Asianet News MalayalamAsianet News Malayalam

IPL 2022 : 'സച്ചിന്റെ വിമര്‍ശനം അനവസരത്തില്‍'; ഐപിഎല്‍ ഫൈനലിനൊരുങ്ങുന്ന സഞ്ജുവിനെ പിന്തുണച്ച് വി ശിവന്‍കുട്ടി

പുറത്തായതിനേക്കാള്‍ പുറത്തായ രീതിയാണ് ആരാധകരെ വിഷമിപ്പിച്ചത്. 21 പന്തില്‍ 23 റണ്‍സുമായി നില്‍ക്കുമ്പോഴാണ് സഞ്ജു വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടും. നേരത്തെയും സഞ്ജു ആത്മവിശ്വാസത്തോടെ തുടങ്ങിയ ശേഷം വിക്കറ്റ് വലിച്ചെറിഞ്ഞിട്ടുണ്ട്.

ipl 2022 v sivankutty supports sanju samson after criticism of sachin tendulkar
Author
Thiruvananthapuram, First Published May 29, 2022, 5:26 PM IST

തിരുവനന്തപുരം: ഐപിഎല്‍ (IPL 2022) രാജസ്ഥാന്‍ റോയല്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടാം ക്വാളിഫയറില്‍ സഞ്ജു സാംസണ്‍ (Sanju Samson) പുറത്തായ രീതി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ടീം മികച്ച നിലയില്‍ നില്‍ക്കെ ആര്‍സിബി സ്പിന്നര്‍ വാനിന്ദു ഹസരങ്കയ്‌ക്കെതിരെ (Wanindu Hasarnaga) അനാവശ്യ ഷോട്ടിന് മുതിര്‍ന്നാണ് താരം പുറത്തായി. ഹസരങ്കയുടെ ഗൂഗ്ലി മനസിലാക്കുന്നതില്‍ പരാജയപ്പെട്ട സഞ്ജുവിനെ ആര്‍സിബി വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. സീസണില്‍ ആര്‍സിബിക്കെതിരെ കളിച്ച മൂന്ന് മത്സരങ്ങളിലും സഞ്ജു പുറത്തായത് ഹസരങ്കയുടെ പന്തിലായിരുന്നു.

പുറത്തായതിനേക്കാള്‍ പുറത്തായ രീതിയാണ് ആരാധകരെ വിഷമിപ്പിച്ചത്. 21 പന്തില്‍ 23 റണ്‍സുമായി നില്‍ക്കുമ്പോഴാണ് സഞ്ജു വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടും. നേരത്തെയും സഞ്ജു ആത്മവിശ്വാസത്തോടെ തുടങ്ങിയ ശേഷം വിക്കറ്റ് വലിച്ചെറിഞ്ഞിട്ടുണ്ട്. മുന്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ താരത്തെ വിമര്‍ശിച്ച്  രംഗത്തെത്തി. കഴിഞ്ഞ ദിവസം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുക്കല്‍ വരെ താരത്തിന്റെ ഷോട്ട് സെലക്ഷനെ വിമര്‍ശിച്ചു.

സഞ്ജു ക്രീസിലുണ്ടായിരുന്നെങ്കില്‍ രാജസ്ഥാന് നേരത്തെ മത്സരം പൂര്‍ത്തിയാക്കാമായിരുന്നുവെന്ന് സച്ചിന്‍ നിരീക്ഷിച്ചു. ഹസരങ്കയ്‌ക്കെതിരെ ആ ഷോട്ട് ഒഴിവാക്കാമായിരുന്നുവെന്നും സച്ചിന്‍ തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞത്. ഇപ്പോള്‍ സച്ചിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയാണ് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സച്ചിന്റെ അഭിപ്രായം മാനിക്കുന്നുവെന്നും, എന്നാല്‍ വിമര്‍ശനം അനവസരത്തിലായിരുന്നുവെന്ന് ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

ശിവന്‍കുട്ടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം. ''ഐ പി എല്‍ ഫൈനല്‍ നടക്കാനിരിക്കെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നടത്തിയ സഞ്ജു വിമര്‍ശനം അനുചിതമാണെന്ന് സൂചിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ഫൈനലില്‍  എത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍ നേതൃത്വം നല്‍കുന്ന രാജസ്ഥാന്‍ റോയല്‍സ്. ഒരു മലയാളി ഇത്തരമൊരു ഉന്നതിയിലേക്ക് ഒരു ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ചരിത്രമാണ്. ഇതുവരെയുള്ള ഫോം തുടര്‍ന്നാല്‍ കപ്പ് ഉയര്‍ത്താനുള്ള ശേഷി ആ ടീമിനും സഞ്ജുവിന്റെ നായക സ്ഥാനത്തിനുമുണ്ട്. ഈ അവസരത്തില്‍ ആത്മവിശ്വാസം കെടുത്തുന്ന പരാമര്‍ശം സച്ചിനെപ്പോലുള്ള ഉന്നത കളിക്കാരനില്‍ നിന്ന് ഉണ്ടാകരുതായിരുന്നു.'' അദ്ദേഹം കുറിച്ചിട്ടു.

ഐപിഎല്‍ ഫൈനലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. രാത്രി എട്ട് മണിക്ക് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം. ഇരുവരും രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഗുജറാത്തിനായിരുന്നു ജയം. ഇന്ന് ടോസ് നിര്‍ണായകമാവും. ആര്‍സിബിക്കെതിരെ ടോസ് നേടിയ സഞ്ജു സാംസണ്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
 

Follow Us:
Download App:
  • android
  • ios