുന്ന സ്പിന്നര്‍ റാഷിദ് ഖാനെയും നഷ്ടമായിരുന്നു. ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും ഇത്തവണ സണ്‍റൈസേഴ്സ് കുപ്പായത്തിലുണ്ടാവില്ല. നായകനായി കെയ്ന്‍ വില്യംസണ്‍ തുടരും. വില്യംസണ്(14 കോടി) പുറമെ യുവതാരങ്ങളായ അബ്ദുള്‍ സമദ്(4 കോടി) ഉമ്രാന്‍ മാലിക്(4 കോടി) എന്നിവരെ മാത്രമാണ് ഇത്തവണ സണ്‍റൈസേഴ്സ് നിലനിര്‍ത്തിയത്.
2016ലെ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്സിന് കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. ടൂര്‍ണമെന്‍റിനിടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് വാര്‍ണറെ മാറ്റുകയും പിന്നീട് ടീമില്‍ നിന്നു തന്നെ ഒഴിവാക്കുകയും ചെയ്തത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.
