സച്ചിന് വരെ ഇരിപ്പുറച്ചില്ല, അമ്മാതിരി അടി! ബേബി എബിഡിയുടെ വെടിക്കെട്ട് കണ്ടപാടെ ഗ്രൗണ്ടിലിറങ്ങി ഇതിഹാസങ്ങള്‍

പൂനെ: ഐപിഎല്ലില്‍ (IPL 2022) ഒരു പതിനെട്ടുകാരന്‍റെ പത്തരമാറ്റ് വെടിക്കെട്ടിനാണ് ഇന്നലെ ആരാധകര്‍ സാക്ഷികളായത്. പഞ്ചാബ് കിംഗ്‌സ് സ്‌പിന്നര്‍ രാഹുല്‍ ചാഹറിനെ (Rahul Chahar) തുടര്‍ച്ചയായി നാല് സിക്‌സറിന് പറത്തി നിറ‌ഞ്ഞാടുകയായിരുന്നു മുംബൈ ഇന്ത്യന്‍സിന്‍റെ (Mumbai Indians) കൗമാര സെന്‍സേഷന്‍ ഡെവാൾഡ് ബ്രെവിസ് (Dewald Brevis). ബ്രെവിസിന്‍റെ ബ്രേവ് വെടിക്കെട്ട് കണ്ട് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പോലും കസേരയില്‍ ഇരിപ്പുറച്ചില്ല. 

മത്സരത്തിലെ ടൈംഔട്ടിനിടെ ഡെവാൾഡ് ബ്രെവിസിനെ അഭിനന്ദിക്കാന്‍ മുംബൈ ഇന്ത്യന്‍സ് നിരയാകെ ഗ്രൗണ്ടിലെത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയായിരുന്നു ഇവരില്‍ മുന്നില്‍. മുഖ്യ പരിശീലകന്‍ മഹേള ജയവര്‍ധനെ, ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്‌ടര്‍ സഹീര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം ടീം ഉപദേഷ്‌ടാവും മുന്‍ നായകനുമായ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും മൈതാനമധ്യത്തെത്തി. നിറഞ്ഞ ചിരിയോടെ ബ്രെവിസുമായി സച്ചിനും മഹേളയും ഹിറ്റ്‌മാനും സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ആ ദൃശ്യങ്ങള്‍ കാണാം...

Scroll to load tweet…
Scroll to load tweet…

ഈ കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി പുറത്തെടുത്ത വെടിക്കെട്ടോടെയാണ് 18കാരനായ ഡെവാൾഡ് ബ്രെവിസ് ശ്രദ്ധ നേടിയത്. ബാറ്റിംഗ് ശൈലിയും വെടിക്കെട്ടും കൊണ്ട് ബേബി എബിഡിയെന്ന് ബ്രെവിസ് വിളിക്കപ്പെട്ടു. പിന്നാലെ അത്ഭുത താരത്തെ മുംബൈ മെഗാതാരലേലത്തില്‍ റാഞ്ചുകയായിരുന്നു. ഇതിഹാസ ബാറ്റര്‍ എ ബി ഡിവില്ലിയേഴ്‌‌സിനോടുള്ള താരതമ്യം ശരിവെച്ച് തകര്‍പ്പന്‍ തുടക്കമാണ് ബ്രെവിസ് ഐപിഎല്ലില്‍ നേടിയത്. അത് തുടരുകയായിരുന്നു പഞ്ചാബ് കിംഗ്‌സിനെതിരെയും. 

പഞ്ചാബ് സ്‌പിന്നര്‍ രാഹുല്‍ ചാഹറിനെ തുടര്‍ച്ചയായ നാല് സിക്‌സറുകള്‍ക്ക് പറത്തി ബ്രെവിസ്. ഇതിലൊരു പന്ത് പതിച്ചത് 112 മീറ്റര്‍ ദൂരെ. 4, 6, 6, 6, 6 എന്നിങ്ങനെയായിരുന്നു ഈ ഓവറില്‍ ബ്രെവിസിന്‍റെ ബ്രേവ് ഷോട്ടുകള്‍. എന്നാല്‍ ഒരു നിരാശയോടെയാണ് തന്‍റെ വെടിക്കെട്ട് ഡെവാൾഡ് ബ്രെവിസ് അവസാനിപ്പിച്ചത്. ഐപിഎല്ലില്‍ അര്‍ധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ വിദേശ താരം എന്ന റെക്കോര്‍ഡ് താരത്തിന് തലനാരിഴയ്‌ക്ക് നഷ്‌ടമായി. 25 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സറും സഹിതം 49 റണ്‍സെടുത്ത താരം അര്‍ഷ്‌ദീപിന്‍റെ പന്തില്‍ ഒഡീന്‍ സ്‌മിത്തിന്‍റെ ക്യാച്ചില്‍ പുറത്തായി. 

IPL 2022 : 4, 6, 6, 6, 6! ബേബി എബിഡിയുടെ ആറാട്ട് കണ്ട് കണ്ണുതള്ളി ആരാധകര്‍- വീഡിയോ