എട്ട് പന്തുകള്‍ മാത്രം ബാറ്റ് ചെയ്ത ആര്‍സിബി താരം നാല് സിക്‌സറും ഒരു ഫോറും ഉള്‍പ്പടെ പുറത്താകാതെ 30 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ദിനേശ് കാര്‍ത്തിക്കിന്‍റെ (Dinesh Karthik) തീപ്പൊരി വെടിക്കെട്ടാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തില്‍ (SRH vs RCB) കണ്ടത്. എട്ട് പന്തുകള്‍ മാത്രം ബാറ്റ് ചെയ്ത ആര്‍സിബി താരം നാല് സിക്‌സറും ഒരു ഫോറും ഉള്‍പ്പടെ പുറത്താകാതെ 30 റണ്‍സ് അടിച്ചുകൂട്ടി. ഡികെയുടെ ബാറ്റിംഗില്‍ ആര്‍സിബി മുന്‍ നായകന്‍ വിരാട് കോലി (Virat Kohli) അത്യാഹ്‌ളാദവാനായി. പിന്നാലെ കോലി കാട്ടിയൊരു നല്ല മാതൃക ആരാധകരുടെ മനം കീഴടക്കി. 

വീണ്ടുമൊരിക്കല്‍ കൂടി ഗോള്‍ഡണ്‍ ഡക്കായി മടങ്ങിയതൊന്നും വിരാട് കോലിയെ ആഘോഷത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയില്ല. മിന്നല്‍ ബാറ്റിംഗിന് ശേഷം ഡ്രസിംഗ് റൂമിലെത്തിയ ദിനേശ് കാര്‍ത്തിക്കിനെ ആലിംഗനം ചെയ്‌‌താണ് കോലി സ്വീകരിച്ചത്. ഗോള്‍ഡണ്‍ ഡക്കായ ശേഷം മൂഡ് പോയ കോലി പൊട്ടിച്ചിരിക്കുന്നത് വീഡിയോയില്‍ കാണാനായി. കോലിയുടെ നല്ല മാതൃകയെ അഭിനന്ദിച്ച് നിരവധി ആരാധകര്‍ ട്വിറ്ററില്‍ രംഗത്തെത്തി. ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസ് അര്‍ധസെഞ്ചുറി നേടിയപ്പോഴും കോലി സന്തോഷം പ്രകടിപ്പിച്ചു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

മത്സരത്തില്‍ 67 റണ്‍സിന് വിജയിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ആര്‍സിബി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടി. വിരാട് കോലി പൂജ്യത്തില്‍ മടങ്ങിയപ്പോള്‍ 50 പന്തില്‍ പുറത്താകാതെ 73 റണ്‍സുമായി ഫാഫ് ഡുപ്ലസിസും 38 പന്തില്‍ 48 റണ്‍സുമായി രജത് പാട്ടീദാറും 24 പന്തില്‍ 33 റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലും എട്ട് പന്തില്‍ പുറത്താകാതെ 30 എടുത്ത് ദിനേശ് കാര്‍ത്തിക്കും തിളങ്ങി. അവസാന ഓവറില്‍ 25 റണ്‍സാണ് ആര്‍സിബി അടിച്ചെടുത്തത്. ഇതില്‍ 22 റണ്‍സും കാര്‍ത്തിക്കിന്‍റെ ബാറ്റില്‍ നിന്നായിരുന്നു. 

മറുപടി ബാറ്റിംഗില്‍ ഹൈദരാബാദ് 19.2 ഓവറില്‍ 125 റണ്‍സില്‍ എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ വനിന്ദു ഹസരങ്കയാണ് ബാംഗ്ലൂരിനെ വിജയത്തിലേക്ക് നയിച്ചത്. ഹൈദരാബാദ് നിരയില്‍ രാഹുല്‍ ത്രിപാഠിയൊഴികെ (37 പന്തില്‍ 58) മറ്റാര്‍ക്കും തിളങ്ങാനായില്ല. ജോഷ് ഹേസല്‍വുഡ് രണ്ടും ഗ്ലെന്‍ മാക്‌സ്‌വെല്ലും ഹര്‍ഷല്‍ പട്ടേലും ഓരോ വിക്കറ്റും വീഴ്‌ത്തി.

ഹസരങ്കയ്ക്ക് അഞ്ച് വിക്കറ്റ്, ഹൈദരാബാദിന് തുടര്‍ച്ചയായ നാലാം തോല്‍വി; ആര്‍സിബിക്ക് പ്ലേ ഓഫ് പ്രതീക്ഷ