വിദേശ താരങ്ങള്‍ ഐപിഎല്ലിലേക്ക് ഒഴുകിയെത്തുന്നതിന് കാരണമുണ്ട്, ഐപിഎല്ലിന്‍റെ സാമ്പത്തിക കണക്കുകള്‍ അമ്പരപ്പിക്കും
മുംബൈ: ഐപിഎല്‍! ടി20 ഫ്രാഞ്ചൈസി ലീഗ് എന്നാല്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ആരാധകര്‍ക്കും ഒറ്റ പേരേയുള്ളൂ. താരപ്പകിട്ടും ഗ്ലാമറും വീറും വാശിയും പണക്കിലുക്കവും കൊണ്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ (IPL) വെല്ലാനൊരു ക്രിക്കറ്റ് ലീഗ് ലോകത്തില്ല. 2008 മുതല്‍ ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റ് അടക്കിഭരിക്കുന്ന ഐപിഎല്ലിലേക്ക് വിദേശ താരങ്ങളെ ആകര്‍ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്ത്?
പണം മുഖ്യം ബിഗിലേ...
മറ്റ് ടി20 ലീഗുകളേക്കാള്‍ പണക്കൊഴുപ്പ് നിറഞ്ഞതാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ഏറ്റവും കുറഞ്ഞ അടിസ്ഥാന വില ലഭിച്ചാല്‍ പോലും വിദേശ താരങ്ങള്‍ക്ക് കീശ നിറച്ച് ഇന്ത്യയില്‍ നിന്ന് മടങ്ങാം. നൂറോ ചിലപ്പോള്‍ 200 ശതമനത്തിലോ അധികമാണ് മറ്റ് ടി20 ലീഗുകളേക്കാള്‍ ഐപിഎല്ലില്‍ താരങ്ങള്‍ക്ക് പ്രതിഫലമായി ലഭിക്കുന്ന തുക എന്നുപറഞ്ഞാല്‍ അതിശയോക്‌തിയാവില്ല. ഐപിഎല്ലില്‍ കളിക്കുന്ന ചില താരങ്ങള്‍ക്ക് മറ്റ് ടി20 ലീഗുകളില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലമറിഞ്ഞാല്‍ ഈ കണക്കിന്‍റെ കൗതുകം മനസിലാകും.
ഡാര്‍സി ഷോര്‍ട്ട്
ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ടി20 ലീഗില്‍ ഹൊബാര്‍ട്ട് ഹറികെയ്‌ന്‍സിന്‍റെ ഓള്‍റൗണ്ടറായ ഡാര്‍സി ഷോര്‍ട്ടിന് രണ്ട് കോടി രൂപയാണ് പ്രതിഫലം. അതായത് ബിഗ് ബാഷിലെ ഉയര്‍ന്ന പ്രതിഫലക്കാരനാണ് ഷോര്‍ട്ട്. ഐപിഎല്ലില്‍ ഒരു സീസണില്‍ മാത്രമാണ് കളിക്കാനെത്തിയതെങ്കിലും താരത്തിനായി രാജസ്ഥാന്‍ റോയല്‍സ് അന്ന് 4 കോടി രൂപയാണ് മുടക്കിയത്.
റാഷിദ് ഖാന്‍
സ്‌പിന്‍ കെണി കൊണ്ട് ലോകത്തെ ഒട്ടുമിക്ക ടി20 ലീഗുകളിലും വിലപിടിപ്പുള്ള താരമാണ് അഫ്‌ഗാനില്‍ നിന്നുള്ള റാഷിദ് ഖാന്‍. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ടീമിനായി കളിക്കവെ 97 ലക്ഷം മുതല്‍ 1.2 കോടി വരെയാണ് റാഷിദിന്‍റെ പ്രതിഫലം. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് റോയല്‍സ് നല്‍കുന്ന പ്രതിഫലം 83 ലക്ഷവും. അതേസമയം ഐപിഎല്ലിലെത്തുമ്പോള്‍ 15 കോടിയാണ് ഇക്കുറി റാഷിദിന്‍റെ കീശയിലെത്തുന്നത്.
ഫാഫ് ഡുപ്ലസിസ്
ദക്ഷിണാഫ്രിക്കന്‍ തീപ്പൊരി ഓപ്പണറുടെ കാര്യത്തിലും പണത്തിലെ ഈ മേല്‍ക്കോയ്‌മ ഐപിഎല്ലില്‍ കാണാം. ബംഗ്ലാ പ്രീമിയര്‍ ലീഗില്‍ കോമില്ല വിക്‌ടോറിയന്‍ താരത്തിന് 93 ലക്ഷം മുതല്‍ 1.2 കോടി വരെയാണ് പ്രതിഫലം. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ 97 ലക്ഷം മുതല്‍ 2 കോടി വരെയും. ഐപിഎല്ലിവട്ടെ പ്രതിഫലം ഏഴ് കോടിയിലെത്തുന്നു.
മുഹമ്മദ് നബി
അഫ്‌ഗാന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായ മുഹമ്മദ് നബിക്ക് പിഎസ്എല്ലില്‍ കറാച്ചി കിംഗ്‌സില്‍ ലഭിക്കുന്നത് വെറും 44 ലക്ഷം മാത്രമാണ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഒടുവിലായി ലഭിച്ചത് 97 ലക്ഷം. ഐപിഎല്ലിലാവട്ടെ ഇക്കുറി മെഗാതാരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നബിയെ സ്വന്തമാക്കിയത് ഒരു കോടി രൂപ മുടക്കിയാണ്.
ക്രിസ് ഗെയ്‌ല്‍
ടി20 ക്രിക്കറ്റിലെ താരരാജാവായ ക്രിസ് ഗെയ്‌ലിനും പണസമ്പാദ്യത്തില്‍ ലോക ബാങ്കാണ് ഐപിഎല്‍. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ 74 ലക്ഷവും കരീബിയനില്‍ 1.19 കോടിയുമാണേല്‍ ഐപിഎല്ലില്‍ ഒടുവില്‍ ലഭിച്ച പ്രതിഫലം പഞ്ചാബ് കിംഗ്‌സില്‍ രണ്ട് കോടി രൂപയാണ്. അതേസമയം ഐപിഎല്ലില്‍ 8.4 കോടി രൂപവരെ ലഭിച്ച ചരിത്രവും ഗെയ്‌ലിനുണ്ട്. എ ബി ഡിവില്ലിയേഴ്‌സ്, ഡ്വെയ്‌ന്‍ ബ്രാവോ, ഡേവിഡ് വാര്‍ണര്‍ തുടങ്ങി എല്ലാ സൂപ്പര്‍താരങ്ങളുടേയും കാര്യം സമാനം.
ഞെട്ടാനിരിക്കുന്നതേയുള്ളൂ...
എന്തുകൊണ്ട് ഇത്ര ഭീമമായ തുക ഐപിഎല്ലില്‍ നിന്ന് താരങ്ങള്‍ക്ക് ലഭിക്കുന്നു എന്ന ചോദ്യമുയരുക സ്വാഭാവികം. സ്‌പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ്, കിറ്റ് വില്‍പനകള്‍ക്ക് പുറമെ ഭീമമായ മറ്റൊരു തുക ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്നതാണ് താരങ്ങള്‍ക്കായി ഇത്രയധികം കോടികളെറിയാന്‍ ടീമുകളെ സഹായിക്കുന്നത്. മീഡിയ റൈറ്റ്സ് വഴി ബിസിസിഐക്ക് ലഭിക്കുന്ന കോടികളുടെ പങ്ക് ടീമുകള്‍ക്ക് ലഭിക്കുന്നുണ്ട്. നിലവില്‍ സംപ്രേഷണ കരാറുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സ് അത് സ്വന്തമാക്കിയത് 16,347.50 രൂപയ്‌ക്കാണ് എന്നോര്‍ക്കുക.
ലോകത്ത് മറ്റൊരു ടി20 ഫ്രാഞ്ചൈസി ലീഗിനുമില്ലാത്ത സാമ്പത്തിക വരുമാനാണ് ഐപിഎല്ലിലൂടെ ഉള്‍ത്തിരിയുന്നത്. അതിനാല്‍ തന്നെ ടീമുകള്‍ക്ക് താരങ്ങളെ സ്വന്തമാക്കാന്‍ കൂടുതല്‍ തുക ചിലവഴിക്കാനാകുന്നു. ഐപിഎല്ലിനേക്കാള്‍ തുക താരങ്ങള്‍ക്ക് നല്‍കാന്‍ മറ്റ് ലീഗുകള്‍ക്ക് നിലവില്‍ കഴിയില്ല. 2023-2027 കാലഘട്ടത്തിലേക്കുള്ള ഐപിഎല്‍ സംപ്രേഷണവകാശത്തിലൂടെ ബിസിസിഐ 40000 കോടിയിലധികം രൂപയാണ് ലക്ഷ്യമിടുന്നത് എന്ന് പറയുമ്പോഴേ വരുംകാലത്ത് ഐപിഎല്ലിലെ പ്രതിഫല തുക അടക്കമുള്ള സാമ്പത്തിക കാര്യങ്ങളില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും എന്ന് അനുമാനിക്കാം.
