Asianet News MalayalamAsianet News Malayalam

IPL 2022 : 4, 6, 6, 6, 6! ബേബി എബിഡിയുടെ ആറാട്ട് കണ്ട് കണ്ണുതള്ളി ആരാധകര്‍- വീഡിയോ

ഇക്കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെയും ക്രീസില്‍ നിറഞ്ഞാടി ഡെവാൾഡ് ബ്രെവിസ്

IPL 2022 Watch Dewald Brevis 4 Consecutive Sixes vs PBKS spinner Rahul Chahar
Author
Pune, First Published Apr 14, 2022, 10:43 AM IST

പൂനെ: പതിനെട്ടാം വയസില്‍ ഇങ്ങനെയുണ്ടോ ബാറ്റുകൊണ്ട് ക്രീസില്‍ കൂസലില്ലാതെ പൊതിരെത്തല്ല്! കഴിഞ്ഞ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കണ്ടവര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ കൗമാരതാരം ഡെവാൾഡ് ബ്രെവിസിന്‍റെ (Dewald Brevis) ബാറ്റിംഗ് പവര്‍ മറക്കാനാവില്ല. സാക്ഷാല്‍ എബിഡിയെ ഓര്‍മ്മിപ്പിച്ച് മൈതാനത്തിന്‍റെ തലങ്ങുംവിലങ്ങും പന്ത് പറത്തുകയായിരുന്നു താരം. ഐപിഎല്ലില്‍ (IPL 2022) ബ്രെവിസിനെ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) റാഞ്ചിയപ്പോഴും കണ്ടത് ഇതേ ബാറ്റിംഗ് പൂരമായിരുന്നു. 

ഇക്കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെയും ക്രീസില്‍ നിറഞ്ഞാടി ഡെവാൾഡ് ബ്രെവിസ്. പഞ്ചാബ് സ്‌പിന്നര്‍ രാഹുല്‍ ചാഹറിനെ തുടര്‍ച്ചയായ നാല് സിക്‌സറുകള്‍ക്ക് പറത്തി ബ്രെവിസ്. ഇതിലൊരു പന്ത് പതിച്ചത് 112 മീറ്റര്‍ ദൂരെ. 4, 6, 6, 6, 6 എന്നിങ്ങനെയായിരുന്നു ഈ ഓവറില്‍ ബ്രെവിസിന്‍റെ ബ്രേവ് ഷോട്ടുകള്‍. എന്നാല്‍ ഒരു നിരാശയോടെയാണ് തന്‍റെ വെടിക്കെട്ട് ഡെവാൾഡ് ബ്രെവിസ് അവസാനിപ്പിച്ചത്. ഐപിഎല്ലില്‍ അര്‍ധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ വിദേശ താരം എന്ന റെക്കോര്‍ഡ് താരത്തിന് തലനാരിഴയ്‌ക്ക് നഷ്‌ടമായി. 25 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സറും സഹിതം 49 റണ്‍സെടുത്ത താരം അര്‍ഷ്‌ദീപിന്‍റെ പന്തില്‍ ഒഡീന്‍ സ്‌മിത്തിന്‍റെ ക്യാച്ചില്‍ അവസാനിച്ചു. 

ഡെവാൾഡ് ബ്രെവിസ് തിളങ്ങിയെങ്കിലും മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തോറ്റു. സീസണില്‍ മുംബൈയുടെ അഞ്ചാം തോല്‍വിയാണിത്. ആവേശപ്പോരിൽ പഞ്ചാബ് കിംഗ്‌സ് 12 റൺസിനാണ് മുംബൈയെ തോൽപ്പിച്ചത്. 198 റൺസ് പിന്തുടർന്ന മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 186 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. നായകന്‍ രോഹിത് ശര്‍മ്മ 28ഉം ഇഷാന്‍ കിഷന്‍ മൂന്നും റണ്‍സില്‍ പുറത്തായി. ഡിവാള്‍ഡ് ബ്രെവിസ് (49), സൂര്യകുമാര്‍ യാദവ് (43) എന്നിവര്‍ തിളങ്ങിയെങ്കിലും ജയിപ്പിക്കാനായില്ല. തിലക് വര്‍മ്മ 20 പന്തില്‍ 36 റണ്‍സെടുത്തു. കീറോണ്‍ പൊള്ളാര്‍ഡ് 10 റണ്ണില്‍ മടങ്ങി. രണ്ട് വിക്കറ്റ് നേടിയ കഗിസോ റബാദ പഞ്ചാബ് ബൗളര്‍മാരില്‍ തിളങ്ങി. 

നേരത്തെ ശിഖര്‍ ധവാന്‍ (70), മായങ്ക് അഗര്‍വാള്‍ (52) എന്നിവരുടെ ഇന്നിംഗ്‌സാണ് പഞ്ചാബിന് തുണയായത്. ഗംഭീര തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. മായങ്ക്- ധവാന്‍ ഓപ്പണിംഗ് സഖ്യം 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജോണി ബെയര്‍സ്റ്റോ 12ഉം ലിയാം ലിവിംഗ്‌സ്റ്റണ്‍ രണ്ടും റണ്‍സെടുത്ത് പുറത്തായപ്പോള്‍ 15 പന്തില്‍ 30 റണ്‍സെടുത്ത ജിതേഷ് ശര്‍മ്മയുടെയും ആറ് പന്തില്‍ 15 റണ്‍സെടുത്ത ഷാരൂഖ് ഖാന്‍റെയും വെടിക്കെട്ട് നിര്‍ണായകമായി. ഒഡീന്‍ സ്‌മിത്ത് 1 റണ്ണുമായി പുറത്താകാതെ നിന്നു. മുംബൈ ഇന്ത്യന്‍സിനായി മലയാളി പേസര്‍ ബേസില്‍ തമ്പി രണ്ട് വിക്കറ്റ് വീഴ്‌ത്തി.

Follow Us:
Download App:
  • android
  • ios