സണ്‍റൈസേഴ്‌സിന്‍റെ അതിവേഗ പന്തേറുകാരന്‍ ഉമ്രാന്‍ മാലിക്കിനെ തേഡ് മാനിലൂടെ സിക്‌സറിന് പറത്തുകയായിരുന്നു നിതീഷ് റാണ

മുംബൈ: ഐപിഎല്ലില്‍ (IPL 2022) നിതീഷ് റാണയ്‌ക്ക് (Nitish Rana) നല്ല ദിവസമായിരുന്നു ഇന്നലെ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ (Sunrisers Hyderabad) കൊല്‍ക്കത്തയ്‌ക്കായി (Kolkata Knight Riders) റാണ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി നേടി. മത്സരം സണ്‍റൈസേഴ്‌സ് ഏഴ് വിക്കറ്റിന് ജയിച്ചെങ്കിലും റാണയ്‌‌ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതായിരുന്നു ബാറ്റിംഗ് പ്രകടനം. രണ്ട് സിക്‌സറുകള്‍ റാണയുടെ ബാറ്റില്‍ നിന്ന് പിറന്നപ്പോള്‍ അതിലൊന്ന് ഡഗൗട്ടിലെ ഫ്രിഡ്‌ജിന്‍റെ ഗ്ലാസ് തകര്‍ത്തു. 

സണ്‍റൈസേഴ്‌സിന്‍റെ അതിവേഗ പന്തേറുകാരന്‍ ഉമ്രാന്‍ മാലിക്കിനെ തേഡ് മാനിലൂടെ സിക്‌സറിന് പറത്തുകയായിരുന്നു നിതീഷ് റാണ. ബൗണ്ടറിലൈനിന് പുറത്ത് പതിച്ച പന്ത് സണ്‍റൈസേഴ്‌സ് ഡഗൗട്ടിലെ ഫ്രിഡ്‌ജിന്‍റെ ഗ്ലാസ് തവിടുപൊടിയാക്കി. ഫ്രഡ്‌ജിന്‍റെ ഗ്ലാസ് തകരുന്ന ദൃശ്യങ്ങള്‍ ഏറെത്തവണ ബിഗ് സ്‌ക്രീനില്‍ കാണിച്ചു. താരങ്ങളും കമന്‍റേറ്റര്‍മാരും ഫ്രിഡ്‌ജ് തകര്‍ന്നതുകണ്ട് അതിശയിച്ചു. 

Scroll to load tweet…

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം നിതീഷ് റാണയുടെയും ആന്ദ്രേ റസലിന്‍റേയും ചുമലിലേറി നിശ്ചിത ഓവറില്‍ 8 വിക്കറ്റിന് 175 റണ്‍സെടുത്തു. റാണ 36 പന്തില്‍ 54 ഉം റസല്‍ 25 പന്തില്‍ 49* ഉം റണ്‍സ് നേടി. ടി നടരാജന്‍ മൂന്നും ഉമ്രാന്‍ മാലിക് രണ്ടും വിക്കറ്റ് വീഴ്‌ത്തി. 

മറുപടി ബാറ്റിംഗില്‍ 176 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ സണ്‍റൈസേഴ്‌സ് നേടി. രാഹുല്‍ ത്രിപാഠി 37 പന്തില്‍ 71 റണ്‍സും എയ്‌ഡന്‍ മാര്‍ക്രം 36 പന്തില്‍ 68* റണ്‍സും പേരിലാക്കി. മാര്‍ക്രമിനൊപ്പം നിക്കോളാസ് പുരാന്‍ (8 പന്തില്‍ 5*) പുറത്താകാതെ നിന്നു. ആന്ദ്രേ റസല്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി. നേരത്തെ ബാറ്റിംഗിലും റസല്‍ തിളങ്ങിയിരുന്നു. ജയത്തോടെ സണ്‍റൈസേഴ്‌സ് പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. തോറ്റെങ്കിലും കൊല്‍ക്കത്ത പക്ഷേ നാലാമതുണ്ട്. 

IPL 2022 : ത്രിപാഠി വെടിക്കെട്ടിന് തിരികൊളുത്തി, മാര്‍ക്രം ആളിക്കത്തിച്ചു; സണ്‍റൈസേഴ്‌സിന് ത്രില്ലര്‍ ജയം